
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയായ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാമിന് കണ്ണീരോടെ വിട നൽകി നാട് . പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള യാത്രമൊഴിയും കേന്ദ്രമന്ത്രി സംസ്‌കാര ചടങ്ങില്‍ അറിയിച്ചു.
ആലിന്‍ ഷെറിന്‍ എബ്രഹാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കും നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്കും ജനപ്രവാഹമായിരുന്നു.
ഫെബ്രുവരി അഞ്ചാം തീയതി ചിങ്ങവനത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
സ്വന്തം കുഞ്ഞിന്റെ വേർപാടിൽ ഹൃദയം നുറുങ്ങി നിൽക്കുമ്പോഴും മറ്റുള്ളവർക്ക് പ്രകാശമേകാൻ അവയവദാനത്തിന് സമ്മതം മൂളിയ പിതാവ് അരുൺ എബ്രഹാമിനെയും മാതാവ് ഷെറിനെയും നന്ദിയോടെയും ആദരവോടെയുമാണ് നാട് ഓർക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനം അഞ്ചു കുടുംബങ്ങൾക്കാണ് പ്രതീക്ഷയായത്.