Image

ഭൂതകാലത്തിന്‍റെ വേരുകള്‍ തേടി (ലേഖനം: ഉഷാചന്ദ്രന്‍)

Published on 14 February, 2026
ഭൂതകാലത്തിന്‍റെ വേരുകള്‍ തേടി (ലേഖനം: ഉഷാചന്ദ്രന്‍)

വീട് ഷിഫ്റ്റ്‌ ചെയ്യുന്നതിനിടയിലാണ്, പൊടിപിടിച്ച ഓർമ്മകളുടെ ഒരു കോണിൽ, ക്ലിപ്പ് അടിച്ചുറപ്പിച്ച ആ മുഷിഞ്ഞ ഒരു കെട്ടു പേപ്പര്‍ ദേവികയുടെ കയ്യില്‍ തടഞ്ഞത്. കാലം ഏൽപ്പിച്ച പാടുകൾ പോലെ ആ Stapler pin ആകെ തുരുമ്പെടുത്തിരുന്നു. ആത്മാവില്ലാത്ത വസ്തുകളെന്നോണം എല്ലാം കൂടി ചുരുട്ടിക്കൂട്ടി വേസ്റ്റ് ബോക്സില്‍ തള്ളാന്‍ തുനിയുമ്പോഴാണ്, ഹൃദയത്തിന്റെ ഏതോ ഒരു തന്ത്രിയിൽ ആരോ വിരൽ തൊട്ടതുപോലെ, ഒന്ന് നോക്കിയിട്ട് കളയാം എന്ന്‌ വെറുതെ തോന്നിയതു്. മങ്ങിയ കണ്ണട തുടച്ചു നേരെയാക്കി വച്ചു. പേപ്പറിന്‍റെ ചുളുക്കം നീര്‍ത്തെടുത്ത്, മറവിയിലേക്ക് ആണ്ടുപോയ അതിലെ അഷരങ്ങളിലൂടെ ആയാസപ്പെട്ട് കണ്ണോടിച്ചു.

ദേവീ !
തന്നെ ഞാനങ്ങനെ വിളിച്ചോട്ടെ? തന്നെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ് ഞാൻ ആ ഓഫീസിൽ വരുന്നത്. എനിക്കറിയില്ലെടോ! ഒന്നുമറിയില്ല. തന്നെ കാണാൻ കഴിയാത്ത ദിവസങ്ങളിൽ എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. ഭക്ഷണം വേണ്ട. ഉറക്കമില്ല. ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്? എങ്കിൽ ഞാനാ പ്രണയത്തിന് അടിമയായിരിക്കുന്നു. ദിവസങ്ങളായി തന്നോട് നേരിട്ടുപറയണമെന്നു വിചാരിക്കുന്നു. പക്ഷേ ധൈര്യമില്ല. പ്രതികരണം എനിക്കനുകൂലമല്ലെങ്കിൽ ഞാൻ തകർന്നുപോകും. എവിടെത്തിരിഞ്ഞാലും ആ ഓമനമുഖമാണ് മനസ്സിൽ. എന്തൊരു ഭംഗിയാണെടോ തനിക്ക്. ആ മുടിയും കണ്ണുകളുമാണ് ഏറെ attractive. മൂക്ക് ചുണ്ട്, കവിൾത്തടങ്ങൾ എല്ലാം ഓർക്കുമ്പോൾ തന്നെ എന്നെ വല്ലാത്തൊരവസ്ഥയിൽ എത്തിക്കുകയാണ്. ഞാനെന്തു വേണമെടോ? ഒന്നുപറഞ്ഞുതരാമോ? തനിക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമായി ഞാൻ കാത്തിരിക്കും, ഈ ജന്മം മുഴുവൻ.
പറയൂ! എന്നെ ഇഷ്ടമല്ലേ ദേവീ ?
അക്ഷരങ്ങളിൽ ബാക്കിയായ ആ പഴയ ഗന്ധം മൂക്കിലടിച്ചു. കൈപ്പട കണ്ടിട്ട് ആരുടേതെന്ന് മനസ്സിലായില്ല. കുറെ മുഖങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു. തിരിച്ചും മറിച്ചും നോക്കവേ, ജീവിതം ബാക്കിവെച്ച ഒരു ചോദ്യചിഹ്നം പോലെ അവസാനം കണ്ട കയ്യൊപ്പില്‍ കണ്ണുടക്കി. നീണ്ട വാലുള്ള ഒരെലിക്കുഞ്ഞിന്‍റെ തലഭാഗത്ത്‌ TOM എന്ന് കുഴഞ്ഞു കിടക്കുന്ന വെറും 3 അക്ഷരം മാത്രം. അത് വായിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. പെട്ടെന്ന് ഓര്‍മ്മയുടെ നിലാവെട്ടം തെളിഞ്ഞു. "എലിയാണോടോ തന്‍റെ ഇഷ്ടജന്തു" എന്നൊരിക്കല്‍ താനാരോടാണ് ചോദിച്ചത്? എന്നിട്ടും ആളെ വ്യക്തമായില്ല. എവിടെവച്ചാണ് ചോദിച്ചതെന്ന് തിരഞ്ഞു തിരഞ്ഞ്, നഷ്ടപ്പെട്ട വസന്തങ്ങളെ തിരയുന്നതുപോലെ അന്വേഷണത്തിന്‍റെ പാതയിലൂടെ മുപ്പതു വര്‍ഷം പിന്നിലേയ്ക്ക് നടന്നു.
അതെ! അവന്‍റെ പേര് തോമസ്‌ എന്നായിരുന്നു. തന്നെ സംബന്ധിച്ച് ക്ലൈന്റ്‌ എന്നു മാത്രം വിളിപ്പേരുള്ള ഓഫീസിലെ സ്ഥിരം സന്ദര്‍ശകന്‍. തന്‍റെ കാബിന് അടുത്തുകൂടി കടന്നുപോകുമ്പോള്‍, അറിയാതെ പെയ്യുന്ന മഴപോലെ ഉള്ളിലേക്ക് ഒന്ന് പാളി നോക്കാന്‍ ഒരിക്കലും അവന്‍ മറക്കാറില്ല. കണ്ടാല്‍ ഒന്നു പുഞ്ചിരിക്കാതിരിക്കാന്‍ തനിക്കും ആവുമായിരുന്നില്ല. അതിനപ്പുറം അവന്‍ ആരെന്നോ എന്തെന്നോ തനിക്കറിയുമായിരുന്നില്ല, അറിയേണ്ടിയിരുന്നുമില്ല. എന്തിന്‌? പേരുപോലും അറിയാന്‍ ആഗ്രഹിച്ചില്ല. എന്നാൽ അവന്‍ തിരഞ്ഞുപിടിച്ചു.. ദേവികയുടെ നാട്, വീട്, ചുറ്റുപാടുകള്‍, ജീവിത സാഹചര്യങ്ങള്‍ എല്ലാം. അവന്റെ മോഹങ്ങൾക്കുമേൽ അതൊരു കഥയായി രൂപം കൊണ്ടു. അതില്‍ ദേവിക എന്ന ദേവി ഒരു ദുഖപുത്രിയായിരുന്നു.
കയ്യെഴുത്തുപ്രതി തനിക്കു നേരെ നീട്ടുമ്പോള്‍ വാങ്ങാന്‍ അറച്ചു നിന്ന തന്നോട് “വാങ്ങടോ Love letter ഒന്നുമല്ല, ഇങ്ങനെ അമ്പരന്നു നില്‍ക്കാന്‍” എന്നവന്‍ മഴവില്ലുപോലെ പൊട്ടിച്ചിരിച്ചു. കവര്‍ കൈനീട്ടി വാങ്ങുമ്പോള്‍ “ദാ ഇപ്പോ വരാം, Washroom ല്‍ പോയിട്ട്” എന്ന് പറഞ്ഞ്‌ മായാത്ത ചിരിയോടെ നടന്നു നീങ്ങുന്ന അവനെ നോക്കിനില്‍ക്കെ, അതില്‍ എന്താണെന്നറിയാനുള്ള ആകാംഷ അവളെ വീര്‍പ്പുമുട്ടിച്ചു. അക്ഷമയോടെ കവര്‍ പൊളിച്ചു, ഹൃദയമിടിപ്പിന്റെ താളത്തിൽ അതിലടക്കം ചെയ്ത ഒരടുക്കു പേപ്പര്‍ പുറത്തെടുത്തു തുറന്നു വായിച്ചു. ഒരു കഥയുടെ കെട്ടും മട്ടും. മനോഹരമായ തുടക്കം. ഒന്നാന്തരം ശൈലി..നല്ല ഭാഷ, സാഹിത്യം. വായിച്ചു പോകുന്തോറും ഇത് തന്നെപ്പറ്റിയാണല്ലോ എന്നവള്‍ക്ക് തോന്നാന്‍ തുടങ്ങി. അതെ, അതാണല്ലോ തനിക്കുതന്നെ തന്നതും? വായന തുടരുമ്പോള്‍ എവിടെയൊക്കെയോ ചില അപാകം കണ്ടു. നായിക തികച്ചും ഒരു ദുഖപുത്രി. ഇത് പൂര്‍ണ്ണമായും താനല്ല എന്നറിഞ്ഞപ്പോള്‍ ചിരിവന്നു. മുഖമുയര്‍ത്തിയതും കണ്ടത്, വായിക്കുമ്പോള്‍ തന്‍റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഒരു ശില്പിയെപ്പോലെ ശ്രദ്ധാപൂര്‍വ്വം നോക്കിനില്‍ക്കുന്ന ഒരു ജോഡി കണ്ണുകളാണ്. കഥയുടെ അവസാന ഭാഗത്തെത്തിയപ്പോള്‍ കണ്ടു, അടിയില്‍ ചുരുണ്ടുകിടക്കുന്ന കയ്യൊപ്പ്. അതുകണ്ട് വീണ്ടും ചിരിവന്നു. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ചോദിച്ചത്: എലിയാണോ തന്‍റെ ഇഷ്ടജന്തു? തനിക്കു പേരില്ലേ?
"അതല്ലേടോ എന്റെ ശിരോലിഖിതം?"
"ഓ ടോം! അപ്പോള്‍ അതാണ്‌ അങ്ങയുടെ തിരുനാമം?"
"അപ്പനുമമ്മയുമെനിക്കിട്ട പേര് തോമസ്‌. ഞാനതിനെ ഒന്ന് നവീകരിച്ചു. കഥയെങ്ങനെയുണ്ട്‌? അത് പറ..."
"താന്‍ നന്നായി കഥയെഴുതുമല്ലോ? തുടര്‍ന്നും എഴുതിക്കൂടേ?"
"ഉം! അപ്പോള്‍ അത്രയും മനസ്സിലായി. തന്നെ കണ്ടപ്പോള്‍...അറിഞ്ഞപ്പോള്‍ ഒന്നെഴുതണമെന്ന് തോന്നി. അല്ലാതെ വലിയ എഴുത്തൊന്നുമില്ല."
"ഓഹോ! ഇതൊക്കെയാണോ എന്നെപ്പറ്റി അറിഞ്ഞു വച്ചത്?" അല്‍പ്പം തമാശയോടെ പരിഹസിച്ചു..
"അല്ലേല്‍ വേണ്ട, ഇങ്ങു തന്നേര്..." അവന്‍ പരിഭവിച്ചു.
"വേണ്ട, എന്‍റെ കയ്യില്‍ ഇരിക്കട്ടെ!. ഒന്നുകൂടി മനസ്സിരുത്തി വായിച്ചിട്ട് ബാക്കി ഞാന്‍ പിന്നെ പറയാം." അതില്‍ ഒരു ഭീഷണിയുടെ ചുവയുണ്ടോ എന്ന് സ്വയം തോന്നിയപ്പോള്‍ ഉള്ളിൽ ചിരി പൊട്ടി. ആ നിധിപേടകം പോലെ കഥയെടുത്ത് ബാഗില്‍ വച്ചു.
പിന്നീട് ഒരിക്കല്‍ കൂടി മാത്രമേ ടോമിനെ താന്‍ കണ്ടുള്ളൂ. അവന്‍റെ കമ്പനിയും താന്‍ ജോലിചെയ്യുന്ന സ്ഥാപനവും തമ്മില്‍ വ്യാപാര മേഖലയില്‍ നല്ല ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം നിലനിന്നിരുന്നു. അവന്‍ ആ കമ്പനി വിട്ടിട്ടുണ്ടാവും. താന്‍ ഊഹിച്ചു. അതറിയാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നെങ്കിലും, കടന്നുപോയ കാറ്റുപോലെ അവന്‍റെ അഭാവം അത്രമേല്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടുമില്ല, അത് തന്നെ ബാധിച്ചുമില്ല എന്നതാണ് വാസ്തവം. അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ഉചിതം. നേരിയ കുറ്റബോധത്തോടെ, കഴിഞ്ഞുപോയ കാലത്തിന്റെ സാക്ഷിയായ കയ്യിലെ ചുളിവു തീര്‍ത്തും മാറാത്ത കടലാസ്സിലേയ്ക്ക് ഒന്നുകൂടി നോക്കി.
കഥ ഒരാവര്‍ത്തികൂടി വായിച്ചു. അവനെഴുതിയ പലതും ഇന്ന് തന്‍റെ ജീവിതത്തില്‍ ഇക്കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇവനാര്, ക്രാന്തദർശിയോ? അതോ എന്നെ അത്രമേൽ ആഴത്തിൽ വായിച്ചവനോ?
"ടോം നീയിപ്പോള്‍ എവിടെയാണ്?

ഞാന്‍ നിന്നെ കണ്ടുപിടിച്ചിരിക്കും." അവളുടെ മനസ്സ് മന്ത്രിച്ചു.
ആളെ കണ്ടെത്താന്‍ ഇന്ന് സോഷ്യല്‍ മീഡിയ നല്ലൊരു മദ്ധ്യവര്‍ത്തിയാണ്. നിരന്തരമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പ്രായം മുഖത്ത് വരുത്തിയ മിനുക്കുപണികൾ, ആള് ഇതുതന്നെയോ എന്നുറപ്പിക്കാന്‍ വിമുഖത കാട്ടി. പരീക്ഷണാര്‍ത്ഥം ഒരു ചോദ്യം തൊടുത്തുവിട്ടു.
"ടോം, താനെന്നെ അറിയുമോ?"

മറുപടിക്കായുള്ള കാത്തിരിപ്പ് ഒരു യുഗമായി തോന്നി. നാളുകള്‍ കഴിഞ്ഞിട്ടും അവനാ msg കണ്ടില്ല. പിന്നീടെപ്പോഴോ ആ ചോദ്യത്തിന് നേരെ അവന്‍റെ തല പ്രത്യക്ഷപ്പെട്ടു.
അപ്പോള്‍ അവനതു കണ്ടിട്ടുണ്ട്. ആളെ തിരിച്ചറിയാഞ്ഞിട്ടാവാം, മിണ്ടാത്തത്.

ഒരു സന്ദേശം കൂടി വിട്ടു.
"ഞാനാണിത്. തന്‍റെ പഴയ കഥയിലെ നായിക, ദേവി". ദിവസങ്ങള്‍ക്കു ശേഷം അതുമയാള്‍ കണ്ടു. പക്ഷേ മറുപടിയില്ല. നിശബ്ദത ഒരു ഭാരമായി അവളെ പൊതിഞ്ഞു.
"എന്തെങ്കിലും ഒന്ന് മിണ്ടഡോ മനുഷ്യാ..." വീണ്ടുമൊരു സന്ദേശം കൊടുത്തു. അതിനുമില്ല ഉത്തരം.
അവസാനമായി ഒരു ശ്രമം കൂടി നടത്തി.

"മനുഷ്യര്‍ക്ക്‌ ഇത്രയും അഹങ്കാരം പാടില്ല. താനെഴുതിയ കഥ എന്‍റെ കൈവശം വന്നുചേര്‍ന്നപ്പോള്‍ തന്നെ ഓര്‍ത്തുപോയതും അന്വേഷിച്ചതും തെറ്റായെങ്കില്‍ ഇനിയില്ല. സോറി."

അതേറ്റു. അണപൊട്ടിയ ഓർമ്മകൾ മറുപടിയായി വന്നു.
“താനെന്നെ വയസ്സാം കാലത്തെങ്കിലും അന്വേഷിച്ചല്ലോ? സന്തോഷം.” മറുപടി വായിച്ചവള്‍ സ്തംഭിച്ചു പോയി.

സ്ക്രീനിലെ ആ വാക്കുകൾക്ക് പിന്നിൽ, തനിച്ചിരുന്ന് വാർദ്ധക്യത്തോടും രോഗത്തോടും മല്ലിടുന്ന ഒരു മനുഷ്യന്റെ രൂപം അവൾ നിഴൽപോലെ കണ്ടു.
ആ വാക്കുകളിലെ നിരാശയും പരിഭവവും അവളുടെ ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിച്ചു.

പ്രിയപ്പെട്ടവരില്ലാതെ, നിറംമങ്ങിയ ചുമരുകൾക്കുള്ളിൽ, മുപ്പതു വർഷം മുൻപത്തെ ആ പ്രണയം മാത്രം ശ്വാസവായുവായി കരുതി ജീവിച്ച ഒരാളുടെ നിശബ്ദ രോദനം. അവൾക്കുവേണ്ടി മാറ്റിവെച്ച ആ ആയുസ്സ് മുഴുവൻ ഒറ്റപ്പെടലിന്റെ ഇരുട്ടിലായിരുന്നല്ലോ എന്നോർത്തപ്പോൾ അവളുടെ ലോകം കീഴ്മേൽ മറിഞ്ഞു.

അറിയാതെ കണ്ണുകള്‍ നിറഞ്ഞുതൂവി.. ആ കണ്ണുനീർ തുള്ളികൾ ആ പഴയ മുഷിഞ്ഞ കടലാസ്സിലെ 'TOM' എന്ന ഒപ്പിൽ വീണ് പടർന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക