
വ്രതം എടുത്തു മഹാദേവനെ കാണാൻ എത്തുമ്പോൾ സ്വപ്നത്തിൽ പോലും ഓർത്തില്ല ഇങ്ങനെ ഒരു അനുഭവം.
നീണ്ട ക്യൂവിൽ നിന്ന് തിരക്കിൽപ്പെട്ട് ആ തിരുനടയിൽ എത്തുമ്പോൾ ശ്രീ കോവിലിൽ നിന്നും നിറഞ്ഞ പ്രകാശം കണ്ടുവോ കണ്ടില്ല.

ഒന്ന് കാണാൻ കണ്ണുകൾ പരതുമ്പോൾ ബലി കല്ലിലേയ്ക്ക് വീഴുകയാണ് വൃദ്ധയായ സ്ത്രീ.ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട് നിന്റെ കടമ ഇപ്പോൾ അവരെ രക്ഷിക്കുക എന്നതാണ്.
അവരെ കോരി ഒരു കൈയിൽ എടുക്കുമ്പോൾ മറു കൈയിൽ മറ്റാരോ കൂടി ഉയർത്തുന്നു.
അപ്പോഴും ഭക്തർ സ്വയം മറന്നു പ്രാർത്ഥന തുടരുന്നു.വൃദ്ധയായ ആ അമ്മ പോയ ശേഷം കണ്ടത് നട അടച്ചതാണ്.
എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞു. കാണാതെ പറയാതെ നടന്നു നീങ്ങി.ഉള്ളിൽ എവിടെയോ ഉത്തരം കിട്ടാത്ത വേദന ഉറഞ്ഞു കൂടുന്നു.
പല ചോദ്യവും ഉത്തരമില്ലാത്തതാകുന്നു.
കഴിഞ്ഞ ശിവരാത്രിയുടെ ഓർമ്മകൾ വീണ്ടും മനസ്സിലേയ്ക്കെത്തി നോക്കുന്നു.
സുഹൃത്തിനൊപ്പം മധ്യ പ്രദേശിലെ ശിവക്ഷേത്രത്തിലെത്തുമ്പോൾ അവിടെ പല വിധ പഴങ്ങളും ഭഗവാന് നേരിട്ട് സമർപ്പിക്കുന്നവർ.
പൂജാരിക്കുമപ്പുറംനിന്ന് സ്ത്രീകളാണ് പൂജ ചെയ്യുന്നത്.
പാലഭിഷേകം തൊട്ട് അവർ ചെയ്യുന്നു.
ചുറ്റും ഉയരുന്ന ധൂപങ്ങൾ.. ഉത്തരേന്ത്യൻ സുന്ദരി മാരുടെ നീണ്ട നിര.തന്റെ നല്ല പാതിയ്ക്കൊപ്പം അഭിമാനത്തോടെ നിൽക്കുന്ന പെൺ കിടാങ്ങൾ.
ചില കണ്ണുകളിൽ നിന്നും കണ്ണീർ ധാരയായ് ഒഴുകുന്നു. പതിയെ നഷ്ടപ്പെട്ട പെണ്ണിന്റെ കണ്ണീരിന് ചുട്ടു പൊള്ളുന്ന ലാവ യുടെ ചൂടുണ്ടെന്നു തോന്നി പോയി..
ഓരോ ശിവ രാത്രികളും ഓരോ ഓർമ്മകളാണ്.
പതിവ്രതയായ പെണ്ണിനും അവളുടെ നഷ്ടത്തിന്റെ കാരണം അറിയില്ല.
ആ നഷ്ടത്തിന്റെ ഉള്ളുലഞ്ഞ വേദന കണ്ണുകളിൽ കാണാം.
പൂക്കളും പഴങ്ങളും പാലും നൽകി മടങ്ങുന്ന ഓരോ പെണ്ണും പ്രാർത്ഥന കൊണ്ടൊരു നിതാന്ത ബന്ധം ഈശ്വരനോട് ചേർത്തു വെയ്ക്കുന്നു.