Image

മഹാനോമ്പിന് തുടക്കം; ആത്മപരിശോധനയുടെ വിശുദ്ധകാലത്തിലേക്ക് വിശ്വാസികൾ (ആൻഡ്രൂസ് അഞ്ചേരി)

Published on 13 February, 2026
മഹാനോമ്പിന് തുടക്കം; ആത്മപരിശോധനയുടെ വിശുദ്ധകാലത്തിലേക്ക് വിശ്വാസികൾ (ആൻഡ്രൂസ് അഞ്ചേരി)

മാർത്തോമ്മാ സഭ ഉൾപ്പെടെയുള്ള സുറിയാനി പാരമ്പര്യമുള്ള സഭകളിൽ മഹാനോമ്പിന് തുടക്കം കുറിക്കുന്ന ദിനമായ പെത്തുരുത്ത (“പേത്രത്ത” എന്നും ഉച്ചരിക്കാറുണ്ട്), സുറിയാനി ഭാഷയിലെ “Peturta” എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഫെബ്രുവരി 15-ന് ഈ ദിവസം ഭക്തിപൂർവ്വം ആചരിക്കും. മാനസാന്തരത്തിന്റെയും ആത്മപരിശോധനയുടെയും ആഹ്വാനമായി കണക്കാക്കപ്പെടുന്ന ഈ ദിവസം വിശ്വാസികളെ ആത്മീയ നവീകരണത്തിലേക്ക് നയിക്കുന്നതായാണ് സഭാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

“പെത്തുരുത്ത” പദത്തിന് തിരിഞ്ഞുനോക്കുക, സ്വയം പരിശോധിക്കുക, മടങ്ങിവരുക എന്നീ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. മനുഷ്യൻ തന്റെ ആത്മീയജീവിതത്തെ വിലയിരുത്തി ദൈവത്തോടടുത്ത് നടക്കാനുള്ള ആവശ്യകതയെ ഓർമ്മപ്പെടുത്തുന്ന ഈ പദം, അതുകൊണ്ടുതന്നെ മഹാനോമ്പിലേക്കുള്ള ആത്മീയ വാതിൽപ്പടിയായി പെത്തുരുത്തയെ സഭ വിശേഷിപ്പിക്കുന്നു.

അഘോഷങ്ങളുടെയും ലോകീയ തിരക്കുകളുടെയും ഇടയിൽ നിന്ന് മാറി പ്രാർത്ഥന, ഉപവാസം, കരുണാപ്രവർത്തികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വിശ്വാസികളെ സഭ പ്രേരിപ്പിക്കുന്നു.

പെത്തുരുത്തയ്ക്ക് ശേഷം ആരംഭിക്കുന്ന മഹാനോമ്പ്, യേശു ക്രിസ്തു മരുഭൂമിയിൽ ഉപവസിച്ച് പ്രാർത്ഥിച്ചതിനെ ഓർമ്മിപ്പിക്കുന്ന ആത്മീയ യാത്രയായി വിശേഷിപ്പിക്കപ്പെടുന്നു. സ്നേഹം, ക്ഷമ, വിനയം എന്നിവ ജീവിതത്തിൽ ആവിഷ്കരിക്കാനും ദുഷ്ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാനും ഈ കാലഘട്ടം സഹായിക്കുന്നതായി പുരോഹിതർ ഓർമ്മിപ്പിക്കുന്നു.

2026-ൽ ഫെബ്രുവരി 15-ന് ആരംഭിക്കുന്ന ഈ നോമ്പുകാലം, ക്രിസ്തുവിന്റെ ഉയിർപ്പുത്സവത്തിലേക്ക് നയിക്കുന്ന വിശുദ്ധ ഒരുക്കമായി തുടരുന്നു. വിശ്വാസവും പ്രത്യാശയും പുതുക്കി ആത്മീയ വളർച്ച കൈവരിക്കാൻ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ദൈവാനുഗ്രഹമായ അവസരമാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക