Image

പച്ചവെളിച്ചവും കാത്ത് (വാലന്റൈന്‍സ് ഡേ കഥ: രാജീവ് പഴുവിൽ)

Published on 14 February, 2026
പച്ചവെളിച്ചവും കാത്ത് (വാലന്റൈന്‍സ് ഡേ കഥ: രാജീവ് പഴുവിൽ)

90 കളുടെ ആദ്യപകുതിയിലെ ചെന്നൈ നഗരം.

വൈകീട്ട് ​ഓഫീസ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആ നാലും കൂടിയ ട്രാഫിക് സിഗ്നലിലെ നീണ്ട കാത്തുനിൽപ്പ് അയാൾക്ക് എന്നും മടുപ്പായിരുന്നു. അന്നൊരു ദിവസം ആ സുന്ദരിപ്പെൺകുട്ടി ഒരു സ്കൂട്ടിയിൽ അവിടെ വന്നു നിന്ന നിമിഷം വരെ.ചുവപ്പു മാറി പച്ച വെളിച്ചം തെളിയുന്നതും കാത്ത് അക്ഷമരായി നിൽക്കേ ചുറ്റും നോക്കിയ അവരുടെ കണ്ണുകൾ തമ്മിലുടക്കി നിന്നു.

ഒരു നിമിഷത്തെ അപരിചിത്വത്തിനൊടുവിൽ അയാൾ പുഞ്ചിരിച്ചു. തന്റെ സ്വപ്നങ്ങളിൽ കടന്നുവരാറുള്ള ആ മുഖം നേരെ മുൻപിൽ കണ്ടപ്പോൾ അയാൾക്ക് പുഞ്ചിരിക്കാതിരിക്കാനായില്ല എന്നതാണ് സത്യം.അവൾ പക്ഷേ ഭാവ വ്യത്യാസമൊന്നും കാട്ടാതെ മുഖം വെട്ടിച്ച് നേരെ മുന്നിലെ സിഗ്നലുകളിൽ നോക്കി നിന്നു.അയാളാകട്ടെ അവളിൽ തന്നെ നോട്ടമർപ്പിച്ച് ബൈക്കിലിരുന്നു.

സിഗ്നലിന്റെ നിറം പച്ചയിലേക്ക് മാറാൻ തുടങ്ങിയതും, അവൾ അയാളെ ഏറു കണ്ണിട്ടൊന്നു നോക്കി നല്ല തുറന്ന ഒരു ചിരി സമ്മാനിച്ചു. അനന്തരം, ചാട്ടുളി പോലെ തന്റെ സ്കൂട്ടി മുന്നോട്ടു പായിച്ച് ക്ഷണത്തിൽ തിരക്കിൽ എങ്ങോ അപ്രത്യക്ഷയായി. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ, അന്തിച്ചു നിന്ന അയാൾക്ക് തിരിച്ച് ചിരിക്കാനോ അവളെ പിന്തുടരാനോ കഴിഞ്ഞില്ല. മോട്ടോർസൈക്കിളിന്റെ ഗിയർ മാറ്റി സ്പീഡ് എടുക്കുമ്പോഴേക്കും അവൾ അടുത്ത സിഗ്നലും കഴിഞ്ഞു പോയിരുന്നു.

​പിന്നീട് ഇടക്കിടക്ക് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. അവൾ വരുന്നു, നിൽക്കുന്നു.സിഗ്നൽ മാറുന്ന നിമിഷം പുഞ്ചിരി സമ്മാനിച്ചു മിന്നൽ വേഗത്തിൽ മറയുന്നു. ഒന്ന് സംസാരിക്കാൻ പോയിട്ട്, വണ്ടി ഒന്ന് അടുപ്പിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല. അവളുടെ ആ അമിതവേഗത അയാളെ അത്ഭുതപ്പെടുത്തി.

രണ്ടാഴ്ച്ചയോളം ഈ ഒളിച്ചുകളി തുടർന്നപ്പോൾ അവൾ അതാസ്വദിക്കുന്നുണ്ട് എന്നും, തന്നോട് പ്രത്യേക മമതയുണ്ടെന്നും അയാൾക്കുറപ്പായി. തനിക്കാണെങ്കിൽ അവളുടെ മുഖം കാണാത്ത ദിവസങ്ങൾ അസഹ്യങ്ങളായിരിക്കുന്നു. ഇനിയും ഇതിങ്ങനെ തുടരാനാവില്ലെന്നും അടുത്ത തവണ എങ്ങനെയെങ്കിലും അവളോട് സംസാരിക്കണമെന്നും അയാൾ തീരുമാനിച്ചുറച്ചു.

അടുത്ത ദിവസങ്ങളിലും അയാൾ സിഗ്നലിൽ കാത്തുനിന്നു. പക്ഷേ ഒരാഴ്ചയോളം കാണാതെ വന്നപ്പോൾ അയാളുടെ മനസ്സിൽ ആശങ്ക നിറഞ്ഞു. "അവൾക്ക് എന്ത് പറ്റി? അമിത വേഗതയിൽ വല്ല അപകടവും പിണഞ്ഞിരിക്കുമോ?"

സിഗ്നലിനു തൊട്ടുമുൻപായി ഇടതു വശത്തുള്ള ഒരു പെട്രോൾ ബങ്കിൽ നീന്നാണ് അയാൾ സ്ഥിരമായി ബൈക്കിൽ ഇന്ധനം നിറയ്ക്കുന്നത്. രണ്ടുമൂന്നു പ്രാവശ്യം അവളെ അവിടെ കണ്ട കാര്യവും, അതിന്റെ ഉടമസ്ഥനുമായി വളരെ പരിചയത്തിൽ സംസാരിച്ചു നിന്നിരുന്നതും അയാൾക്കോർമ്മ വന്നു.എന്തെങ്കിലും വിവരം അവിടെ നിന്ന് കിട്ടുമെന്ന ചിന്തയിൽ അയാൾ അങ്ങോട്ട് തിരിച്ചു.

​"ചേട്ടാ, ഇവിടെ എന്നും ഒരു സ്കൂട്ടിയിൽ പോകുന്ന ഒരു പെൺകുട്ടിയെ കാണാറില്ലേ? കുറച്ചു ദിവസമായി അവളെ കാണുന്നില്ല. അവരെപ്പറ്റി എന്തെങ്കിലും അറിയാമോ?".

' ​ഓ, സത്യത്തിൽ ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ആ കുട്ടിക്ക് എന്തോ വളരെ അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു. പോകുന്നതിനു മുൻപ്
ഇതാ ഈ ചെറിയ ഒരു കുറിപ്പ് നിങ്ങളെ ഏൽപ്പിക്കാനായി തന്നിട്ടുണ്ട്.അവളെ പരിചയമുണ്ടെന്നല്ലാതെ കൂടുതലായി എനിക്കും ഒന്നും അറിയില്ല.

കത്തിൽ മനോഹരമായ കൈപ്പടയിൽ രണ്ടു വരികൾ.
-------------------------------------------------------------------
"ഇടയ്ക്കിടെ സിഗ്നലിൽ എനിക്കായി മനോഹരമായ പുഞ്ചിരി തരുന്ന പ്രിയ അപരിചതന്.

താങ്കളുടേത് എത്ര സുന്ദരമായ ചിരിയാണ് എന്നറിയാമോ!
അതെന്റെ ദിനങ്ങളെ വർണ്ണാഭമാക്കാൻ തുടങ്ങിയിരിക്കുന്നു. നാളെയെപ്പറ്റി സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു.

അപ്രതീക്ഷിതമായി നാട്ടിൽ പോകേണ്ടി വന്നിരിക്കുന്നു. വിശദവിവരങ്ങൾ തിരിച്ചു വന്നിട്ട് നേരിൽ പറയാം.
അതുവരെ ഈ ഒളിച്ചുകളിക്കാരിയോട് ക്ഷമിക്കുമല്ലോ?

സ്നേഹ.
-------------------------------------------------------------------

അയാളുടെ മനസ്സ്‌ ഒരു ശലഭമായി.
നീലവർണ്ണമാർന്ന ആകാശത്തിന് താഴെ നാനാവിധവർണ്ണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിൽ ഒരു പ്രണയശലഭം ചിറകുകൾ വിടർത്തി പറന്നുനടന്നു.

തുടർന്നുള്ള അയാളുടെ ദിനങ്ങൾ പ്രതീക്ഷാനിർഭരങ്ങളായിരുന്നു.
സ്വപ്നം വിടരുന്ന മിഴികളോടെ അവൾ പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ച് ഓരോ ദിവസവും അയാൾ സിഗ്നലിൽ എത്തി കാത്തുനിന്നു.

ദിവസങ്ങൾ.
മാസങ്ങൾ.
ഋതുക്കൾ മാറി വന്നു.
വർഷങ്ങൾ കൊഴിഞ്ഞു വീണു.

എന്തു കൊണ്ടോ അവൾ തിരിച്ചു വന്നില്ല.
അന്വേഷിച്ചറിയാനും തേടിപ്പിടിക്കാനും പേരും ആ നാലുവരിക്കത്തുമല്ലാതെ അയാളുടെ കയ്യിൽ മറ്റൊന്നുമില്ല.

അവളില്ലാത്ത ലോകം, ക്രമേണ അയാൾക്ക്‌ ചുറ്റും ശൂന്യത തീർത്തു.
ഹൃദയവനിയിൽ വിരിഞ്ഞു നിന്ന പ്രണയ പുഷ്പങ്ങളിലേറെയും വാടിക്കരിഞ്ഞു.
കണ്ണിൽ തിളങ്ങി നിന്നിരുന്ന നക്ഷത്രങ്ങളുടെ ശോഭ ക്ഷയിച്ചുവന്നു.

എന്നിട്ടും എവിടെയോ അവൾ
സുരക്ഷിതയായിരിക്കുന്നുവെന്നും, തന്നെത്തേടി എത്തുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച് ഇന്നും
അയാൾ ആ സിഗ്നലിൽ 
പച്ചവെളിച്ചം 
കാത്തുനിൽക്കുന്നു.

ശുഭം.
 

Join WhatsApp News
Sudhir Panikkaveetil 2026-02-14 20:18:25
Taylor Swift പറഞ്ഞു ബന്ധങ്ങൾ ട്രാഫിക് ലൈറ്റ് പോലെയാണെന്ന്. അതിൽ പച്ച വെളിച്ചതിനു കാത്തിരിക്കുന്നത് ശുഭാപ്തി വിശ്വാസമാണ്. ശ്രീ രാജീവൻ ജീവിതത്തിന്റെ കവലയിൽ മുന്നോട്ട് പോകാനുള്ള പച്ച വെളിച്ചത്തിനു കാത്ത് നിൽക്കുമ്പോൾ ഒരു സുന്ദരി ഒപ്പം. പക്ഷെ വിളക്ക് തെളിഞ്ഞപ്പോൾ അവൾ അപ്രത്യക്ഷയായി. വെളിച്ചം പോലെ അവൾ പുഞ്ചിരിച്ചിരുന്നു അത് ഒരു സൂചനയായി അയാൾ കണ്ടു. പക്ഷെ അപ്രതീക്ഷിതമായി ഒരു കത്തും എഴുതിവച്ച് അവൾ അപ്രത്യക്ഷയായി. അവൾ എന്ന പച്ചവെളിച്ചം തെളിയുന്നതും കാത്ത് ശ്രീ രാജീവൻ നിൽക്കുന്നു. നല്ല ഭാവന. അതിലൂടെ എത്തിനോക്കുന്ന ഒരു പ്രണയനിലാവ്. ഹാപ്പി വാലന്റയിൻസ് ഡേ!
അടിപിടി വാസു 2026-02-14 21:15:26
ഇതുപോലെ പച്ചവെളിച്ചം കാത്തു നിന്നപ്പോളാണ് മറ്റു വണ്ടിക്കാരെല്ലാം കൂടി എന്നെ തല്ലി ചതച്ചത് അതുകൊണ്ട്, പച്ച വെളിച്ചം കണ്ടാൽ എത്ര സുന്ദരിയുടെ കണ്ണിൽ ഉടക്കി കിടാന്നാലും, നൂല് പൊട്ടിയാലും വേണ്ടില്ല ഊരിക്കൊണ്ട്‌ രക്ഷപ്പെടുക. 'ഓ പുറം വേദന എടുക്കുന്നു. എന്നാ അടി അവന്മാർ അടിച്ചത്' ക്ഷമിക്കണം. ആ അടിയുടെ വേദന പ്രണയ വേദനപോലെ മനസ്സിൽ കിടക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക