Image

ശബരിമല യുവതീപ്രവേശനം: ഇനി ഒളിച്ചുകളി പറ്റില്ല, സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശൻ

Published on 15 February, 2026
ശബരിമല യുവതീപ്രവേശനം: ഇനി ഒളിച്ചുകളി പറ്റില്ല, സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശൻ

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയണം. വിഡി സതീശന്‍ ആവശ്യപ്പെട്ടു.

യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ?. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്. ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം.

ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് എന്നു വ്യക്തമാകാന്‍ പോകുന്നത്. അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍, യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കും. നാളെ സുപ്രീംകോടതിയില്‍ കേസു വരുമ്പോള്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രിയാണ് പറയേണ്ടത്. സമയം നീട്ടി ചോദിച്ചാല്‍ അതിനര്‍ത്ഥം തീരുമാനം ഇല്ലെന്നാണ്. നിലപാട് മാറിയെങ്കില്‍, മുന്‍ സത്യവാങ്മൂലം മാറ്റി നല്‍കാന്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.

അയ്യപ്പന്റെ പേരിലാണ് മുഴുവന്‍ കൊള്ളയും അതിക്രമവും നടന്നത്, ആയിരക്കണക്കിന് ആളുകളുടെ പേരില്‍ കേസുകളെടുത്തു. ഇപ്പോള്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി കോടികളാണ് സിപിഎം അടിച്ചുമാറ്റിയത്. സിപിഎം നേതൃത്വത്തിന് ഇതില്‍ പങ്കുണ്ട്. സംഗമത്തിന്റെ ഫ്‌ലക്‌സ് കേരളം മുഴുവന്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സിപിഎം ശ്രമിച്ചു. മുമ്പ് സര്‍ക്കാര്‍ മുമ്പന്തിയിലുണ്ടായിരുന്നു. എന്നാല്‍ വിവാദമായതോടെ, ഫണ്ട് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന് ഒരു പങ്കുമില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പരസ്യം വെച്ചത് എന്തിനാണ്?  കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചെലവഴിച്ചത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്ത്, സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വം ബോര്‍ഡാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക