Image

അതേ വരെയില്ലാത്തൊരു മനോഹാരിത : മിനി ആന്റണി

Published on 14 February, 2026
അതേ വരെയില്ലാത്തൊരു  മനോഹാരിത : മിനി ആന്റണി

എല്ലാ പ്രണയദിനത്തിലും ഞാനയാളെ ഓർക്കാറുണ്ട്. കമൽഹാസൻ്റെ മുഖഛായ ഉള്ള വലിയ വട്ടച്ചോറ്റുപാത്രം മടിയിൽ വച്ച(അതെന്താ ബാഗിലൊന്നും വയ്ക്കാഞ്ഞത് എന്ന് ഇപ്പൊഴോർക്കുന്നു)

ആ ചേട്ടനെ. പഠിക്കാൻ പോയതായിരുന്നോ അതോ ജോലിക്കോ? പഠിക്കാനായിരിക്കണം. അല്ലെങ്കിൽ നാല് നാലേക്കാൽ മണിക്ക് ഒല്ലൂർ നിന്ന് ഞാൻ ബസിൽ കേറുമ്പോ കാണുമായിരുന്നില്ലല്ലോ.

എട്ടിലും ഒമ്പതിലും പഠിക്കുന്ന സമയത്ത്. ബസിൽ കയറിയാൽ ചെറിയ കുട്ടികളൊക്കെ ( ഞാനന്ന് ക്ലാസിലെ തീരെ ഉയരം കുറഞ്ഞ കുട്ടിയിരുന്നു.) സീറ്റിൻ്റെ ഇടയിൽ കയറി നിന്നോണം. എന്നാ കണ്ടക്ടറുടെ നിയമം. മിക്കവാറും ഞാനാ ചേട്ടനിരിക്കുന്ന സീറ്റിനിടയിലാണ് നിൽക്കാറ്. അന്നിന്നത്തെ പോലെ പീഡനങ്ങൾ അധികമില്ല. എനിക്കോ കൂട്ടുകാർക്കോ അങ്ങനെ ഒരനുഭവമില്ലാത്തതിനാൽ ഞാനങ്ങനെ കരുതുന്നു.

ഞാൻ ചെല്ലുമ്പോൾ ആ ചേട്ടൻ ചിരിക്കും. ബാഗ് വാങ്ങി മടിയിൽ വയ്ക്കും. ഈ ചേട്ടനെ കല്യാണം കഴിക്കാൻ പറ്റിയാ മതിയാരുന്നു എന്ന് ഞാനപ്പോ വിചാരിക്കും.

ഒരു പക്ഷേ അതാണെൻ്റെ ആദ്യ പ്രണയം. അല്ലെങ്കിലിപ്പഴും ഞാനിതോർത്തിരിക്കില്ലല്ലോ. ലോകത്തിൻ്റെ ഒരു കോണിലിരുന്ന് ഇങ്ങനെ എത്രയോ പേർ എത്രയോ പേരെ ഓർക്കുന്നുണ്ടാകും? അപ്പുറത്തുള്ളവരറിയാതെ!

വസന്തത്താൽ

പ്രണയിക്കപ്പെടുന്ന

മരങ്ങൾ പോലെയാണ്

പ്രണയിക്കപ്പെടുന്ന മനുഷ്യരും.

അതേ വരെയില്ലാത്തൊരു

മനോഹാരിത

മറ്റുള്ളവരവരിലും

അവർ മറ്റുള്ളവരിലും കാണും.

എന്നെന്നും പ്രണയിക്കാനും

പ്രണയിക്കപ്പെടാനുമാശംസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക