
ന്യൂ യോർക്ക് നിവാസിയായ സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പണ്ണുനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നു ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്‌ത യുഎസ് ഫെഡറൽ കോടതിയിൽ സമ്മതിച്ചുവെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
യുഎസ്-ഇന്ത്യ ബന്ധങ്ങളിൽ പ്രശ്നമുണ്ടാക്കിയ ഒരു കേസിലാണ് മുൻ ഐ ബി ഉദ്യോഗസ്ഥന്റെ സുപ്രധാന കുറ്റസമ്മതം. ഗുപ്ത കുറ്റം സമ്മതിച്ചതു കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കാവുന്ന വിചാരണ ഒഴിവായി.
ഇന്ത്യൻ വംശജനെങ്കിലും യുഎസ് പൗരനായ ഒരാളെ അമേരിക്കയിൽ വച്ചു കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന ആരോപണം കഴമ്പില്ലാത്തതാണ് എന്നതാണ് ഇന്ത്യൻ ഗവൺമെന്റിന്റെ നിലപാട്.
'നിക്ക്' എന്നും അറിയപ്പെടുന്ന ഗുപ്ത യുഎസ് മജിസ്‌ട്രേറ്റ് ജഡ്‌ജ് സാറാ നെറ്റ്ബേൺ മുൻപാകെ മൂന്ന് കുറ്റങ്ങൾ ഏറ്റു: ഒന്ന്, കൊല നടത്താൻ വാടക കൊലയാളിയെ കണ്ടെത്തി, രണ്ട് അങ്ങിനെ കൊല നടത്താൻ ഗൂഢാലോചന നടത്തി, മൂന്ന് കള്ളപ്പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തി. മെയ് 29നു കോടതി ശിക്ഷ പ്രഖ്യാപിക്കും.
പണ്ണുനെ വധിക്കാൻ 'ഇന്ത്യൻ സർക്കാർ ജീവനക്കാരന്റെ' നിർദേശം അനുസരിച്ചു ഗുപ്‌ത പ്രവർത്തിച്ചു എന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറയുന്നത്. ഗുപ്തയ്‌ക്കൊപ്പം കുറ്റം ചുമത്തപ്പെട്ട വികാഷ് യാദവ് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയറ്റ് ജീവനക്കാരനായിരുന്നു. അവിടെയാണ് ഇന്ത്യയുടെ വിദേശ ചാര ഏജൻസി റോ പ്രവർത്തിക്കുന്നത്.
യുഎസ് അറ്റോണി ജയ് ക്ലെയ്റ്റൻ പറഞ്ഞു: "നിഖിൽ ഗുപ്ത ന്യൂ യോർക്ക് സിറ്റിയിൽ ഒരു യുഎസ് പൗരനെ വധിക്കാൻ ഗൂഢാലോചന നടത്തി. "അമേരിക്ക നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചു എന്നതിന്റെ പേരിൽ ഒരാളെ കൊല്ലാനാണ് പ്രതി ശ്രമിച്ചത്. സ്വന്തം രാജ്യത്തിനു പുറത്തു ഒരാളെ കൊല്ലുമ്പോൾ പ്രത്യാഘാതം ഉണ്ടാവില്ലെന്ന് അയാൾ വിചാരിച്ചു. പക്ഷെ അയാൾക്കു തെറ്റി, അയാൾ നീതി നേരിടും."
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ചു 2023 മേയിലാണ് വധത്തിനുള്ള ഒരുക്കങ്ങൾക്കു യാദവ് ഗുപ്‌തയെ ഏർപ്പാടാക്കിയത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അസ്‌മിനിസ്ട്രഷനിലെ (ഡി ഇ എ) ഒരു ഉദ്യോഗസ്ഥനെ ഗുപ്‌ത ബന്ധപ്പെട്ടു. അയാൾ ഗുപ്തയ്ക്കു കൊലയാളി എന്നു പരിചയപ്പെടുത്തി കൊടുത്ത ഒരാൾ യഥാർഥത്തിൽ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു.
ഗുപ്തയ്ക്കു 2023 ജൂണിൽ യാദവ് വാഗ്‌ദാനം ചെയ്തത് $100,000 ആണ്. അഡ്വാൻസായി $15,000 ന്യൂ യോർക്കിൽ എത്തിച്ചു. പണ്ണുന്റെ വീട്ടു വിലാസവും ഫോൺ നമ്പറുകളും മറ്റും ഗുപ്‌ത 'കൊലയാളി' ആയി നടിച്ച ഉദ്യോഗസ്ഥനു നൽകി.
2023 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി വരുന്നതു കൊണ്ട് കൊലപാതകം നീട്ടി വയ്ക്കാൻ ഗുപ്ത 'കൊലയാളി'യോട് നിർദേശിച്ചു. ആ സന്ദർശനത്തിനു രണ്ടു ദിവസം മുൻപാണ് കാനഡയിൽ ഹർദീപ് സിംഗ് നിജർ എന്ന സിഖ് വിഘടനവാദി നേതാവ് വധിക്കപ്പെട്ടത്. അയാളെ വധിക്കാനും തീരുമാനിച്ചിരുന്നു എന്നു ഗുപ്ത 'കൊലയാളി'യോടു പറഞ്ഞു. "ഇനിയും പലരെയും കൊല്ലാനുണ്ട്" എന്നും.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നാണ് ഗുപ്തയെ പിടികൂടിയത്.
കൊലയാളിയെ വാടകയ്ക്ക് എടുത്തു എന്ന കുറ്റത്തിനും അതിനു ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനും 10 വർഷം വീതം തടവ് ശിക്ഷ ലഭിക്കാം. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് 20 വർഷവും.
Nikhil Gupta pleads guilty in US assassination plot