
കേരള രാഷ്ട്രീയത്തിലെ മഹാഭാരത യുദ്ധത്തിന് കളമൊരുങ്ങുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്ന കുരുക്ഷേത്രത്തിലേക്ക് കോൺഗ്രസ് സൈന്യം അണിനിരക്കുമ്പോൾ, അവിടെ ഉയർന്നു കേൾക്കുന്നത് ഗീതാസാരത്തിന്റെ ഒരു പുതിയ പതിപ്പാണ്:
"കർമ്മന്യേവാധികാരസ്തേ മാ ഫലേഷു കദാചന." ഇതിനെ നമ്മുടെ നേതാക്കൾ മനസിലാക്കേണ്ടത് ഇങ്ങനെയാണ് "സ്റ്റേജിൽ മൈക്കിന് മുന്നിൽ ആദ്യം കയറാൻ ഉന്തും തള്ളും നടത്തുക എന്നത് നിന്റെ കർമ്മമാണ്, എന്നാൽ വോട്ട് കിട്ടുമോ ഇല്ലയോ എന്നത് നിന്റെ നിയന്ത്രണത്തിലല്ല!"
ഭാരതത്തിന്റെ ആത്മാവായ കോൺഗ്രസ് പാർട്ടിക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള അതിന്റെ കഴിവ് അദ്ഭുതകരമാണ്; വിശ്വരൂപ ദർശനത്തിലെന്നപോലെ വിവിധ ചിന്താഗതിക്കാരും ജനവിഭാഗങ്ങളും ഈ ആൽമരത്തിന് കീഴിൽ അണിനിരക്കുന്നു. ജനധിപത്യത്തോടുള്ള അചഞ്ചലമായ വിശ്വാസവും താഴേക്കിടയിലുള്ള സാധാരണക്കാരുടെ ശബ്ദമാകാനുള്ള കഴിവുമാണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ കരുത്ത്. ഗീതയിൽ അർജുനൻ തന്റെ സംശയങ്ങൾ മാറ്റിയതുപോലെ, ദീർഘവീക്ഷണമുള്ള നേതാക്കൾ ഒത്തുപിടിച്ചാൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ കോൺഗ്രസിന് സാധിക്കും. എന്നാൽ ഇത്രയും ഊർജ്ജസ്വലമായ ഒരു പാർട്ടിയുടെ ശത്രു എതിര്‍ പക്ഷത്തുള്ളവരല്ല, മറിച്ച് പാർട്ടിക്കുള്ളിലെ തന്നെ "അഹന്തയും വിഭാഗീയതയുമാണ്."
തിരഞ്ഞെടുപ്പ് സ്റ്റേജുകളിൽ ആരാദ്യം പ്രസംഗിക്കണമെന്നും ആരുടെ പടം ഫ്ലക്സിൽ വലുതാകണമെന്നും തീരുമാനിക്കാൻ നടത്തുന്ന ആ "ഉന്തും തള്ളും" സത്യത്തിൽ വോട്ടർമാരുടെ മുൻപിൽ ഒരു കോമഡി ഷോ' ആയി മാറുകയാണ്. ഗീതയിൽ സഞ്ജയൻ യുദ്ധം ദൂരദർശനം ചെയ്തതുപോലെ, ഓരോ വോട്ടറും സോഷ്യൽ മീഡിയയിലൂടെ ഈ സ്റ്റേജ് തമാശകൾ തത്സമയം നിരീക്ഷിക്കുന്നു. "നിങ്ങൾ തമ്മിൽ അടിച്ചു തീർക്കൂ, ഞങ്ങൾ ഇവിടെ എല്ലാം കാണുന്നുണ്ട്" എന്ന ഭാവമാണ് ഇന്ന് വോട്ടർമാർക്ക്. നേതാക്കൾ വിചാരിക്കുന്നത് തങ്ങളുടെ ഈ ആവേശപ്രകടനം കരുത്താണെന്നാണ്.
ഗീതയിലെ മുന്നറിയിപ്പ് പോലെ, കോപത്തിൽ നിന്ന് വിവേകശൂന്യതയും വിവേകശൂന്യതയിൽ നിന്ന് സർവ്വനാശവും സംഭവിക്കുന്നു. ഒത്തൊരുമയോടെ നീങ്ങിയാൽ അജയ്യമാകാൻ കഴിയുന്ന ഈ മഹാപ്രസ്ഥാനത്തെ നശിപ്പിക്കാൻ പുറത്തുള്ളവർക്ക് കഴിയില്ല; മറിച്ച് ആഭ്യന്തരമായ ഈ ഗ്രൂപ്പ് കളി തുടർന്നാൽ അത് പാർട്ടിയുടെ തന്നെ അടിവേര് അറുക്കും.
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ, നാടിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്ന സത്യസന്ധരായ സ്ഥാനാർത്ഥികളെയാണ് നമുക്ക് ആവശ്യം. അഴിമതിയില്ലാത്ത ഭരണം ഉറപ്പുവരുത്തുകയും, യുവാക്കൾക്ക് നാട്ടിൽ തന്നെ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നവർക്കായിരിക്കണം മുൻഗണന. രാഷ്ട്രീയ ഭീഷണികളില്ലാതെ ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കും സമാധാനപരമായി ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്ന, ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് നമ്മുടെ നാടിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. മൈക്കിന് വേണ്ടിയുള്ള ഉന്തും തള്ളും മാറ്റി വോട്ടറുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനുള്ള യാത്രയാകണം ഇനി അങ്ങോട്ട്.
ഓർക്കുക, വോട്ട് ചെയ്യാനുള്ള അധികാരം ആ കണ്ണടച്ചു പിടിച്ചിരിക്കുന്ന 'സ്ഥിതപ്രജ്ഞനായ' വോട്ടർക്ക് മാത്രമാണ്!