Image

മിനസോട്ടയിലെ ഇമിഗ്രേഷൻ റെയ്ഡുകൾ അവസാനിപ്പിക്കുന്നു

Published on 12 February, 2026
മിനസോട്ടയിലെ ഇമിഗ്രേഷൻ റെയ്ഡുകൾ അവസാനിപ്പിക്കുന്നു

മിനിയപ്പൊലിസ്:  കടുത്ത എതിർപ്പിന്റെ പശ്ചാത്തലത്തിൽ മിനസോട്ടയിലെ  ഇമിഗ്രേഷൻ പരിശോധനകളും റെയ്‌ഡും അവസാനിക്കുന്നു.

ഓപ്പറേഷൻ മെട്രോ സർജ്‌ എന്ന് പേരിട്ടിരുന്ന റെയ്‌ഡ്‌  അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതായി ബോർഡർ സാർ ടോം ഹോമൻ മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡുകൾക്കായി വിന്യസിച്ചിരുന്ന ഏജന്റുമാരെ ഘട്ടംഘട്ടമായി പിൻവലിക്കും. നിലവിൽ ഏകദേശം 2,000 ഫെഡറൽ ഏജന്റുമാരെയാണ് മിനസോട്ടയിൽ വിന്യസിച്ചിട്ടുള്ളത്. നേരത്തെ 700 പേരെ പിൻവലിച്ചിരുന്നു.

അനധികൃത കുടിയേറ്റത്തിനു എതിരായ നടപടി വൻ വിജയമായിരുന്നുവെന്നും നാലായിരത്തോളം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ഹോമൻ അവകാശപ്പെട്ടു. മിനസോട്ടയിലെ പ്രാദേശിക ഭരണകൂടവും ഗവർണർ ടിം വാൾസും ഫെഡറൽ നടപടികളോട് സഹകരിക്കാൻ തയ്യാറായതിനാലാണ് പിൻവാങ്ങുന്നതെന്നാണ് ഹോമന്റെ വിശദീകരണം. അതുപോലെ പ്രതിഷേധം ശക്തിപ്പെട്ടാൽ പിന്മാറ്റം നടക്കില്ലെന്നും ഹോമൻ മുന്നറിയിപ്പ് നൽകി.

രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളും രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണവുമാണ് പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. റെയ്ഡിനിടെ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് റെനീ ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ മിനസോട്ടയിൽ വലിയ തോതിലുള്ള അക്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക