Image

മൗനത്തിൽ മറഞ്ഞ പ്രണയത്തിന്റെ ഓർമ്മയ്ക്ക് (വാലെന്റൈൻസ് ഡേ സ്പെഷ്യൽ: സ്മിതാ സോണി ഒർലാൻഡോ)

Published on 13 February, 2026
മൗനത്തിൽ മറഞ്ഞ പ്രണയത്തിന്റെ ഓർമ്മയ്ക്ക് (വാലെന്റൈൻസ് ഡേ സ്പെഷ്യൽ: സ്മിതാ സോണി ഒർലാൻഡോ)

എന്നെന്നും എന്റേത് മാത്രമായ എന്റെ പ്രണയിനിയ്ക്ക്  💞

എങ്ങനെ തുടങ്ങണമെന്ന് അറിയില്ല.. എന്റെ ചോരകൊണ്ടെഴുതുന്ന ഈ കത്ത് എങ്ങനെ എന്റെ പൊന്നേ നിന്റെ കയ്യിൽ എത്തിയ്ക്കുമെന്നും എനിയ്ക്കറിയില്ല. എങ്കിലും ഈ പ്രണയദിനത്തിൽ എഴുതാതിരിയ്ക്കുവാൻ എനിയ്ക്കാവുന്നില്ല..

കോരിച്ചൊരിയുന്ന ഒരു ഇടവപ്പാതിയിൽ  അമ്മ വീട്ടിലെ പള്ളിപ്പെരുന്നാൾ  കൂടാനായി വന്നു ബസിറങ്ങുമ്പോൾ എന്റെ കരളേ നിന്നെ ഞാൻ ആദ്യമായി കണ്ട നിമിഷം ഇന്നും മായാതെ എന്റെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നു. എന്റെ ചെരുപ്പിൽ തട്ടി ചെളിവെള്ളം നിന്റെ വെള്ള  ചുരിദാറിലേയ്ക്ക് തെറിച്ചപ്പോൾ ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കിയ ആ നോട്ടത്തിൽ ഞാൻ ഉരുകി പോകുമെന്നു പ്രിയേ നീ കരുതിയെങ്കിലും ആ ഓരോ നോട്ടവും പ്രണയപാരവശ്യമുള്ള അമ്പുകളായാണ്  എന്റെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറിയത്…

ഒരു നിമിഷം ഞാൻ പരിസരം പോലും മറന്നു കണ്ണിമയ്ക്കാതെ ചക്കരേ നിന്നെ തന്നെ നോക്കി നിന്നപ്പോൾ എന്റെ കൂട്ടുകാരൻ കുടയുമായി നടന്നകന്നു പോയതുപോലും ഞാൻ അറിഞ്ഞില്ല. “ഈ ചേട്ടായിയുടെ കിളി പോയോ” എന്നുള്ള കുഞ്ഞിപ്പെങ്ങളുടെ ചോദ്യം കേട്ടപ്പോളാണ് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. ജാള്യതയോടെ മനസ്സിൽ ഊറിച്ചിരിച്ചുകൊണ്ടു അമ്മ വീടിന്റെ പടി കയറുമ്പോഴേയ്ക്കും പ്രിയേ നിന്റെ നോട്ടം എന്റെ സിരകളെ ത്രസിപ്പിച്ചു തുടങ്ങിയിരുന്നു. വിടരാൻ കൊതിയ്ക്കുന്ന പൂവിന്റെ സുഗന്ധം ഇളംകാറ്റിൽ അലിയുന്നപോലെ എന്റെ ആദ്യാനുരാഗത്തിന്റെ മാസ്മരികവലയം ആപാദചൂഢം എന്നെ വരിഞ്ഞുമുറുക്കിയെന്നു ഞാൻ തിരിച്ചറിഞ്ഞു..

പെരുന്നാൾ ഒരുക്കങ്ങളുടെ ശബ്ദകോലാഹലങ്ങൾക്കിടയിലും നിന്നെക്കുറിച്ചുള്ള ചിന്തകൾ  മാത്രമായിരുന്നു എന്റെ മനസ്സിൽ. ഇനി എന്നെങ്കിലും കാണാൻ പറ്റുമോ എന്ന ചിന്ത എന്നെ നിദ്രവിഹീനനാക്കി. പാതി ചാരിയ ജാലകവാതിൽ തുറന്നു നോക്കിയപ്പോൾ കണ്ട നിലാവിനും നിന്റെ മുഖമായിരുന്നു എന്റെ കരളേ.. നീയുമൊത്തുള്ള ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ചിറകിലേറി എന്റെ മനസ്  പാറി നടന്നു..

രാവിലെ പതിവിലും നേരത്തെ എണീറ്റ് ഒരു നോക്ക് കൂടി എന്റെ പ്രിയപ്പെട്ടവളെ കാണാൻ സാധിച്ചാൽ 101 മെഴുകുതിരികൾ കത്തിച്ചോളാമെന്ന നേർച്ചയും നേർന്നു പള്ളിയിലെത്തിയപ്പോൾ എനിയ്ക്കു എന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല.. ഗായകസംഘത്തിന്റെ നടുവിലായി ഒരു മാലാഖയെപ്പോലെ നിൽക്കുന്ന നിന്റെ കുയിൽനാദം എന്റെ കരളിനെ തരളിതമാക്കി.. നിന്റെ പാട്ടുകളൊക്കെയും എന്റെ ആത്മാവിലേക്ക് ഒരരുവി പോലെ ഒഴുകിയിറങ്ങിയപ്പോൾ ഞാൻ ആ പ്രണയകല്പത്തിൽ അലിഞ്ഞുപോയി..

നിന്റെ ഒരു നോട്ടത്തിനായി.. ഒരു പുഞ്ചിരിയ്ക്കായി ഞാൻ കാത്തിരിയ്ക്കുന്നു.. മൊഴിഞ്ഞു തീരാത്ത മൗനമായി.. പെയ്തൊഴിയാത്ത മഴായായി.. ഇതൾ കൊഴിയാത്ത പൂവായി. ഇല പൊഴിയാത്ത പൂമരമായി.. തിരയടങ്ങാത്ത കടലായി എന്റെ പ്രണയം എന്നും നിനക്കായി കാത്തിരിയ്ക്കുന്നു. ഈ ഹൃദയമിടിപ്പ് നിലയ്ക്കുവോളം, അവസാന ശ്വാസം വരെയും,ജന്മജന്മാന്തരങ്ങളോളം കാത്തിരിയ്ക്കാം.. “ഇഷ്ടമാണ്” എന്ന നിന്റെ ഒരു വാക്കിനായി…ഒരു തലോടലിനായി.. ഒരു ചുടുചുംബനത്തിനായി..ഒന്ന് മാറോടു ചേർക്കാനായി… പിന്നെ പ്രാണസഖീ, നിന്റെ കൈയ്യും പിടിച്ചുള്ള ഒരു പുതിയ ജീവിത യാത്രയ്ക്കായി..

എന്റെ പ്രണയിനി, നീയില്ലാതെ എനിയ്ക്കു ജീവിയ്ക്കാനാവില്ലെന്നു ഞാൻ തിരിച്ചറിയുന്നു… അത്രമേൽ പ്രണയാർദ്രമായ എന്റെ പ്രണയത്തെ പ്രാണപ്രിയേ നീ തിരിച്ചറിയാതെ പോകരുതേയെന്ന പ്രാർത്ഥന മാത്രമേ എനിയ്ക്കുള്ളൂ. നിന്റെ മറുപടിയ്ക്കായി ഒരു വേഴാമ്പലിനെപ്പോലെ ഞാൻ കാത്തിരിയ്ക്കുമ്പോഴും എവിടെയായിരുന്നാലും എന്നും നിനക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെയെന്ന ആശംസയോടെ…

സ്നേഹത്തിൽ ചാലിച്ച ഒരായിരം മൃദുചുംബനങ്ങളോടെ 💝

നിനക്കായി കാത്തിരിയ്ക്കുന്ന നിന്റെ സ്വന്തം…. 💘
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക