Image

പെരുമ്പടവം ശ്രീധരൻ ; 88-ാം ജന്മദിനം.. ആശംസകൾ! : ആർ. ഗോപാലകൃഷ്ണൻ

Published on 13 February, 2026
പെരുമ്പടവം ശ്രീധരൻ ; 88-ാം ജന്മദിനം.. ആശംസകൾ!  : ആർ. ഗോപാലകൃഷ്ണൻ

കഥാകാരനായ ഈ ജ്യേഷ്ഠമിത്രം ആരോഗ്യവാനായി ഇനിയും മലയാള ഭാഷയിൽ 'ദൈവത്തിന്റെ കൈയ്യൊപ്പ്' ചാർത്തട്ടെ! ഭാവുകങ്ങൾ!
നോവലിസ്‌റ്റ്‌; കഥാകൃത്ത്‌; തിരക്കഥാകൃത്ത്‌- എല്ലാമാണല്ലോ പെരുമ്പടവം ശ്രീധരൻ.

പെരുമ്പടവം ഗ്രാമം, എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കില്‍ ഇലഞ്ഞി പഞ്ചായത്തിൽ. ഒരർത്ഥത്തിൽ എൻ്റെ അയൽ നാട്ടുകാരനാണ് എന്ന് പറയാം (മൂവാറ്റുപുഴ- തൊടുപുഴ താലൂക്കുകൾ തൊട്ടുള്ളവയാണല്ലോ.) എങ്കിലും വീടുകൾ തമ്മിൽ 70-ൽ കിലോമീറ്റെർ അകലമുണ്ട്...

അദ്ദേഹത്തെ ആദ്യമായി കാണുന്നത് എന്നാണ്? ഓർമ്മയില്ല. അടുത്തു പരിചയമാകുന്നത് തിരുവന്തപുരത്തു വച്ചാണ് - 1994-ൽ; സ്റ്റേറ്റ് ഫിലിം അവാർഡ് കമ്മിറ്റി അംഗങ്ങൾ ആയി ഞങ്ങളിരുവരും നിയോഗിതരായപ്പോൾ. പിന്നീട്, 2011- മുതൽ 2016- വരെ, കേരള സാഹിത്യ അക്കാദമിയിൽ പ്രസിഡണ്ടും സെക്രട്ടറിയുമായി ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. അതീവ ഹൃദ്യമായ സ്‌നേഹബന്ധമായി... ഇന്നും അതു തുടരുന്നു....
'പെരുമ്പടവം' ഗ്രാമത്തിൽ 1938 ഫെബ്രുവരി 12-നു ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 1950-61 കാലത്ത് ഇലഞ്ഞി ഹൈസ്കൂളിൽ അദ്ധ്യാപിക ആയിരുന്ന സിസ്റ്റർ മേരി ബനീഞ്ജ, പെരുമ്പടവം ശ്രീധരനെ അവിടെ മലയാളം പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബനീഞ്ജാമ്മയുടെ ഏറ്റവും വത്സലനായ  ശിഷ്യനുമാണ്, പെരുമ്പടവം. പെരുമ്പടവം ഇപ്പോഴും ആ ഓർമ്മ ഞങ്ങൾ സ്നേഹിതരുമായി പങ്കിടാറുണ്ട്.

പിതാവ് ചെറുപ്പത്തിലേ മരിച്ചു. അതുകൊണ്ട്, ജീവത സാഹചര്യങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കാര്യകർത്താവായി നിന്നിരുന്ന, അച്ഛന്റെ അനുജനുമായി ഇദ്ദേഹത്തിൻ്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല. അമ്മയായിരുന്നു എല്ലാത്തിനും ആശ്രയം.

പെരുമ്പടവം പറയുന്നു: "അഞ്ചാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട എന്നെ വളരെ ബുദ്ധിമുട്ടിയാണ് അമ്മ, ലക്ഷ്മിയമ്മ, വളര്‍ത്തിയത്. അതുകൊണ്ടു തന്നെ മറ്റാരേക്കാളും അമ്മയായിരുന്നു എന്നെ ഏറ്റവുമധികം സ്വാധീനിച്ചതും."  

ജന്മനക്ഷത്രവും കൃത്യമായ ജനന തീയതിയുമൊന്നും അമ്മയ്ക്ക് ഓർത്തെടുക്കുവാൻ കഴിഞ്ഞില്ലന്നും ഒരു ഊഹം വച്ച് സ്കൂൾ രേഖകൾക്കായി പറഞ്ഞു കൊടുത്ത തീയതിയാണ് ഫെബ്രുവരി 12 എന്നും പെരുമ്പടവം പറഞ്ഞിട്ടുണ്ട്.

'മലയാളം വിദ്വാൻ' പഠനമുണ്ടെങ്കിലും അദ്ധ്യാപനവൃത്തി സ്വീകരിച്ചില്ല; പൂർണ്ണസമയ എഴുത്തുകാരനായി ജീവിക്കാനുള്ള ആത്‌മവിശ്വസം നേടി, ജീവിതം മുന്നോട്ടു നയിച്ചു.

തിരുവനന്തപുരത്ത് പൂജപ്പുരയ്ക്കടുത്ത് 'തമല'ത്ത് ആണ് പെരുമ്പടവത്തിൻ്റെ വസതി. ജന്മനാട്ടിലും ഒരു വീടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അദ്ദേഹം ജന്മനാട്ടിലെ വീട്ടിൽ ഏകനായി കഴിയുന്നു.

മൂവാറ്റുപുഴ രാമമംഗലം സ്വദേശിനിയായ ലൈലയാണ് ഭാര്യ; അവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു. 2016-ൽ അവർ (ലൈല) അന്തരിച്ചു.  മക്കൾ: അജിത, അല്ലി, രശ്മി, ശ്രീകുമാർ.


ആദ്യനോവൽ 'സര്‍പ്പക്കാവ്'; ഏറെ ശദ്ധിക്കപ്പെട്ടില്ല. രണ്ടാം നോവൽ 'അഭയം'. അത് സൂപ്പർ ഹിറ്റായി! ആ അനുഭവം പെരുമ്പടവം ഓർത്തെടുക്കുന്നു:  

"ഞാന്‍ 'അഭയം' എഴുതുന്നത്, 1965 കാലത്താണ്. നോവല്‍ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും അത് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പെരുമ്പടവത്ത് തന്നെ താമസിച്ചുകൊണ്ട് പത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു അക്കാലത്ത്. അതിന് മുമ്പ് 'സര്‍പ്പക്കാവ്' എന്ന നോവൽ എഴുതിയിട്ടുണ്ടെങ്കിലും എഴുത്തുകാരന്‍ എന്ന പ്രസിദ്ധിയൊന്നും ലഭിച്ചിരുന്നില്ല. 'കേരളശബ്ദം' നോവല്‍ മത്സരത്തിനാണ് ' അഭയം' എന്ന ആ നോവല്‍ ആദ്യമായി അയച്ചത്. ഒരു വര്‍ഷക്കാലത്തേക്ക് യാതൊരു അറിയിപ്പുകളും ലഭിച്ചിരുന്നില്ല. ഞാനും അത് മറന്നിരിക്കുമ്പോഴാണ് 'കേരളശബ്ദ'ത്തിന്റെ പത്രാധിപര്‍ കെ. എസ്. ചന്ദ്രൻ്റെ കത്ത് എനിക്ക് ലഭിക്കുന്നത്. 'അഭയ'ത്തിന് 'കേരളശബ്ദം' നോവല്‍ മത്സരത്തില്‍  ഒന്നാം സമ്മാനം ലഭിച്ചുവെന്നാണ് ആ കത്തില്‍ പറഞ്ഞിരുന്നത്! 'കേരളശബ്ദ'മാണ് മത്സരം നടത്തിയതെങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചത് 'കേരളശബ്ദം' ഗ്രൂപ്പിൻ്റെ തന്നെ തന്നെ 'കുങ്കുമം' വാരികയില്‍ ആയിരുന്നു..."

വൈക്കം മുഹമ്മദ് ബഷീര്‍  ഈ നോവലിനെ പ്രശംസിച്ചു 'കുങ്കുമ'ത്തിനു ഏഴുതിയ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടതോടെ നോവലിന് ഏറെ വായനക്കാർ ഉണ്ടായി; പ്രശസ്തിയും നേടി. അക്കാലത്ത്, മലയാളത്തിലെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികള്‍ മാത്രം  പ്രസിദ്ധീകരിച്ചിരുന്ന 'സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം' 1966-ല്‍ ഇതു പുസ്തകമായി ഇറക്കി; അതും നല്ല പ്രചാരം നേടി. 'ചെമ്മീന്‍' ഒക്കെ സംവിധാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ  രാമു കാര്യാട്ട്, അത് സിനിമയാക്കി; 1970-ല്‍ 'അഭയം' സിനിമ പുറത്തിറങ്ങി.
 

അക്കാലമായപ്പോഴേക്കും പെരുമ്പടവം ശ്രീധരൻ തിരുവനന്തപുരത്തു  സ്ഥിരതാമസ മാക്കിയിരുന്നു. കുറച്ചുകാലം 'മലയാളനാട്' വാരികയുടെ എഡിറ്റർ ആയും ഇദ്ദേഹം ജോലിചെയ്തു.                  

'ആയില്യം', 'അന്തിവെയിലിലെ പൊന്ന്‌', 'അഷ്‌ടപദി', 'പിന്നെയും പൂക്കുന്ന കാട്‌', 'ഒറ്റച്ചിലമ്പ്‌', 'ഗ്രീഷ്‌മ ജ്വാലകൾ', 'കാൽവരിയിലേക്ക്‌ വീണ്ടും', 'ഇടത്താവളം', 'മേഘച്ഛായ', 'ഏഴാം വാതിൽ', 'നിന്റെ കൂടാരത്തിനരികെ', 'എന്റെ ഹൃദയത്തിന്റെ ഉടമ', 'ഇലത്തുമ്പുകളിലെ മഴ', 'ഇരുട്ടിൽ പറക്കുന്ന പക്ഷി', 'ഒരു സങ്കീർത്തനംപോലെ', 'കൃപാനിധിയുടെ കൊട്ടാരം', 'അരൂപിയുടെ മൂന്നാം പ്രാവ്‌', 'ഒരുകീറ് ആകാശം' എന്നിവയാണ്‌ പ്രധാന കൃതികൾ. ദസ്തയേവ്‌സ്കിയുടെയും സി ജെ തോമസിൻ്റെയും കുമാരനാശാൻ്റെയും മറ്റും ജീവിതം ഉപജീവിച്ച് നോവലുകൾ രചിച്ചിട്ടുണ്ട്. 
 

1993-ൽ പുറത്തുവന്ന 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലാണ് മലയാള സാഹിത്യരംഗത്ത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ശ്രദ്ധേയനാക്കിയത്. പെരുമ്പടവം ശ്രീധരൻ്റെ മാസ്റ്റര്‍പീസ് എന്ന് വിലയിരുത്തുന്ന 'ഒരു സങ്കീര്‍ത്തനം പോലെ'യെന്ന നോവല്‍ 1993 സെപ്തംബറിലാണ് പുറത്തിറങ്ങുന്നത്. (ആദ്യം ഈ നോവൽ 'ദീപിക' വാർഷിക പതിപ്പിൽ പൂർണ്ണരൂപത്തിൽ വന്നു; തേക്കിൻകാട് ജോസഫായിരുന്നു അന്ന് ഇതിൻ്റെ എഡിറ്റർ) പിന്നീടാണ് ഇതു പുസ്തകമായത്. സാഹിത്യലോകവും വായനക്കാരും ഇരുകൈയും നീട്ടി സ്വീകരിച്ച ആ നോവല്‍ പിന്നീട് പ്രസാധന ചരിത്രത്തിലെ അത്ഭുതമായി മാറി. ഈ നോവലിനു നൂറ്റിയമ്പതോളം പതിപ്പുകൾ വന്നു; ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു.  ഇപ്പോഴും ബുക്ക്സ്റ്റാളുകളിൽ ഒരു ബെസ്റ്റ്  സെല്ലർ ആയി അത് 'ഓടി'ക്കൊണ്ടിരിക്കുന്നു...

വിശ്വവിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ചൂതാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ "ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ" ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ദസ്തയേവ്‌സ്കിയുടെ ഭാര്യ അന്നയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിൻ്റെ ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ നോവലിന്റെ നായകൻ ദസ്തയേവ്‌സ്കിയാണെങ്കിലും അച്ചുതണ്ട് പിന്നീട് ജീവിത പങ്കാളിയായിത്തീർന്ന അന്നയാണ്.
 

'അഭയ'ത്തിന് (അതിന്റെ കഥ മാത്രം) ശേഷം ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞാണ്  പെരുമ്പടവം പിന്നീട് സിനിമ രംഗത്ത് എത്തുന്നത്.  പെരുമ്പടവം കഥ എഴുതിയ/ സംഭാവന ചെയ്ത  സിനിമകൾ ഇവയാണ്:

'അഭയം' (സംവിധാനം: രാമു കാര്യാട്ട്-1970); 'സൂര്യദാഹം' (സംവിധാനം: മോഹൻ-1980); 'ഗ്രീഷ്മജ്വാല' (സംവിധാനം: പി ജി വിശ്വംഭരൻ- 1981); 'പിന്നെയും പൂക്കുന്ന കാട്' (സംവിധാനം: ശ്രീനി-1981); 'അന്തിവെയിലിലെ പൊന്ന്' (സംവിധാനം: എസ്. രാധാകൃഷ്ണന്‍- 1982 - കലാസംവിധായൻ എന്ന നിലയിൽ പ്രസിദ്ധൻ); 'അഷ്ടപദി' (സംവിധാനം: അമ്പിളി- 1983); 'എൻ്റെ ഹൃദയത്തിൻ്റെ ഉടമ' (സംവിധാനം: ഭരത് ഗോപി- 2002)

1981-ൽ 'പിന്നെയും പൂക്കുന്ന കാട്' എന്ന സിനിമയ്ക്കാണ് പെരുമ്പടവം ആദ്യമായി തിരക്കഥ രചിയ്ക്കുന്നത്. മറ്റു  പത്തിലധികം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ രചനയിൽ സംഭാവനകൾ നൽകിയിട്ടുമുണ്ട്; ഉദാഹരണം: 'വിട പറയും  മുമ്പേ' 
(സംവിധാനം: മോഹൻ-1981) തിരക്കഥ-സംഭാഷണം തയ്യാറാക്കുന്നതിൽ ജോൺ പോളിനോടൊപ്പം സജീവമായി പ്രവർത്തിച്ചത് പെരുമ്പടവം ആയിരുന്നു, ടൈറ്റിൽ കാർഡിൽ അതു രേഖപ്പെടുത്തപ്പെട്ടില്ലങ്കിലും.

'സൂര്യദാഹം' എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പെരുമ്പടവം ശ്രീധരന് ലഭിച്ചു. 
 

സാഹിത്യ രംഗത്ത് നിരവധി അവാർഡുകൾ കിട്ടി. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1975 - 'അഷ്ടപദി'); വയലാർ പുരസ്കാരം (1996 - 'ഒരു സങ്കീർത്തനം പോലെ'); കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച കഥ- (1980 -'സൂര്യദാഹം'); കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം - ('നിലാവിന്റെ ഭംഗി' -കുട്ടികൾക്കുള്ള നോവൽ); മലയാറ്റൂർ പുരസ്കാരം - ('നാരായണം') വള്ളത്തോൾ പുരസ്കാരം - 2013; വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം; കേരള സാഹിത്യ അക്കാദമി- 2020-ലെ 'വിശിഷ്ട അംഗത്വം' .... തുടങ്ങിയവ അവയിൽ ചിലതുമാത്രം.

ഇപ്പോൾ 'വയലാർ ട്രസ്റ്റ്' ചെയർമാൻ ആണ്.
യുക്തിവാദ പ്രസ്ഥാനവുമായി യോജിച്ചു പ്രവർത്തിക്കുകയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അരുമ ശിഷ്യനാകുകയും ചെയ്ത പെരുമ്പടവം ജീവിതത്തില്‍ തൻ്റെതായ ഒരു 'ആത്മീയവഴിയില്‍' സഞ്ചരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം പറയുന്നതിങ്ങനെയാണ്: "ജാതിയുടെയോ മതത്തിന്റേയോ ആത്മീയതക്കപ്പുറം മനുഷ്യനും പ്രപഞ്ചവും കാലവും തമ്മിലുള്ള യോജിപ്പുണ്ട്, അതിനുള്ളില്‍ രൂപം കൊള്ളുന്നതാണ് എന്റെ ആത്മീയത. സത്യത്തില്‍ ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പങ്കുവെക്കുന്നതും ഈ സങ്കല്പം തന്നെയാണ്." 

PERUMPADAVAM AND R. GOPALAKRISHNAN
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക