
“പ്രിയതമാ..പ്രണയലേഖനം എങ്ങനെ എഴുതണം?” കണ്വാശ്രമത്തിലെ മുനികുമാരിയ്ക്ക് സംശയം. മുനികുമാരി മലയാളി ആയിരുന്നിരിക്കണം. കാരണം എന്റെ അറിവിലുള്ള മറ്റു ഭാഷകളിലൊക്കെ പ്രേമകത്താണ് എഴുതുന്നത്. ഇംഗളീഷിൽ ലവ് ലെറ്റർ ഹിന്ദിയിൽ പ്രേം പത്ര്, തമിഴിൽ കാതൽ കടിതം, കടിതം(കത്ത്), തെലുഗിൽ പ്രേംലേഖ. ലേഖ എന്നാൽ വര എന്നാണ്. എന്നാൽ മലയാളത്തിൽ പ്രേമലേഖനമാണ്. എഴുതാൻ ഇത്തിരി പാടാണ്. അല്ലെങ്കിൽ തന്നെ പ്രണയത്തെക്കുറിച്ച് എഴുതാൻ കാമദേവൻ കനിയണം. അദ്ദേഹത്തിന്റെ ആവനാഴികൾ തപ്പണം. അഗ്രത്തിൽ പുഷ്പങ്ങൾ ഘടിപ്പിച്ച അമ്പുകളാണ് ഒരിക്കലും ഒഴിയാത്ത അദ്ദേഹത്തിന്റെ ആവനാഴിയിൽ.
ഏറ്റവും കൂടുതൽ പൂവമ്പുകൾ കൊണ്ടിരിക്കുന്നത് കാർമേഘവർണ്ണനാണ്. പാലാഴി ഒഴുകുന്ന ശരത്കാലത്തെ ഒരു പൗർണ്ണമി രാവിൽ വേണുഗോപാലനായികൊണ്ട് അദ്ദേഹം മധുരതരമായ ഒരു രാഗം ഓടകുഴലിൽ വായിച്ചപ്പോൾ എല്ലാം മറന്നോടി ഗോപികമാർ കൃഷ്ണസമീപമെത്തി. അടുപ്പത്ത് പാല് വെച്ചത് തൂവിപ്പോയത് അറിയാത്തവരും, കുട്ടികളെ പാലൂട്ടി പാതിവഴിയിൽ നിർത്തിയവരും, പുറത്തിറങ്ങുമ്പോൾ ധരിക്കുന്ന മേൽവസ്ത്രമിടാൻ മറന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വീട് വിട്ടിറങ്ങാൻ കഴിയാത്ത അപൂർവം ചിലർ മുരളീഗാനം കേട്ട് കണ്ണനെ ഭാവനയിൽ കണ്ട് എല്ലാം മറന്നിരുന്നു. അവിടെ കൃഷ്ണൻ ഗോപികമാരുമൊത്ത് രതിലീലകൾ ആടുന്നത് കണ്ട് ആ വിവരം സഖി വന്നു രാധയെ അറിയിയ്ക്കുന്നത് ഗീതാഗോവിന്ദത്തിൽ ഇങ്ങനെ വിവരിച്ചിട്ടുണ്ട്.
രതിസുഖസാരേ ഗതമഭിസാരേ
മദന മനോഹരവേഷം
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലി
ഗോപീപീനപയോധര മർദ്ദന
ചഞ്ചലകരയുഗ ശാലീ
അർത്ഥം : രാധേ, രതിസുഖം നൽകുന്ന സംഗമത്തിനായി നീ പോകു. ഇളംകാറ്റ് വീശുന്ന യമുനയുടെ തീരത്ത് കാനന പൂക്കൾ കോർത്ത മാലയണിഞ്ഞു ഗോപസ്ത്രീകളുടെ മാറിടങ്ങൾ ലാളിച്ചുകൊണ്ട് മന്മഥനെപ്പോലെ സുന്ദരനായി കൃഷ്ണൻ നിന്നെ കാത്തിരിക്കുന്നു. സഖിമാരെല്ലാം കുറേശ്ശേ കുശുമ്പ് കുത്തിവയ്ക്കുന്നവരാണ്. ഗോപികമാരുടെ മാർവ്വിടങ്ങൾ മർദിച്ചുകൊണ്ടിരിക്കുന്നു കൃഷ്ണൻ എന്ന് കേട്ടാൽ രാധ ഉഗ്രസ്വരൂപിണിയായി അങ്ങോട്ട് പാഞ്ഞുപോകുമെന്നു സഖിക്ക് അറിയാം,
പ്രണയദിനം - ഫെബ്രുവരി 14. വാലന്റയിൻ ഡേ ആയി പാശ്ചാത്യലോകം ആഹ്‌ളാദത്തോടെ ആഘോഷിക്കുന്നു. നമ്മൾ ഭാരതീയർക്ക് അത് "മദനോത്സവം" ആണ്. അതാണ് ധനുമാസരാവുകളെ ഹരം പിടിപ്പിക്കുന്ന തിരുവാതിര. പരമശിവന്റെ തിരുന്നാൾ ആഘോഷം. മാരശരം അയച്ചു ശിവന്റെ മനസ്സ് ഇളക്കി പാർവതിപരിണയം സാധ്യമാക്കിയ കാമദേവനെ ശിവൻ തന്റെ തൃക്കണ്ണുകൊണ്ട് ദഹിപ്പിച്ചിരുന്നു. ഭർത്താവായ കാമദേവനെ നഷ്ടപ്പെട്ട രതീദേവിയുടെ വിലാപത്തിൽ മനസ്സലിഞ്ഞ ശിവൻ കാമദേവനെ പുനർജ്ജീവിപ്പിച്ചതിന്റെ ഓർമ്മ പുതുക്കാൻ തിരുവാതിര ആഘോഷിക്കുന്നു. വാസ്തവത്തിൽ ഇത് അംഗനമാരുടെ ഉത്സവമാണ്. പുലരാൻ കാലത്തെ തുടിച്ചുകുളിയും, കുളിച്ചീറനായ കാർകൂന്തലിൽ നിന്നും വെള്ളിക്കിണ്ണങ്ങൾ വഴിനീളെ വീഴ്ത്തിയുള്ള നടപ്പുമെല്ലാം കാമദേവനെ ഉണർത്തുക തന്നെ ചെയ്യും, ഓരോരുത്തരും സ്വപനക്കൂട് ഒരുക്കുന്ന മനസ്സിന്റെ ചില്ലകളിൽ ഇരുന്നു പ്രേമചകോരികൾ പ്രണയം മൂളുന്നത് കേട്ട് പ്രത്യുഷ ചന്ദ്രിക അപ്പോൾ ചിരിച്ചു നിൽക്കും. പ്രണയദിനത്തെക്കാൾ മദനോത്സവമാണ് മലയാളികൾക്ക് പ്രിയം.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി കാട്ടിലൂടെ പാട്ടു പാടിയും, നൃത്തം ചെയ്തും കളിച്ചും രസിച്ചും ഫലങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
യൗവ്വനം അല്ലെങ്കിൽ ആരോഗ്യം നിലനിൽക്കുന്നോളം കാലം ആവോളം ആസ്വദിക്കാൻ ദൈവം നൽകിയ വരദാനമാണ് പ്രണയം. "എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ വികാരാവതിയായി വരികയോ" എന്ന് യൗവ്വനകാലത്ത് പാടിയിരുന്നത് വാർദ്ധക്യം അല്ലെങ്കിൽ അസുഖം ബാധിച്ച മധ്യവയസ്സിൽ എത്തുമ്പോൾ പാട്ടു ഇങ്ങനെയാകും. "എന്നെ വിളിച്ചുണർത്താൻ വിറച്ചു വിറച്ചു നീ വികാരശൂന്യയായ് വരികയോ" ജീവിതം വാസ്തവത്തിൽ ക്ഷണികമാണ്. അതുകൊണ്ട് അതിനെ നഷ്ടപ്പെടുത്താതെ ആസ്വദിക്കുക. ഷണ്ഡന്മാർ അതിനു അനുവദിക്കുകയില്ല. അവർ കാക്കത്തൊള്ളായിരം നിയമങ്ങൾ ഈശ്വരൻ പറഞ്ഞുവെന്നു പറഞ്ഞു മനുഷ്യരുടെ ജന്മം പാഴ്‌ജന്മം ആക്കുന്നു. ആവനാഴിയിൽ അമ്പ് തീർന്നോ കാമദേവാ എന്ന് പെൺകുട്ടികളെകൊണ്ട് ചോദിപ്പിക്കരുത്. പ്രണയ ശരവർഷം നിറുത്താതെ പെയ്യിപ്പിക്കണം ആൺകുട്ടികൾ.
സൂഫി പാരമ്പര്യത്തിലും അറബി സാഹിത്യത്തിലും പ്രണയത്തിന്റെ ഏഴു ഘട്ടങ്ങൾ വർണ്ണിക്കുന്നുണ്ട്. മഴവില്ലിലെ ഏഴു നിറങ്ങൾ പോലെ. ക്രമമനുസരിച്ച് ആകർഷണം, അനുരാഗം, പ്രണയം, വിശ്വാസം/ബഹുമാനം,ആരാധന, ഭ്രാന്ത്, മരണം. ലൈല മജുനുവിന്റെ കഥയിൽ അയാൾക്ക് ലൈലയോടുള്ള പ്രണയം മൂത്ത് ഭ്രാന്ത്/ഒഴിയാബാധപോലെയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഖൈസ് ഇബ്നു അൽ-മുലവ്വാ എന്നായിരുന്നു. പേരിന്റെ അർഥം ദൃഡനിശ്ചയമുള്ളവൻ എന്നാണു. ലൈലയോടുള്ള അമിതാഭിനിവേശം മൂലം ചുറ്റിലുമുള്ളവർ അയാളെ ഭ്രാന്തൻ (മജ്നു) എന്ന് വിളിച്ചതാണ്. അവസാനം അയാൾ ലൈലയുടെ മരണവൃത്താന്തം അറിഞ്ഞു അവളുടെ ഖബറിടത്തിൽ മരിച്ചുവീണു. ലോകത്തിലെ പ്രധാനമായ പ്രണയകഥകളിൽ ഒന്നാണ് ലൈല മജ്നുവിന്റെത്. പ്രണയം കവികളെയും ഉന്മാദരാക്കാറുണ്ട്.ഖലീൽ ജിബ്രാൻ എഴുതിയ ഒരു കാവ്യത്തിന്റെ സ്വതന്ത്ര പരിഭാഷ ഇങ്ങനെയാണ്. "ഒരു ദിവസം നീ ചോദിക്കും ഏതാണ് മുഖ്യമായത് "എന്റെ ജീവനോ നീയോ"? ഞാൻ പറയും എന്റെ ജീവൻ. കരണമറിയാതെ നീ എന്നെ വിട്ടുപോകും. ഞാൻ പറഞ്ഞതിന്റെ അർഥം നീ ആണ് എന്റെ ജീവൻ എന്നാണ്.
കാമദേവന്റെ അഞ്ചമ്പുകൾ - അശോകം. അരവിന്ദം, . ചൂതം. . നവമാലികം, നീലോല്‍പ്പലം ഈ അഞ്ചുബാണങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥാവിശേഷങ്ങള്‍ യഥാക്രമം ഭ്രാന്ത് (ഉന്മാദം), അമിതമായ ചൂട്/വിരഹം (താപനം), ശരീരം ശോഷിക്കുക (ശോഷണം), അനങ്ങാനാവാതെ സ്തംഭിക്കുക (സ്തംഭനം), മയക്കം/ബോധക്ഷയം (സമ്മോഹനം) എന്നീ അവസ്ഥകളെ സൂചിപ്പിക്കുന്നു. പ്രണയവിരസരായ സ്ത്രീ-പുരുഷന്മാർക്ക് രാവിലെയും വൈകീട്ടും ചൊല്ലാനുള്ള മന്ത്രമാണ് താഴെ കൊടുക്കുന്നത്. അങ്ങനെ പ്രാർത്ഥിച്ചാൽ കാമദേവൻ അവരെ അനുഗ്രഹിക്കും.
ഓം കാമദേവായ വിദ്മഹേ*
*പുഷ്പബാണായ ധീമഹീ*
*തന്നോനംഗ പ്രചോദയാല്‍*
മന്ത്രത്തിന്റെ അർത്ഥം ഓം കാമദേവായ വിദ്മഹേ: കാമദേവനെ (ആഗ്രഹങ്ങളുടെ ദേവൻ) ഞങ്ങൾ അറിയുന്നു.
പുഷ്പബാണായ ധീമഹീ: പൂക്കളമ്പുകളുള്ള (പുഷ്പബാണൻ) അങ്ങയെ ഞങ്ങൾ ധ്യാനിക്കുന്നു.
തന്നോനംഗ പ്രചോദയാല്‍: ആ അനംഗൻ (രൂപമില്ലാത്തവൻ - കാമദേവൻ) ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.
എന്ന ഉപചാരമന്ത്രമാണ് കാമദേവ പ്രീതിക്കായി ജപിക്കേണ്ടത് . അതിനായി പൂജാമുറിയിൽ നെയ്‌വിളക്ക് കൊളുത്തി അഷ്ടഗന്ധങ്ങൾ പുകച്ച്, കുങ്കുമവും, ചന്ദനവും, സുഗന്ധപുഷ്പങ്ങളുമായി വിളക്കിനു താഴെ അർച്ചന ചെയ്യണം. രാവിലെയോ വൈകുന്നേരമോ പറ്റുമെങ്കിൽ രണ്ടു നേരവും ജപം ആകാം, പറ്റാവുന്ന അത്രയും സംഖ്യ മന്ത്ര൦ ജപിച്ചു അർച്ചന ചെയ്യാം, 41 ദിവസത്തിനുള്ളിൽ മന്ത്രസിദ്ധി കൈവരുകയും ആഗ്രഹസാഫല്യത്തിന് കാമദേവൻ അനുഗ്രഹിക്കും എന്നും പറയപ്പെടുന്നു, മന്ത്രങ്ങൾ എപ്പോഴും നല്ല കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. പ്രായഭേദമെന്യേ ആർക്കും ജപിക്കാവുന്ന മന്ത്രമാണ്. അമേരിക്കൻ മലയാളികൾക്ക് (സ്ത്രീകൾക്കും പുരുഷന്മാർക്കും) ഈ വാലന്റയിൻ ദിനം മുതൽ ഈ മന്ത്രം ജപിച്ച് ഫലം നേടാവുന്നതാണ്.
എല്ലാവർക്കും പ്രണയദിനാശംസകൾ !
ശുഭം