
ആകാശത്തും ഭൂമിയിലും സമാധാനം സ്ഥാപിക്കുന്നതിന് ലോകരാഷ്ട്രങ്ങളുടെ സഹകരണം ആവശ്യമാണെന്ന് സര്‍വ്വജനത്തിനും അറിയാം. എന്നാല്‍, കഠിനാദ്ധ്വാനവും കഷ്ടപ്പാടും മുതല്‍മുടക്കും കൂടാതെ, സ്വന്തം ജീവിതം, ആരോഗ്യവും സന്തോഷവും സമാധാനവും ഉള്ളതാക്കുന്നതിനു മുഖ്യമായി സ്വീകരിക്കേണ്ട ലളിതമായ ശീലം എന്താണെന്ന് എല്ലാവരും അറിഞ്ഞിട്ടില്ല.
സമാധാനം എന്നത് താല്‍ക്കാലികമായുണ്ടാകുന്ന ഒരു വികാരം മാത്രമല്ല. ജീവിതത്തിന്‍റെ എല്ലാസാഹചര്യങ്ങളിലും മനസ്സ് ശാന്തമായിരിക്കുന്നതിനു സഹായിക്കുന്ന, ഉള്ളില്‍നിന്നുള്ള ഒരു അനുഭവമാണ്.
അഭിനന്ദിക്കുന്നതും നന്ദി പറയുന്നതും ആധുനിക ലോകത്ത് കാണപ്പെടുന്ന പൊതുവായ കാര്യങ്ങളാണ്. നമ്മള്‍ക്ക് കിട്ടുന്ന സഹായത്തിനോ, പ്രോത്സാ ഹനത്തിനൊ, വാക്കുകളിലൂടെയോ പ്രവര്‍ത്തികളിലൂടെയോ, നാം നന്ദി നല്‍കുന്നു. ഒരു വ്യക്തി തന്‍റെ മനസ്സിലെ കൃതജ്ഞതയും സന്തോഷവും പ്രകടിപ്പിക്കുന്ന ഈ ചടങ്ങ്, പുരാതന നാഗരികതകളുടെയും മതപരമായ ആരാധനകളുടെയും ഭാഗമായിരുന്നു. ഇതിന്‍റെ ആദ്യചുവടുകള്‍ പതിഞ്ഞത്, ഇന്ത്യ, ഈജിപ്ത്, ഗ്രീസ്, മെസോപ്പൊട്ടേമിയ എന്നീ രാജ്യങ്ങളിലായിരുന്നു വെന്നും, അവിടെയെല്ലാം അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുന്ന വിവിധ രീതികള്‍ ഉണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നു. ജനസമൂഹത്തില്‍, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകള്‍ക്കും ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പം, ഈ ആചാരങ്ങളും ലോകമെങ്ങും പടര്‍ന്നുവെന്നു വിശ്വസിക്കാം.
ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും, നന്ദി അര്‍പ്പിക്കുന്നതിനും ഇപ്പോഴും ചടങ്ങുകള്‍ ഉണ്ടല്ലോ. ഹിന്ദുമതത്തിലെ വിവിധ പൂജകളും, ബുദ്ധമതത്തില്‍ കാണപ്പെടുന്ന ശ്രീ ബുദ്ധന്‍റെ ഗുണങ്ങളെ സംബന്ധിച്ച അനുസ്മരണകളും, ക്രിസ്തുമതത്തിലെ പ്രാര്‍ത്ഥനകളും, ഇസ്ലാംമതത്തിലെ നിസ്കാരങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട്, അഭിനന്ദനവും നന്ദിപ്രകടനവും, ആരാധനകളുടെയും സംസ്കാരങ്ങളുടെയും സംയോജിത ഭാഗങ്ങളെന്നു കരുതാം. ഇവ ഒറ്റ ഉറവില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്നും, മനുഷ്യരുടെ ആത്മീയവും സാമൂഹികവും സംസ്കാരികവുമായ ജിവിതതലങ്ങളില്‍, കാലാനുസൃതമായി ഉണ്ടായതാണെന്നും വിശ്വസിക്കപ്പെടുന്നു. ലഭിക്കുന്ന ആഹാരത്തിനും, നന്മക്കും, ജയത്തിനും, ഭാഗ്യാനുഭാവത്തിനും, സുരക്ഷക്കും നന്ദി പറയുന്ന രീതി ലോകമെമ്പാടും ഉണ്ട്. എന്നാലും, ഭൂരിപക്ഷം ആളുകള്‍ ഈ വസ്തുതകള്‍ പരിശോധിക്കാറില്ല. സുപ്രധാന കാര്യമായി പരിഗണിക്കുന്നുമില്ല.
മതവിശ്വാസികള്‍ അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളും അടിസ്ഥാന മാക്കി, ആഘോഷങ്ങളിലൂടെയും, ദൈവങ്ങള്‍ക്കും മറ്റും നന്ദി നല്‍കാറുണ്ട്. ഹിന്ദുക്കളുടെ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടവ “ദീപാവലി”യും “നവരാത്രി” യുമാണ്. യഹൂദരുടേത്: “യോം കിപ്പൂര്‍” (അന്ത്യവിധി കല്‍പനാദിനം) “സുക്കൊത്ത്” (കൂടാരപ്പെരുന്നാള്‍) എന്നിവ. ക്രൈസ്തവരുടേത്: “ക്രിസ്മസ്,” “ഈസ്റ്റര്‍” ആഘോഷങ്ങളള്‍. ഇസ്ലാംമതത്തിന്‍റെത് “ചെറിയ പെരുന്നാള്‍,” “ബലി പെരുന്നാള്‍” എന്നിവയാണ്. ചെറുതും വലുതുമായ മറ്റ് മതങ്ങളും, അവരവരുടെ ദൈവങ്ങള്‍ക്ക് ആഘോഷങ്ങളിലൂടെ നന്ദി അര്‍പ്പിക്കാറുണ്ട്. അങ്ങനെയാണെങ്കിലും, നിഷിദ്ധമാണെന്ന നിഗമനത്താല്‍, മതപരമായ ചില ആഘോഷങ്ങള്‍ അനുവദിക്കാത്ത ശക്തിരാഷ്ട്രങ്ങളും ഭൂമുഖത്തുണ്ട്.
മതങ്ങളുടെ ആഘോഷങ്ങള്‍ അര്‍ത്ഥമുള്ളതും വ്യത്യസ്തങ്ങളുമാണ്. എല്ലാ മനുഷ്യരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കേണ്ടത് ആത്മീയമായ കടമയാണെന്നും, അത് നിറവേറ്റുന്നതിലൂടെ ദൈവവുമായുള്ള മനുഷ്യബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്ക്കാരും റോമന്‍ ജനതയും നന്ദി ഒരു ഗുണമാണെന്നു കരുതുകയും, തത്വചിന്തകര്‍ ധാര്‍മ്മികമൂല്യമുള്ളതായി കാണുകയും ചെയ്തിരുന്നു.
നന്ദി എന്ന പദത്തിന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയും അഭിപ്രായഭിന്നതകള്‍ ഉണ്ട്. പുരാതന ഇംഗ്ലീഷ് ഭാഷയിലെ “താങ്ക്” ( Thanc ) എന്ന പദത്തില്‍നിന്നാണ് നന്ദി എന്ന പദം വന്നതെന്നും, “ജര്‍മ്മനിക്ക്” ഭാഷാകുടുംബത്തില്‍പ്പെട്ടതും വിവിധ അര്‍ത്ഥങ്ങള്‍ ഉള്ളതുമാണെന്നും, ആധുനികതയില്‍ ഈ പദം നന്ദി അഥവാ കൃതജ്ഞത പറയുന്നതില്‍ എത്തിനില്‍ക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ദൈവത്തോടും ഗുരുക്കന്മാരോടും, സ്നേഹിക്കുന്നവരോടും നന്ദി പറയാന്‍ ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെടുന്നതിനാല്‍, നന്ദി പറയുന്നവരുടെ വ്യക്തിത്വത്തോടും അതിനു ബന്ധമുണ്ട്. കുടുംബ ജീവിതം, പെരുമാറ്റം, സംസാരരീതി, സംസ്കാരം എന്നിവയിലും നന്ദി പ്രതിഫലിക്കുന്നു.
ഒരു വ്യക്തി നന്ദിപറയുന്നില്ല എന്ന കാരണത്താല്‍, അയാളെ “നന്ദിയില്ലാത്ത വന്‍” എന്നു വിധിക്കരുത്. ചിലര്‍ നന്ദി പറയാതെ, പ്രവര്‍ത്തിയിലൂടെ അത് പ്രകടമാക്കും. മറ്റുള്ളവരോട് മാന്യമായും മര്യാദയോടും വിനയത്തോടും കൂടി പെരുമാറാന്‍ പഠിക്കുന്നതുപോലെയല്ല നന്ദി പറയുന്നത്. ഇത് ചിലരില്‍ കാലക്രമേണ ഉണ്ടാകുന്ന സര്‍ഗ്ഗസ്വഭാവമാണ്. സാമൂഹികവും സാംസ്കാരികവുമായ ബന്ധങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്.
കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ നന്ദിപറയുന്ന പാരമ്പ ര്യമില്ലായിരുന്നു. കുടുംബപരമായ സംഗതികള്‍ സ്വാഭാവികമാണെന്ന വിശ്വാസമാണ് അതിന്‍റെ കാരണം. സഹകരണവും സ്നേഹവാത്സല്യങ്ങളും വാക്കുകളിലൂടെയല്ലാതെ, പ്രവര്‍ത്തികളിലൂടെ പ്രകടിപ്പിക്കുകയാണല്ലോ പതിവ്. മുതിര്‍ന്ന ആളുകള്‍ക്ക് നന്ദിയുടെ ആവശ്യമില്ലെന്ന ധാരണയും ഒരു പുതുമയല്ല. മാതാപിതാക്കള്‍ മക്കളില്‍നിന്ന് നന്ദി പ്രതീക്ഷിക്കാറുമില്ല. സ്വന്തം വികാരങ്ങളെ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്തവരുണ്ട്. എന്നാലും, നന്ദി പറയുന്നതിലൂടെ ബന്ധങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ആനന്ദകരവും ശക്തവുമാകുന്നുണ്ട്.
ദാമ്പത്യജീവിതത്തിലും നന്ദിവാക്കിനു വലിയ സ്ഥാനവും സ്വാധീനവുമുണ്ട്. പരസ്പരം വിലമതിക്കുന്നതിനും, ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, അന്യോന്യം നല്ലവരായി കാണപ്പെടുന്നതിനും, ആത്മാര്‍ത്ഥതയോടെ സഹകരിക്കുന്നതിനും, സന്തുഷ്ട കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും ഇത് സഹായിക്കുന്നു. പ്രതിസന്ധിസമയങ്ങളില്‍ ഉണ്ടാകാവുന്ന പ്രയാസങ്ങളില്‍ നിന്നും മനസ്സിനെ വീണ്ടെടുത്ത്, അനുരോധഭാവം കാട്ടാനും നന്ദിപ്രകടനം പിന്തുണക്കുന്നു. അതുകൊണ്ടുതന്നെ, ഓരോരുത്തരുടേയും ഉള്ളിലുളവാകുന്ന അനുകൂല ശക്തിവികാരമാണ് നന്ദി.
നവീന കാലത്ത്, നന്ദി പറയാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം. എന്നാലും, അഭിനന്ദിക്കാനും, നന്ദി പറയാനും ഒട്ടും ഇഷ്ടപ്പെടാത്തവരും ഇടകലര്‍ന്നു ജീവിക്കുന്നു. അഹങ്കാരവും ദുരഭിമാനവുമുള്ളവരും, അസൂയ ജാതിചിന്ത വര്‍ഗ്ഗ വര്‍ണ്ണവിവേചനം എന്നിവ മനസ്സില്‍ കൊണ്ടുനടക്കുന്നവരും, ധനിക നും ദരിദ്രനുമെന്ന വ്യത്യാസം കണക്കിലെടുക്കുന്നവരും, അഭിനന്ദിക്കാനും നന്ദി പറയാനും മടിക്കുന്നു. സംസ്ക്കാരവും വിദ്യാഭ്യാസവുമുണ്ടെങ്കിലും, അതിപുരാതനമായ പാരമ്പര്യങ്ങളും ആധുനികഭാവങ്ങളും ഒത്തുചേരുന്ന തിലാണ് സാംസ്കാരികമായ ജീവിതമെന്ന് അറിയാത്തവരും, നന്ദിയുടെ ആഴം കാണുന്നില്ല.
ഭൂമി സമാധാനവും സന്തോഷവും സുരക്ഷയുമുള്ള ഒരിടമാക്കാന്‍, നന്ദിയും വിലമതിപ്പും നല്‍കുന്ന ജനമനോഭാവത്തിനു കഴിയും. അര്‍ഹതയുള്ളവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഹൃദ്യമായി നന്ദി പറയുന്നത്, തീര്‍ച്ചയായും സന്തോഷകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.
അഭിനന്ദനം എന്നത് ഒരു വ്യക്തിയുടെയോ വസ്തുവിന്‍റെയോ ഗുണങ്ങളെ അംഗീകരിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന, അര്‍ത്ഥമുള്ള, ഒരു നല്ല വികാരമാണ്. ഇത് പ്രത്യേക സഹായത്തിനോ പ്രവര്‍ത്തിക്കോ നല്‍കുന്ന, നന്ദിയില്‍ നിന്നു വ്യത്യസ്തമാണ്. അഭിനന്ദിക്കുന്നതിനും, നന്ദി പ്രകടിപ്പിക്കു ന്നതിനും, രാഷ്ട്രീയവും പങ്ക് വഹിക്കുന്നുണ്ട്. നാട്ടുകാര്‍ക്കും, നേതാക്കള്‍ ള്‍ക്കും, വോട്ടറന്മാര്‍ക്കും, ദുരിതാശ്വാസപ്രവര്‍ത്തനം വികസനപ്രവര്‍ത്തനം സമാധാനശ്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും, രാഷ്ട്രീയക്കാര്‍ നല്‍കുന്ന നന്ദിയുടെ ധ്വനി രാഷ്ട്രീയവേദികളില്‍ കേള്‍ക്കാം.
ആജ്ഞേയവാദികളും, ദാര്‍ശനിക ജീവിതരീതിയുള്ളവരും, നിരീശ്വരവാദിക ളും, യുക്തിവാദികളും, മതപരമായി ബന്ധമില്ലാത്തവരും, സാംസ്കാരിക വിശ്വാസികളും അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്യുന്നു. അവ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായി കരുതപ്പെടുന്നുമുണ്ട്. എങ്കിലും, അതില്‍ ദൈവവിശ്വാസമില്ല.
വിവിധ കാരണങ്ങളാല്‍, ആധുനിക മനുഷ്യന്‍റെ ജിവിതത്തില്‍ വൈകിവരു ന്ന വിശുദ്ധവികാരമാണ് ആത്മീയത. തന്നെത്തന്നെ അറിയാനും പ്രപഞ്ചവു മായി ബന്ധപ്പെടാനുമുള്ള, ആന്തരീകമായ അന്വേഷണം അതില്‍ ആരംഭിക്കു ന്നു. മാനസികശാന്തത, കരുണ, സത്യസന്ധത, സ്നേഹം എന്നിവയില്‍ അധിഷ്ഠിതമായ ജീവിതമാണ് ആത്മീയതയുടെ അന്തസ്സത്ത. ഇത് പ്രപഞ്ച ത്തിലുള്ള എല്ലാത്തിനെയും ആദരവോടെ കാണാന്‍ മനുഷ്യനെ മനസാ നിര്‍ബന്ധിക്കുന്നു. ഞാന്‍ ആര്? എന്ന ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തുക യാണ് ആത്മീയതയുടെ പ്രഥമലക്ഷ്യം. പിന്നയോ, ശരീരത്തിനും മനസ്സിനും ബുദ്ധിക്കുമപ്പുറത്തുള്ള, ആത്മാവെന്ന രഹസ്യത്തെ അറിയുക എന്നതാണ് മറ്റൊരു കാര്യം. ഇതിന് ആത്മവിചാരം സഹായിക്കുന്നു. എല്ലാ മനുഷ്യ രേയും കൂട്ടിച്ചേര്‍ക്കുന്ന ഒരു ചൈനതന്യമാണ് ഐക്യബോധം. അതിനാല്‍, അഭിനന്ദനവും നന്ദിയും കൊടുക്കുന്നതിന് ആത്മീയത മാര്‍ഗ്ഗദര്‍ശിയാകുന്നു.
നന്ദി പറയുന്നതിലൂടെ ഒരു വ്യക്തിക്ക്, ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ ലഭിക്കുമെന്ന് പഴയകാല ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. അനുഭവ ങ്ങള്‍, പഠനങ്ങള്‍, മനശാസ്ത്രപരമായ പരീക്ഷണങ്ങള്‍ എന്നിവയിലൂടെ മനുഷ്യന്‍ കണ്ടെത്തിയ ഒരു വസ്തുത, പുതിയ തലമുറയിലെ ന്യുനപക്ഷ ജനവും അറിഞ്ഞിട്ടില്ല. നന്ദി പറയുന്നതിന്‍റെ ശാസ്ത്രീയമായ ഗുണങ്ങളെ കുറിച്ച് മനശാസത്രപഠനം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടുമില്ല.
നന്ദി പറയുമ്പോള്‍, നമ്മുടെ തലച്ചോറില്‍ സന്തോഷം പകരുന്ന രാസവസ്തു ക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇപ്രകാരം ഉണ്ടാകുന്ന രാസവസ്തുക്കളില്‍ പ്രധാനപ്പെട്ടവ: ഡൊപ്പാമൈന്‍ (Dopamine). ഇത് തലച്ചോറില്‍, ഏകാഗ്രത, ഓര്‍മ്മ, സന്തോഷം എന്നിവ പകരുന്ന ഒരു തരം ന്യൂറോട്രാന്‍സ്മിറ്ററാണ്. മറ്റൊന്ന്, സെറോട്ടൊണിന്‍ ( Serotonin ). ശരീത്തിലേയും തലച്ചോറിലേയും നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഇത് സഹായിക്കുന്നു. മാനസികാവസ്ഥയെ സുസ്ഥിരമാക്കുന്നുമുണ്ട്. “സ്ട്രെസ് ഹോര്‍മോണ്‍” എന്നറിയപ്പെടുന്ന വേറൊരു രാസവസ്തുവാണ് “കോര്‍ട്ടിസോള്‍” ( Cortisol ). ഇത് ശരീരത്തിന്‍റെ സമ്മര്‍ദ്ദം നിയന്ത്രിക്കും. ശേഷമുള്ളത്, “പാരാസിമ്പതറ്റിക്ക് നാഡിവ്യുഹം” (parasympathetic Nervous System ). ഇത് ശരീരത്തിന് വിശ്രമവും സമാധാനവും നല്‍കുന്ന ഒരു സംവിധാനത്തെ സജീവമാക്കുന്നു. അതിനാല്‍, നന്ദി ഒരു സൗഖ്യദായക ശക്തിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
തലച്ചോറില്‍ ആനന്ദവും, പ്രണയവികാരങ്ങളും, പ്രണയിക്കുബോള്‍ ആവേശവും ഉദ്പാദിപ്പിക്കുന്ന രാസവസ്തുക്കളുമുണ്ട്. ഓക്സിടോസിന്‍ (oxiytocin), സെറോട്ടൊണിന്‍ (serotonin), ഡൊപ്പാമൈന്‍ (Dopamine), നോറെപിനെഫ്രിന്‍ (Norepinephrine) എന്നിവയാണ്. ഈ രാസവസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നത് എങ്ങനെയെന്നും, ഇവയുടെ അഭാവത്തില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമെന്നും ശാത്രജ്ഞന്മാര്‍ പഠിപ്പിക്കുന്നുണ്ട്.
ജീവിതത്തിലെ എല്ലാറ്റിനെയും മെച്ചപ്പെടുത്താന്‍ കഴിയുന്ന നന്ദി സുപ്രധാന മാണ്. അതില്‍ മനുഷ്യവികാരങ്ങളുടെ ശാസ്ത്രമുണ്ട്. പിന്നയോ, നന്ദി നമ്മുടെ ജീവിതത്തിന്‍റെ ഘടനയും, മനോഹരമായ പ്രതിഫലവുമാണ്!
മനുഷ്യന്‍ ഭയാനകമായ സാഹചര്യര്യങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുമ്പോഴും, അഭിനന്ദിക്കാനും നന്ദി പറയാനും കഴിയുന്നത് ആത്മശക്തിയുടെ അടയാളമാണ്. അതിനാല്‍, നന്ദി ഒരു വാക്ക് മാത്രമല്ല. അത്, ഒരു ജീവിതമുറയാണ്!
നന്ദി പറയുന്നതിന്‍റെ ഗുണങ്ങളും ഫലങ്ങളും സ്വാധീനതയും സംബന്ധിച്ചു പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശാസ്ത്രജ്ഞന്മാരില്‍ പ്രധാനിയായ റോബര്‍ട്ട് എമ്മണ്‍സ്, “നന്ദി” എന്ന വിഷയത്തെപ്പറ്റി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവ BARNES & NOBLE പുസ്തകശാലയില്‍ ലഭ്യമാണ്!
________________________