
നവതിതൻ വാതിൽ കടന്നുനില്ക്കെക്കാണ്മ-
തവനിതൻ കൺകളിൽ ക്രോധാഗ്നി!
തനയർതൻ തോന്ന്യാസമൊട്ടും പൊറാഞ്ഞംബ
വിതറുന്നു കാട്ടുതീ, പേമാരി!
അതുമല്ല മക്കൾതൻ വിദ്വേഷമംബയിൽ
പ്രളയാഗ്നിയൊന്നു കൊളുത്തീടാം.
മറവിയിലാഴ്ത്തിയിതൊക്കെ, ഞാനോർമ്മയിൽ
മധുരദിനങ്ങളെത്തേടുമ്പോൾ,
അരികിലെൻ തോഴി തൻവിസ്മൃതിക്കൂരിരുൾ-
മറയിലലിയുന്നു നിശ്ശബ്ദം!
അനതിദൂരത്തിലായ്ക്കാണും ഞൊറിവുക-
ളന്ത്യ യവനിക തന്നിലല്ലോ!
അനവദ്യശാന്തിയാണതിനപ്പുറത്തെന്ന-
തറിയുന്നേൻ, പീഡകളില്ലെന്നും! ◦