
വാഷിങ്ടൻ: 2023ൽ യുഎസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന പൊലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ടുലയുടെ (23) കുടുംബത്തിന്, സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.
“ജാൻവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം ജാൻവിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാൻവി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നു’’ – സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാഷിങ്ടനിലെ സിയാറ്റിലിൽ വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാൻവി പൊലീസ് വാഹനമിടിച്ച് മരിച്ചത്. മറ്റൊരു അടിയന്തര കേസിനായി മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പൊലീസ് ഓഫിസർ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് ജാൻവിയെ ഇടിച്ചത്.
അപകടത്തിനു ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ, ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാജ്യാന്തര പ്രതിഷേധത്തിന് കാരണമായിരുന്നു. അവൾക്ക് പരിമിതമായ മൂല്യമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നുമായിരുന്നു പരിഹാസം.ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് ഈ വൻതുക നഷ്ടപരിഹാരമായി നൽകാൻ സിയാറ്റിൽ സിറ്റി കൗൺസിൽ ഇപ്പോൾ ധാരണയിലെത്തിയത്.