Image

നവനീതം (പ്രണയദിന കവിത: തൊടുപുഴ കെ. ശങ്കർ അയ്യർ, മുംബൈ)

Published on 14 February, 2026
നവനീതം (പ്രണയദിന കവിത: തൊടുപുഴ കെ. ശങ്കർ അയ്യർ, മുംബൈ)

(പ്രണയസുദിനത്തിൽ രാധാകൃഷ്ണന് നവനീതനിവേദ്യം അർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എന്റെ വായനക്കാർക്ക് പ്രണയദിനാശംസകൾ!)

ഹൃദയകമലത്തിൽ കാർവർണ്ണൻ നിക്ഷേപിച്ച
ഹൃദ്യമാം നവനീതം "ഭക്തി"യെന്നതാം ഗുണം!
ഗ്രഹിക്കാതതുനാമും കുങ്കമം ചുമക്കുന്ന
ഗർദഭാസമാനരായ് കഴിക്കുന്നല്ലോ കാലം!

മറക്കാത്തനുദിനമെത്രതാൻ തിരക്കേലും
മുടങ്ങാതടിക്കടി ഭക്ഷണം കഴിപ്പു നാം!
മനുഷ്യജന്മം നേടി ജീവിതം നയിക്കുമ്പോൾ
മനസ്സിൽ വിളങ്ങുമാചൈതന്യം സ്മരിക്കേണം

അമ്മതൻ ഗർഭത്തിലെ ശിശുവെന്നപോലല്ലോ
നമ്മുടെ ചിത്തങ്ങളിൽ വിളങ്ങും ഭഗവാനും
ശിശുവിൻ ഹിതം നോക്കിയുണ്ണുമമ്മയെപ്പോലെ -
യീശനുഹിതമാകും ഭക്തി നാം സമർപ്പിക്കാം!

മതമേതെന്നാലും ജാതിയേതാണെന്നാലും
മനുഷ്യരൊന്നാണെന്ന  ചിന്ത താൻ സർവ്വോത്തമം
യുഗങ്ങൾ നാലുണ്ടേലും ഭക്തിതൻ വളർ ച്ച യ്ക്കാ
യുത്തമയുഗം കലി യുഗമായ് കരുതുന്നു

കലിതൻ വിളയാട്ടവീര്യത കുറയ്ക്കുവാൻ
കഴിയും ഭഗവാന്റെ കാരുണ്യ മുണ്ടേൽ നൂനം
ഭഗവത്‌കൃപയേറ്റം മുഖ്യമെന്നറികവേ
ഭക്തിയൊന്നുതാനത് നേടുവാനാവും മാർഗ്ഗം!

സ്വത:സ്സിദ്ധമായുള്ളിൽ ഭക്തിയങ്കുരിപ്പതും
സ്വസ്ഥത ലഭിപ്പതും മുജ്ജന്മ സുകൃതം താൻ!
ഈശ്വരകാരുണ്യവും ഭക്തിയും, വിരക്തിയും
ഇയലുന്നവർ സുരർ, ഇല്ലാത്തോരസുരരും

ഭക്തനു സുലഭമായ് ഭഗവാൻ കനിഞ്ഞേകും
ഭക്തിയൊന്നുതാൻ മൂല്യം മതിക്കാനാവാഭഗം
ഭക്തിയൊന്നുതാൻ നമുക്കാജീവനാന്തം, ആത്മ-
ശക്തിയും ജീവിതത്തിനർത്ഥവും തരും ധനം !

തൃക്കയ്യാൽ കണ്ണൻ തരും വാത്സല്യ നവനീതം
തൃപ്തരായ് സ്വദിച്ചാത്മനിർവൃതിയടഞ്ഞിടാം !
ഭക്ത രാം നാമും നമ്മി ലീശ്വരൻ നിക്ഷേപിച്ച,
ഭക്തിതൻ നവനീതം നന്ദിയോടവനേകാം !
*****
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക