Image

അമേരിക്കന്‍ മലയാളി വനിതയുടെ 10 കോടി രൂപ വിലയുള്ള വീട് തട്ടിയെടുത്ത കേസില്‍ വന്‍ ഗൂഢാലോചന (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 12 February, 2026
 അമേരിക്കന്‍ മലയാളി വനിതയുടെ 10 കോടി രൂപ വിലയുള്ള വീട് തട്ടിയെടുത്ത കേസില്‍ വന്‍ ഗൂഢാലോചന  (എ.എസ് ശ്രീകുമാര്‍)

തിരുവനന്തപുരം: അമേരിക്കന്‍  പൗരത്വമുള്ള മലയാളിയുടെ ഉടമസ്ഥതയില്‍ കവടിയാര്‍ ജവഹര്‍ നഗറിലെ കണ്ണായ സ്ഥലത്തുള്ള 14 സെന്റ് സ്ഥലവും ബഹുനില വീടും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത് വിലയാധാരമാക്കിയ കേസിലെ വന്‍ ഗൂഢാലോചന പുറത്തുവന്നു. അമേരിക്കയിലെ സ്ഥിര താമസക്കാരിയായ ഡോറ അസറിയ ക്രിപ്സ് എന്ന വീട്ടുടമ അറിയാതെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വീടും സ്ഥലവും ആള്‍മാറാട്ടം നടത്തി വില്പന നടത്തിയെന്നാണ് കേസ്. ഡോറയായി ആള്‍മാറാട്ടം നടത്തിയത് മണ്ണന്തല സ്വദേശിനി വസന്ത എന്ന സ്ത്രീയാണ്. ഡോറയുടെ വളര്‍ത്തുമകളായി കൊല്ലം ജില്ലയിലെ മെറിന്‍ ജേക്കബും രംഗത്തുവന്നു. ഡോറ അസറിയ ക്രിസ്പിന് പിതാവ് നല്‍കിയ സ്വത്താണിത്.

വ്യാജ രേഖകളാണെന്നറിഞ്ഞിട്ടും സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടുനിന്ന ശാസ്തമംഗലം, സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും സബ് രജിസ്ട്രാറുമായ  കെ.എസ്. ലക്ഷ്മിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്‍, വ്യവസായി അനില്‍ തമ്പി, സെയ്ദാലി തുടങ്ങിയവരും പിടിയിലായി. ഇവരെല്ലാം ഉള്‍പ്പെട്ട വലിയൊരു സംഘമാണ് ഏവരെയും ഞെട്ടിച്ച ആസൂത്രിതമായ തട്ടിപ്പിന് പിന്നില്‍. വീടിന്റെ യഥാര്‍ത്ഥ ഉടമ ഡോറ ക്രിപ്സിന്റെ ബന്ധു അമര്‍നാഥ് പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കരമടയ്ക്കാന്‍ ബന്ധപ്പെട്ട ഓഫീസില്‍ ചെന്നപ്പോഴാണ് വസ്തു കൈമാറ്റം ചെയ്ത വിവരം അറിയുന്നത്.

ഇത് ഡോറയുടെ പേരിലുള്ള വസ്തുവല്ലെന്നും ജവഹര്‍ നഗറിലുള്ള ചന്ദ്രസേനനാണ് ഉടമയെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് അമര്‍നാഥ് പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവര്‍ ശാസ്തമംഗലത്തെ പി.ജി.പി ലെയ്നിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി രേഖകള്‍ പരിശേധിച്ചപ്പോള്‍, വസ്തു ചന്ദ്രസേനന്‍ എന്നയാള്‍ക്ക് കൊല്ലം സ്വദേശിയായ മെറിന്‍ ജേക്കബ് 17-01-2025-ന് ഒന്നരക്കോടി രൂപയ്ക്ക് വിലയാധാരമായി നല്‍കിയെന്ന് കണ്ടെത്തി. തൊട്ടുമുമ്പുള്ള പ്രമാണം പോലീസ് പരിശോധിച്ചപ്പോഴാണ് മറ്റൊരു വിവരമറിഞ്ഞത്. വസ്തു ചന്ദ്രസേനന് രജിസ്റ്റര്‍ ചെയ്തു കൊടുക്കുംമുമ്പ്  മറ്റൊരു ഇടപാടും നടന്നിരുന്നു.

അതായത് രജിസ്ട്രേഷന് രണ്ടാഴ്ച മുമ്പ് അമേരിക്കയില്‍ നിന്ന് ഡോറ അസറിയ ക്രിപ്സ് തിരുവനന്തപുരത്ത് എത്തിയെന്നും തന്റെ വീടും സ്ഥലവും വളര്‍ത്തുമകളായ മെറിന്‍ ജേക്കബിന് ഇഷ്ടദാനമായി എഴുതിക്കൊടുത്തുവെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഡോറ നാട്ടില്‍ വന്നിട്ടില്ലെന്ന് അമര്‍നാഥ് പോള്‍ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പോലീസ് ഡോറയെ വീഡിയോ കോളില്‍ ബന്ധപ്പെട്ടപ്പോഴാണ് കള്ളക്കളിയുടെ ചുരുളുകള്‍ അഴിയുന്നത്. 2013-ന് ശേഷം ഡോറ ക്രിപ്സ് കേരളത്തിലെത്തിയിട്ടില്ല.

സംഭവത്തിന്റെ വേറൊരു സീന്‍ ഇങ്ങനെ. വ്യവസായിയും ഉന്നതങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയുമായ അനില്‍ തമ്പിയുടെ എന്‍ട്രിയാണിത്. ഡോറയുടെ  തൊട്ടടുള്ള ഫ്ളാറ്റിലാണ് ഇയാളുടെ താമസം. താന്‍ നിത്യവും കാണുന്ന ഡോറയുടെ പുരയിടം ആളനക്കമില്ലാതെ അടഞ്ഞു കിടക്കുന്നതിനെപ്പറ്റി അനില്‍ തമ്പി ഒരന്വേഷണം നടത്തി. പുരയിടത്തിന്റെ ഉടമ അമേരിക്കയിലാണെന്നും നാട്ടിലേയ്ക്ക് വരാറില്ലെന്നും ഇനി വരാന്‍ യാതൊരു സാധ്യതയില്ലെന്നും അനില്‍ തമ്പി മനസിലാക്കി. 2013 മുതല്‍ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനില്‍ തമ്പി പലവട്ടം വസ്തു വാങ്ങുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വില്‍ക്കാന്‍ തയാറായിരുന്നില്ല. അങ്ങനെയാണ് പൊന്നുംവിലയുള്ള വസ്തു സ്വന്തമാക്കാന്‍ അനില്‍ തമ്പി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠനെ സമീപിച്ചതും ഗൂഢാലോചന തുടങ്ങിയതും. അനില്‍ തമ്പി കടക്കെണിയിലായിരുന്ന മണികണ്ഠന് 40 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

മണികണ്ഠനാണ് പിന്നെ കരുക്കള്‍ നീക്കിയത്. ഇയാള്‍ തന്റെ സുഹൃത്ത് സുനില്‍ തോമസ് വഴി ഡോറയുമായി മുഖ സാദൃശ്യമുള്ള തിരുവന്തപുരം നഗരത്തിനടുത്തുള്ള മണ്ണന്തലയിലെ വസന്തയെ കണ്ടെത്തി. മറ്റൊരു സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സെയ്ദാലിയാണ് അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മെറിനെ ആള്‍മാറാട്ടത്തിനായി ഏര്‍പ്പാടാക്കിയത്. സെയ്ദാലി ഡോറയുടെയും മെറിന്റെയും വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി. അങ്ങനെ ഡോറയായി വസന്തയും വളര്‍ത്തുമകളായി മെറിനും ശാസ്തമംഗലത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. ഒരു കുഴപ്പവുമില്ലാതെ വ്യാജ ഇഷ്ടദാനം രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം മെറിന്‍ ഒന്നര കോടി രൂപയ്ക്ക് അനില്‍ തമ്പിയുടെ ഭാര്യ പിതാവായ ചന്ദ്രസേനന് വ്യാജ വിലയാധാരം എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മതിലില്‍ സ്ഥാപിച്ച ഡോറയുടെ പേരുള്ള ശിലാഫലകം തകര്‍ക്കുകയും 'ശിവകൃപ' എന്നൊരു നെയിം ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. വീട്ടില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി.

കഥ ഇവിടെ അവസാനിക്കുന്നില്ല. പ്രമാണം പരിശോധിച്ചപ്പോള്‍ രേഖകള്‍ എല്ലാം വ്യാജമാണെന്ന് പോലീസിന് വ്യക്തമായി. തട്ടിപ്പ് പുറത്തയപ്പോള്‍ രജിസ്ട്രേഷന്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണ ഉദ്യോഗസ്ഥയായി ശാസ്തംഗലം സബ് രജിസ്ട്രാര്‍ കെ.എസ് ലക്ഷ്മിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ലക്ഷ്മിയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലായിരുന്നു. പിന്നീട് നടന്ന പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഒന്നൊന്നായി അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഭൂമി കുഭകേണത്തിന്റെ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. മണികണ്ഠനും ലക്ഷ്മിയും 2025 ജനുവരി 27-ന് അനില്‍ തമ്പിയുടെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്ന് ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസിന് സമീപം വൈകിട്ട് 7 മുതല്‍ രാത്രി 10 വരെ ഇവര്‍ ഉണ്ടായിരുന്നതായും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഉറപ്പാക്കി. റജിസ്ട്രാര്‍ ഓഫിസിലെ അസിസ്റ്റന്റിന്റെ മൊഴിയും ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ അനന്തപുരി മണികണ്ഠനും അനില്‍ തമ്പിയും ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണത്തിനിടെ വ്യാജ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മണികണ്ഠന്റെ സഹോദരനും ആധാരമെഴുത്തുകാരനുമായ ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശി മഹേഷിന്റൈ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ചാണെന്ന് വ്യക്തമായി. മഹേഷിനെയും മ്യൂസിയം പൊലീസ് പിടികൂടി.പിടിയിലായ മെറിന്‍ ജേക്കബിന്റേയും വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് ഡോറയുടെ വളര്‍ത്തുമകളായി വേഷമിട്ട പുനലൂര്‍ അടയമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലി പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ്.

ഇനിയാണ് ശരിക്കുള്ള ട്വിസ്റ്റ്. കേസില്‍ ശാസ്തംഗലം സബ് രജിസ്ട്രാര്‍ ലക്ഷ്മി കൂടി ഇക്കഴിഞ്ഞ 9-ാം തീയതി അറസ്റ്റിലായി. ഇതോടെയാണ് അമ്പരപ്പിക്കുന്ന ഗൂഢാലോചന വെളിച്ചത്തായത്. കേസിലെ ഒന്‍പതാം പ്രതിയാണ്  ലക്ഷ്മി. 14.5 സെന്റ് സ്ഥലവും 10 മുറികളും 6,000 ചതുരശ്രയടി വിസ്തീര്‍ണവുമുള്ള വീടുമാണ് വ്യാജരേഖ, ആള്‍മാറാട്ടം, വ്യാജ ആധാരം എന്നിവ വഴി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഭൂമിതട്ടിപ്പിന് കൂട്ടുനിന്നു എന്ന് മാത്രമല്ല, പ്രതികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് കൂടി നല്‍കിയതിനാലാണ് സബ് രജിസ്ട്രാര്‍ പിടിയിലായത്. അതീവ ഗുരുതരമായ കുറ്റം മറച്ചുവച്ച് വിശ്വസനീയമായ രീതിയില്‍ ലക്ഷ്മി അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി റജിസ്ട്രേഷന്‍ ഐ.ജി, ജില്ലാ റജിസ്ട്രാര്‍ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കുകയായിരുന്നു.

ലക്ഷ്മിയും  അനന്തപുരി മണികണ്ഠനുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ സൈബര്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ മണികണ്ഠനില്‍ നിന്ന് ലക്ഷ്മി 10 ലക്ഷം രൂപയും വിലകൂടിയ 10 സ്മാര്‍ട്ട് ഫോണുകളും കൈക്കൂലിയായി വാങ്ങിയെന്ന് പോലീസ് കണ്ടെത്തി. കേസില്‍ ആള്‍മാറാട്ടം നടത്തിയവരും ഒത്താശ ചെയ്തവരും ഉള്‍പ്പെടെ എട്ടുപേതാണ് നേരത്തെ അറസ്റ്റിലായത്. റിമാന്‍ഡിലായ ലക്ഷ്മിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക