Image

വല്യമ്മച്ചിയുടെ പ്രാർത്ഥന ( വിചാര സീമ : പി.സീമ )

Published on 13 February, 2026
വല്യമ്മച്ചിയുടെ പ്രാർത്ഥന ( വിചാര സീമ : പി.സീമ )

"അമ്പലക്കുളത്തിൽ പോയി കുളിച്ചിട്ട് വന്ന കുഞ്ചോത്തി പിന്നേം ഇതെന്തിനാ ഇവിടെ കുളിക്കുന്നെ?"

അയല്പക്കത്തെ മീനാക്ഷി ചെറിയമ്മയുടെ സംശയം ന്യായമെന്നു എനിക്കും അമ്മയ്ക്കും തോന്നി..( കുഞ്ചി എന്നായിരുന്നു അച്ഛന്റെ അമ്മയുടെ പേര്.. ഈഴവർ ചോവനും, ചോവത്തിയും ആയാണല്ലോ അറിയപ്പെടുന്നത്)

"പോന്ന വഴിക്കു  നശിച്ച   ഒരു  കാക്ക %&%%₹#  എന്റെ തലയിൽ തൂറി "

അങ്ങനെ പറഞ്ഞു  പൈപ്പിൽ നിന്ന് വെള്ളം എടുത്തു വീണ്ടും പല വട്ടം സോപ്പ് തേച്ചു കുളിച്ചു കുളിച്ചു തുണിയൊക്കെ  വീണ്ടും കഴുകി.

"കുഞ്ചോത്തിക്കു ചിന്നൻ ആണെന്നാ തോന്നണേ.. പ്രായായി വരുവല്ലേ" മീനാക്ഷി ചെറിയമ്മ അമ്മയുടെ കാതിൽ പറഞ്ഞു.

" പോ ചെറിയമ്മേ... നിങ്ങടെ നായർക്കാ ചിന്നൻ.. "

അങ്ങനെ പിറു പിറുത്തു കൊണ്ടു തുണികൾ   വിരിക്കുമ്പോഴും ആ മുഖം പതിവില്ലാതെ അസ്വസ്ഥമായിരുന്നു. എന്നു മാത്രമല്ല പടിഞ്ഞോട്ടു തിരിഞ്ഞു നിന്ന്  വല്യമ്മച്ചി ഉള്ളുരുകി പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു

" ന്റെ കളമ്പുക്കാവിലമ്മേ അറിയാതെ ചെയ്തു പോയതാണേ എന്നേം എന്റെ കുട്ട്യോളേം കാത്തോളണേ. "  

അപ്പോൾ ആ കണ്ണു നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.  ശരിക്കും എന്താകും  വല്യമ്മച്ചിക്ക് കാവിലമ്മയോട് ഇത്ര അപേക്ഷിക്കാനുണ്ടാകുക..?.  ഞാൻ തന്നെ  കാരണം തിരക്കി മനസ്സിലാക്കാൻ അമ്മ പറഞ്ഞു. ചോദിച്ചു വന്നപ്പോൾ കാര്യം നിസ്സാരം. തലയിൽ തൂറിയ കാക്കയെ കല്ലെടുത്തെറിഞ്ഞതിലുള്ള കുറ്റബോധമാണത്രേ.
അതിന്റെ കാൽ ഒടിഞ്ഞു കാണുമോ എന്ന് എനിക്കും സങ്കടം തോന്നി.

പിറ്റേന്ന് കാലൊടിഞ്ഞോ ചിറകു തളർന്നോ ഒരു കാക്കയും മുറ്റത്തു വന്നില്ല എന്ന് ഞാൻ ആശ്വസിച്ചു. വല്യമ്മച്ചിയെയും ആശ്വസിപ്പിച്ചു. ഒരു കാറ്റ് നെടുവീർപ്പിട്ട്  ഞങ്ങൾക്കിടയിലൂടെ കടന്ന് പോയി.. അപ്പോഴും വല്യമ്മച്ചി പ്രാർത്ഥിച്ചു

" ന്റെ ഭഗവതീ... കാത്തോളണേ.. "

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് പോയി.  ഇടവ മാസം ആയി. തിരി മുറിയാത്ത മഴ.   അന്നൊക്കെ മഴക്കാലത്താണ് കപ്പ കൃഷി ഉള്ളത് കൊണ്ടു പല തരത്തിൽ അരിഞ്ഞുണക്കി വെച്ചിരിക്കുന്ന കപ്പ വറുത്തു തേങ്ങാക്കൊത്തും ചേർത്തു തിന്നാറുള്ളത്. കറുമുറെ   കപ്പ ചവച്ചു തിന്നുകൊണ്ടിരുന്ന  നേരത്ത് വല്യമ്മച്ചി തന്നെ ആ കാര്യം   അന്ന്  ഞങ്ങളോട് തുറന്ന് പറഞ്ഞു..

"അന്ന് ഞാൻ കുളിച്ചിട്ട് വരുമ്പോ നമ്മുടെ മൂപ്പത്തി ആ വാഴച്ചുവട്ടിൽ കുഴഞ്ഞു  വീണ് കിടക്കുന്നു.. ഞാൻ ഓടിച്ചെന്ന് പിടിച്ചു എണീൽപ്പിച്ചു. വീട്ടിൽ കൊണ്ടാക്കി. റോഡിൽ വന്നപ്പോ ആ ജാനു പറയുവാ എന്തിനാ അവിടെ പോയത്  ആ മൂപ്പത്തിക്ക് ദീനം ആണെന്ന്.. ഞാൻ പേടിച്ചില്ല. പടിഞ്ഞോട്ടു തിരിഞ്ഞു നിന്ന് ഭഗവതിയെ തൊഴുതു.. അറിഞ്ഞോണ്ട് ചെയ്തതല്ല. കാത്തോളണേ എന്ന്.. എന്തായാലും ഭഗവതി കാത്തു." അപ്പോഴാണ് ഞങ്ങൾ  വളരെ വൈകി ആ പ്രാർത്ഥനയുടെ കാരണം അറിഞ്ഞത്.

അതിന് ശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞു പോയി. ഇന്ന് വല്യമ്മച്ചി ഇല്ല.. എങ്കിലും ആ പ്രാർത്ഥനയുടെ പുണ്യം പോലെ ചില ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്.

ദീനം വന്ന ഒരാളെ തൊട്ടിട്ടും വല്യമ്മച്ചിക്ക് അന്നത് പകർന്നില്ല. പക്ഷെ  അനുജത്തിയെ വിവാഹം ചെയ്തു വിട്ട വീട്ടിൽ ദീനം ആണെന്ന് പറഞ്ഞൊരാൾ അവിടുന്നു വീട്ടിൽ വന്നു.. അയാൾ പോയിക്കഴിഞ്ഞ ഉടനെ അമ്മയ്ക്ക് കഠിനമായ ഒരു തലവേദന വന്നു. കുറച്ച് ദിവസം കഴിഞ്ഞ് അമ്മയ്ക്ക് അസുഖം വന്നു.( ചിക്കൻ പോക്സ് രോഗാണുക്കൾ വെളുത്ത വസ്ത്രത്തിൽ കടന്ന് കൂടും എന്ന് ഒരു കേൾവി  ഉണ്ട്.. അന്ന് വന്ന ആൾ ശുഭ്രവസ്ത്രം ആയിരുന്നു)  വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ള  എല്ലാവർക്കും അസുഖം വന്നു.  അസുഖം വന്നവൾ ഇട്ട നൈറ്റി കഴുകി ഉണക്കി ഇട്ടത് ധരിച്ചതിന്റെ പേരിൽ എനിക്കും  പിന്നെ. എന്റെ ചെറിയ മകനും   അസുഖം വന്നു.

അപ്പോൾ വല്യമ്മച്ചിയുടെ അന്നത്തെ പ്രാർത്ഥന എത്ര വിലപ്പെട്ടതായിരുന്നു. പറഞ്ഞും അറിഞ്ഞും  ഞങ്ങളെ ബാധിക്കാൻ അകലെ നിന്ന് വന്ന ചിക്കൻ പോക്സ് രോഗാണുക്കൾ ആ ദീനം ഉള്ള ഒരാളെ  നേരിൽ ചെന്ന് തൊട്ടിട്ടും  വല്യമ്മച്ചിക്ക് പകർന്നില്ല... ആ മനസ്സിന്റെ നന്മ കൊണ്ടാകാം ഒരു മേടപ്പുലരിയിൽ പറ വെക്കാൻ തയ്യാറായി കളമ്പുക്കാവിലെ എഴുന്നള്ളത്ത് കാത്തു നിന്ന എന്നോട് തറവാടിന്റെ  അടുത്തുള്ള ഗോപാലമ്മാൻ ഓടി വന്നു പറഞ്ഞത്

"പറ വെക്കല്ലേ കുട്ട്യേ.. വല്യമ്മച്ചി   പോയി"  അപ്പോൾ എഴുന്നള്ളത്ത് വിളിപ്പാടകലെ എത്തിയിരുന്നു.  ഒരു നിമിഷം വൈകി എങ്കിൽ പുല ഉള്ള ഞാൻ ആ നിറപറ വെക്കുമായിരുന്നു. അരുതാത്തത് ഒന്നും ജീവിതത്തിൽ സംഭവിക്കില്ല എന്ന് ഒരു വട്ടം കൂടി ആ അദൃശ്യ ശക്തി ബോധ്യപ്പെടുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക