
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നതെന്ന് പ്രേംകുമാര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ പോലും പറ്റിയില്ല. യാത്രയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നത്. പറഞ്ഞു വിടുമ്പോൾ മാന്യത കാണിക്കാമായിരുന്നു, പ്രേംകുമാർ പറഞ്ഞു. തനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദനുണ്ടെന്നും ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു.
'ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം. മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതല്‍ അയാള്‍ വരേണ്ടെന്ന് തീരുമാനിച്ചാല്‍ നമ്മള്‍ ഇന്നുതന്നെ അദ്ദേഹത്തോട് പറയും. കൂലി ബാക്കിയുണ്ടെങ്കില്‍ വാങ്ങിച്ചോണം. അല്ലെങ്കില്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് എടുക്കണമെന്ന് പറയുന്നത് സാമാന്യമര്യാദയാണ്. ആ ഒരു സാമാന്യ മര്യാദ എന്നോട് കാണിച്ചില്ല. താന്‍ പോയതിന് പിന്നാലെ നടന്ന സാസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.
അതേസമയം പ്രേംകുമാറിന്‍റെ ആരോപണങ്ങൾ തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. അഭിപ്രായപ്രകടനങ്ങുടെ പേരിൽ പ്രേംകുമാറിനെ ഒഴിവാക്കുകയോ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്തിട്ടില്ല. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. അക്കാദമി ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പ്രേംകുമാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. പദവി ഒഴിയുന്ന സംബന്ധിച്ച് വിവരം കൈമാറുന്നതിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.