
സ്റ്റാഫോര്‍ഡ്: ഹൂസ്റ്റണിലെ പ്രധാന മലയാളി റീയല്‍റ്റര്‍ കമ്പനികളില്‍ ഒന്നായ പ്രോംപ്റ്റ് റീയല്‍റ്റേഴ്സ് ആന്‍ഡ് മോര്‍ട്ടഗേജ് കമ്പനി പുതുവര്‍ഷാഘോഷങ്ങള്‍ക്കും ഏജന്റുമാരുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച ന്യൂ ഇയര്‍-റീയല്‍റ്റര്‍ നൈറ്റില്‍ 2025ലെ ഏറ്റവും നല്ല റീയല്‍റ്റര്‍ ഏജന്റുമാര്‍ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി അവരെ ആദരിച്ചു. 2025ല്‍ ആറുമാസം കൊണ്ട് പന്ത്രണ്ട് മില്യണ്‍ ഡോളറിന്റെ കച്ചവടം നടത്തി അഭൂതപൂര്‍വമായ നേട്ടം കൊയ്ത ഷാജി ജോണ്‍ ബെസ്‌ററ് സെല്ലെര്‍ ആയി. ഒന്നര വര്‍ഷത്തോളമായി ബിസിനെസ്സ് രംഗത്തുനിന്നും വിട്ടുനിന്ന ശേഷം ഷാജിയുടെ ഉജ്വലമായ തിരിച്ചുവരവിനെ പ്രോംപ്റ്റ് റീയല്‍റ്റി സി ഇ ഓ ജോണ്‍ ഡബ്ലിയു വര്‍ഗീസ് പ്രശംസിച്ചു.

പ്ലാറ്റിനം ഏജന്റായി മാത്തുക്കുട്ടി കരിയമ്പള്ളില്‍ തിളങ്ങിയപ്പോള്‍ കുരുവിള മാത്യു, അലക്‌സ് ബിനു, ജിറില്‍ ഇടക്കുന്നത്ത്, പൂര്‍വി ഷാ എന്നിവര്‍ ഗോള്‍ഡന്‍ ഏജന്റുമാരായി. ഏറ്റവും നല്ല റിയാലിറ്റി ടീം ആയി നെക്സ്റ്റ് നെസ്റ്റ് ടീമിന്റെ സന്തോഷ് ഐപ്പ്, അനില്‍ ആറന്മുള എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. മോര്‍ട്ടഗേജ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡിന് ലോണ്‍ ഓഫീസര്‍ സാം ഏബ്രഹാം അര്‍ഹനായി.

പരിപാടികളുടെ തുടക്കത്തില്‍ പ്രോംപ്റ്റ് റീയല്‍റ്റി ആന്‍ഡ് മോര്‍ട്ഗേജ് കമ്പനിയെ ഉയരങ്ങളില്‍ എത്തിച്ച ഏജന്റുമാര്‍ക്ക് കമ്പനി സിഇഒ ജോണ്‍ ഡബ്ലിയു വര്‍ഗീസ് നന്ദി പറഞ്ഞു. ഇരുപതിലധികം വര്ഷങ്ങളായി ഹ്യൂസ്റ്റണ്‍, മിസോറി സിറ്റി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ്, കേറ്റി, പെയര്‍ലാന്‍ഡ് എന്നീ സിറ്റികളില്‍ നല്ല വേരോട്ടമുള്ള പ്രോംപ്റ്റ് റീയല്‍റ്റിയില്‍ മുപ്പത്തി എട്ടു ഏജന്റുമാരാണ് ഉള്ളത്. ആഘോഷങ്ങളുടെ മുഖ്യ പ്രായോജകരായി പെറി ഹോംസ് രംഗത്തെത്തി. കമ്പനിയുടെ പ്രതിനിധിയായി സന്ദീപ് തേവര്‍വേലില്‍ പങ്കെടുക്കുകയും പുരസ്‌കാരജേതാക്കളായ ഏജന്റുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. പ്രോംപ്റ്റ് മാനേജിങ് ഡിറക്ടര്‍ ഉമ്മന്‍ ജോണ്‍ ആശംസകള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും പരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.