
പണ്ടു താനയാളെ
പ്രണയിച്ചിരുന്നെന്നും
അയാൾ
വരുന്നതിൻ്റെ
തലേ രാത്രി
ഉറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും
നേരം വെളുപ്പിച്ച്
ഉള്ളതിൽ നല്ല
ആടയും തോടയും
ആമാടയും കെട്ടി
ഏഴരവെളുപ്പിനേ
സമാഗമം കുറിച്ചിടത്തെത്തി
ഇരിക്കാനും
നിക്കാനുമൊക്കാതെ
വരും ദിക്കിലേക്കു
മാത്രം നോക്കി
ഒറ്റനില്പു നിന്നിരുന്നെന്നും
തുള്ളി വെള്ളം
കുടിക്കാതെ
വെറും വയറ്റിലങ്ങനെ
നിന്നു നിന്ന്
മൂത്രം മുട്ടി
അടിവയറുകടഞ്ഞും
ഗ്യാസുകെട്ടി
നെഞ്ചു വിലങ്ങിയും
ഇപ്പോൾ ചത്തുപോകുമെന്നു
പേടിച്ചിരുന്നെന്നും
അയാളെയൊറ്റ
നോട്ടമെങ്കിലും
കാണും മുന്നേ
ആ നിലത്തു
കുഴഞ്ഞുലർന്നു
ചത്തുവീഴുന്നതോർത്തു
വിറച്ചിരുന്നെന്നും
ഇപ്പോഴോർത്താൽ
അവൾക്കു കലികൊണ്ടു
വിറ വരും.
പറഞ്ഞുറപ്പിച്ചതിലും
വൈകി
ഉണരാൻ
വൈകിയതിൻ്റെയും
ബസ്സുകിട്ടാത്തതിൻ്റെയും
പതിവു
ക്ഷമാപണങ്ങളുമായി
അയാളെത്തുമ്പോൾ
ചായങ്ങളഴിഞ്ഞും
ചമയങ്ങളുലർന്നും
അവളാകെ
വിവശയായിരിക്കും..
എന്തൊരു
കോലമാണിതെന്നു
അയാളസ്വസ്ഥനാവും
ചന്തത്തിലൊന്നു
കണ്ണെഴുതാനോ
ചുണ്ടിലിത്തിരി
ചായം പുരട്ടാനോ
ഉടുപുടവ ഉലയാതെ
കെട്ടാനോ
അറിയാത്ത ശവമെന്നു
പല്ലു കടിക്കും
അയാളെയോർത്തു
കലങ്ങിയൊഴുകിയതാണു
കണ്ണിലെഴുതിയ
കരിമഷിയെന്നും
കാത്തുനില്പിനിടയിൽ
വരണ്ടുണങ്ങിയതാണു
ചുണ്ടുകളെന്നും
ചത്തു ചത്തുവീഴുമ്പോൾ
ഉലഞ്ഞതാണു
ചേലയെന്നും
പറയാനാവാതെ
അയാളെക്കണ്ടതിൻ്റെ
ലഹരിയിൽ
മൂർച്ഛിക്കുമായിരുന്നെന്നും
ആനന്ദത്താൽ
നിറഞ്ഞും പതഞ്ഞും
തുളുമ്പുമായിരുന്നെന്നും
ഇപ്പോഴോർക്കുമ്പോൾ
അവൾ
പക കൊണ്ടു
വിറഞ്ഞുതുള്ളും..
അന്നത്തെ കാമുകൻ
നീരു കെട്ടിയ
കാലൊന്നുഴിഞ്ഞു താ
ചായ കൊണ്ടു വാ
നാരങ്ങവെള്ളം താ
കണ്ണടയെടുക്ക്
എന്നു മുടങ്ങാതെ
അഖണ്ഡനാമജപം
നടത്തുമ്പോൾ
അവൾക്കു വിറഞ്ഞുകേറും
കുഴമ്പുപുരട്ടി
കാലുതിരുമ്മുന്നതിനിടയിൽ
നമ്മടെ കാലത്തീ
വലൻ്റൈൻസ്
ഡേയൊന്നു -
മില്ലാത്തതെത്ര
കഷ്ടമായെന്നു
ഫോണിലെ
ചോപ്പുനിറത്തിമിർപ്പുകളിലേക്ക്
വിരൽ ചൂണ്ടി
അയാൾ
ചിരിക്കുമ്പോൾ
ഉണ്ടായിരുന്നെങ്കിൽ
നീയങ്ങുലത്തുമായിരുന്നെന്ന്
അവളൊരു ചീത്തവാക്ക്
കടിച്ചിറക്കും....