
നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത “പെണ്ണും പൊറാട്ടും” എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഗാലാ പ്രീമിയറിന് ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു.
പട്ടട എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രവിശങ്കർ തിരക്കഥയൊരുക്കിയ ഈ ചിത്രം, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക വിഷയങ്ങളെ ഗൗരവമായി സമീപിക്കുന്നു. താല്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിതയാകുന്ന ചാരുലത, അവളുടെ കാമുകനായ ബാബുരാജ്, ഗ്രാമത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്ന ‘സുട്ടു’ എന്ന നായ എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
ചെറിയ തർക്കങ്ങൾ വലിയ സംഘർഷങ്ങളായി മാറുന്നതും മൃഗങ്ങളോടുള്ള മനുഷ്യന്റെ തെറ്റായ സമീപനങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അക്രമത്തിന്റെ പാത വെടിഞ്ഞ് സമാധാനത്തിനായി നിലകൊള്ളുന്ന ഗോപാലൻ മാസ്റ്റർ എന്ന കഥാപാത്രം ഗ്രാമവാസികളെ മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോൾ, ഒരാൾ മാത്രം അതിന് വഴങ്ങാത്തതാണ് കഥയിലെ വഴിത്തിരിവാകുന്നത്. “ഒരു സ്ഥലം നിങ്ങൾക്ക് യോജിച്ചതല്ലെങ്കിൽ അവിടുന്ന് ഓടിപ്പോകാൻ മാത്രം വിശാലമാണ് ഈ ലോകം” എന്ന സുട്ടുവിന്റെ ഡയലോഗ് സിനിമയുടെ ആത്മാവായി നിലകൊള്ളുന്നു. നായയായ സുട്ടു തന്നെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകൻ എന്നതും ശ്രദ്ധേയമാണ്.
രാജേഷ് മാധവൻ എന്ന സംവിധായകന്റെ മികവ് ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവിക പ്രകടനത്തിലും പട്ടട എന്ന ഗ്രാമത്തെ അവതരിപ്പിച്ച രീതിയിലും പ്രകടമാണ്.