Image

ദാ വന്നു, ദേ പോയി- (നര്‍മ്മഭാവന : ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 12 February, 2026
ദാ വന്നു, ദേ പോയി- (നര്‍മ്മഭാവന : ജോസ് ചെരിപുറം)

'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.' 'വിരഹദുഃഖംമെന്തന്നറിയാനെങ്കിലും ഒരുവട്ടം പ്രേമിക്കണം.' എന്നൊക്കെ കവികള്‍ എഴുതിയതു വായിച്ച് പ്രേമിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: മേലുദ്ധരിച്ച വരികളില്‍ മനസ്സിന്റെ നൊമ്പരങ്ങളെ ആലേഖനം ചെയ്തിട്ടുള്ളൂ; ശരീരത്തിലേല്‍ക്കുന്ന കേടുപാടുകള്‍, ഹേമദണ്ഡങ്ങള്‍ വേറെ. പ്രേമം ദിവ്യമാണ്, ജീവിതത്തില്‍ പ്രേമിക്കാത്തവര്‍ വിഡ്ഢിയാണ് എന്നൊക്കെ പ്രേമിച്ചവര്‍ക്കു തോന്നാം. എന്നാല്‍ പ്രേമിച്ചവര്‍ വിഡ്ഢികളാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

എന്റെ ഒരു സുഹൃത്ത് പ്രേമം മൂത്ത് കാമുകിയെ കാണാന്‍ അവളുടെ ഇടവകപ്പള്ളിയില്‍ പെരുന്നാളിനു പോയി. അവള്‍ക്ക് ഘടോല്‍ക്കചനെപ്പോലുള്ള രണ്ട് ആങ്ങളമാരുണ്ടായിരുന്നു. അവരവനെ ചവിട്ടിപ്പിടിച്ചു. അതോടെ ആ പ്രേമത്തിനു തിരശ്ശീല വീണു. അവനൊരു ഗുണപാഠവും പഠിച്ചു: തന്റേടികളായ ആളങ്ങമാരുള്ള പെണ്‍പിള്ളേരെ കരാട്ടെ പഠിക്കാതെ പ്രേമിക്കാന്‍ പോകരുത്.


ഇങ്ങനെ എത്രയെത്ര കൗമാരപ്രായ സ്മരണകള്‍ എനിക്കില്ല! അന്നൊക്കെ(അറുപതുകളില്‍) ബന്ധത്തില്‍പ്പെട്ട പെണ്ണുങ്ങളോടു മാത്രമേ സംസാരിക്കാന്‍ സമൂഹം അനുമതി നല്‍കിയിരുന്നുള്ളൂ. ഒരു കത്ത് സ്്ക്കൂളിലെ അഡ്രസ്സില്‍ വന്നാല്‍ അത് തുറന്നു വായിച്ചശേഷമേ ഹെഡ്മാസ്റ്റര്‍ അതിന്റെ മേല്‍വിലാസക്കാരനു നല്‍കിയിരുന്നുള്ളൂ. അത്രമേല്‍ നിഷിദ്ധമായിരുന്നു. ഇന്നു പാടിപ്പുകഴ്ത്തുന്ന അനുരാഗം. അതിന്റെ ബലിക്കല്ലില്‍ വീണുടഞ്ഞത് എത്രയെത്ര ജീവിതങ്ങള്‍! അതൊക്കെ ഓര്‍ക്കുമ്പോള്‍, പ്രേമിക്കാതിരിക്കുന്നതാണു ബുദ്ധി എന്നു തോന്നിപ്പോകും. കേരളത്തിനു പുറത്ത് ജോലിയുണ്ടായിരുന്ന ഒരുത്തന്‍ അപ്പനും കാമുകിക്കും കത്തെഴുതി ഒട്ടിച്ച് അഡ്രസ്സെഴുതിയപ്പോള്‍ പരസ്പരം മാറിപ്പോയി. പിന്നത്തെ പുകില്‍ ഞാനെഴുതാതെ നിങ്ങള്‍ക്കൂഹിക്കാമല്ലോ. അതോ അവനതു മനഃപൂര്‍വ്വം ചെയ്തതോ?  തന്ത ഒന്നറിഞ്ഞോട്ടെ, തനിക്കും കല്യാണപ്രായമായെന്ന്.

പ്രേമം ചൂയിംഗ് ഗം പോലെയാണ്. ആദ്യത്തെ കുറച്ചു നേരം മധുരം കാണും. പിന്നെപ്പിന്നെ മധുരമില്ലെങ്കിലും വെറുതെ ചവച്ചുകൊണ്ടിരിക്കും.


എന്റെ അയല്‍വാസി ജോജറുകുട്ടിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. പേര് അങ്ങനെയായതിനു കാരണമുണ്ട്. കുട്ടിക്കാലത്ത് മുന്‍വശത്തെ പല്ല് കൊഴിഞ്ഞപ്പോള്‍, എന്താ നിന്റെ പേര് എന്ന് ആരെങ്കിലും ചോദിച്ചാല്‍, വായിലൂടെ കാറ്റ് നിയന്ത്രണമില്ലാതെ പുറത്തേക്കു പോയിരുന്നതിനാല്‍, 'ജോജറുകുട്ട' എന്നേ അവനു പറയാന്‍ കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെ എല്ലാവരും അവനെ ജോജറുകുട്ടി എന്നു വിളിക്കാന്‍ തുടങ്ങി. കാലചക്രം ഉരുണ്ടു. അവന്‍ കൗമാരത്തിലെത്തി. കൃത്യം പറഞ്ഞാല്‍ പതിനഞ്ചു വയസ്സ്. ശബ്ദത്തിനു കനംവച്ചു. മൂക്കിനു താഴെ ചെമ്പന്‍രോമങ്ങള്‍. അവന്‍ തീപ്പെട്ടിക്കൊള്ളികൊണ്ടു കറുപ്പിച്ചു. കുരുവിക്കൂട് ഹെയര്‍സ്റ്റൈല്‍. ഷര്‍ട്ടിന്റെ രണ്ടുമൂന്നു ബട്ടണ്‍സ് തുറന്നിട്ടാണു നടപ്പ്. ആരെയും പ്രേമിക്കാന്‍ തയ്യാറായി. ്അവന്റെ മട്ടും നടപ്പുമൊന്നും തന്തപ്പടി കുഞ്ഞാപ്പന്‍ചേട്ടന്  അത്ര പിടിക്കുന്നില്ല. സാമാന്യം തരക്കേടില്ലാത്തൊരു നാട്ടുമ്പുറത്തു  കര്‍ഷകന്‍. സ്ത്രീകളെ കണ്ണെടുത്താല്‍ കണ്ടുകൂടാ, തരം കിട്ടുമ്പോഴൊക്കെ പെണ്ണുങ്ങളുടെ കുറ്റം പറയുന്ന സ്വഭാവം. വീട്ടില്‍ വലിയ കര്‍ശനക്കാരന്‍. പ്‌ക്ഷേ ഭാര്യ ആണ്ടുതോറും പ്രസവിക്കും. എന്റെ ചെറുപ്പത്തില്‍ എനിക്ക് ഒട്ടു മനസ്സിലാകാത്ത കാര്യമായിരുന്നു അത്. സ്ത്രീകളെ ഇത്ര വെറുക്കുന്ന കുഞ്ഞാപ്പന്‍ചേട്ടന് ഇത്രയും മക്കള്‍ എങ്ങനെ ഉണ്ടായെന്ന്. അതു പോകട്ടെ, പല ചേട്ടന്‍മാരും അങ്ങനെയാണല്ലോ, ജോജറുകുട്ടി കുളിക്കാന്‍ പോയപ്പോള്‍ കടവില്‍ തുണിയലക്കുന്ന ഇത്തമ്മ എന്ന അയല്‍ക്കാരിയെ കാണുന്നു. അവനെക്കാള്‍ അഞ്ചു വയസ്സിനു മൂത്തതാണ് ഇത്തമ്മ. പക്ഷേ അവളുടെ ശരീരപുഷ്ടിയില്‍ നമ്മുടെ ടീനേജര്‍ മയങ്ങി. ആരും മയങ്ങും. നിറഞ്ഞ മാറും തുള്ളിത്തുളുമ്പും നിതംബവും വശ്യമാം പുഞ്ചിരിയും. ആരെയും ആകര്‍ഷിക്കുന്നൊരു സര്‍പ്പസൗന്ദര്യം. ജോജറുകുട്ടിയെ കണ്ടപ്പോള്‍ അവള്‍ പാവാടയുടെ അറ്റം ഒന്നുകൂടെ  മുട്ടിനു മുകളിലേക്ക് എടുത്തു കുത്തി. എന്നിട്ട് ഒന്നുമറിയാത്തപോലെ പുഞ്ചിരിച്ചോണ്ടൊരു ചോദ്യം: 'കുളിക്കാന്‍ വന്നതായിരിക്കും. അല്ലേ?' ജോജറുകുട്ടി ബദ്ധപ്പെട്ടു പറഞ്ഞു, 'അതേ.'


അവന്റെ ഹൃദയത്തില്‍ പ്രേമത്തിന്റെ സുനാമി: അവിടെ എന്തൊക്കെയോ കടപുഴകി. അന്നു രാത്രി അവന് ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോള്‍ ഇത്തമ്മ മുന്നില്‍. പ്രേമപരവശനായ അവന്‍ രാത്രി കഴിച്ചുകൂട്ടി. എന്തൊരു ചിന്ത! ഇത്ര ഗൗരവമായും ഗാഢമായും അവന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല. ജീവിതത്തെപ്പറ്റി, ബന്ധങ്ങളെപ്പറ്റി, എല്ലാം, എല്ലാം. ഇത്തമ്മയില്ലാത്തൊരു  ജീവിതത്തെപ്പറ്റി സങ്കല്പിക്കാന്‍ കൂടെ വയ്യാതായി. അവളെ കല്യാണം കഴിക്കുകതന്നെ. അതിനുള്ള ഏര്‍പ്പാട് ഉടന്‍ ഉണ്ടാക്കണം. പക്ഷേ മുരടനായ അപ്പനോട് എങ്ങനതു പറയും? അപ്പോഴാണു ജോജറുകുട്ടിക്ക് ഗാന്ധിജിയുടെ തന്ത്രം ഓര്‍മ്മ വന്നത്. ഒരു കത്തെഴുതുക. എഴുതി. അങ്ങനെ അവസാനം നേരം പുലര്‍ന്നു. കുഞ്ഞാപ്പന്‍ചേട്ടന്‍ രാവിലെ പള്ളിയില്‍ പോകും. തിരിച്ചുവന്ന് കാപ്പി കുടിക്കാനിരിക്കും. അപ്പോഴേക്കും സ്‌ക്കൂളില്‍ പോകേണ്ട മക്കളൊക്കെ റെഡിയായിരിക്കണം. അതാണു കീഴ് വഴക്കം. അപ്പന്‍ വന്ന് കൈ കഴുകി പ്രാതല്‍ കഴിക്കാന്‍ തുടങ്ങി. കപ്പപ്പുഴുക്കും മത്തിക്കറിയും കുഴച്ച് സ്വാദോടെ വെട്ടിവിഴുങ്ങുകയായി. നമ്മുടെ ജോജറുകുട്ടി പതിയെ അടുത്തു ചെന്ന് കത്ത് മേശപ്പുറത്തു വയ്ക്കുന്നു. അത് ഇടതുകൈകൊണ്ടു നിവര്‍ത്തി കുഞ്ഞാപ്പന്‍ ചേട്ടന്‍ വായിക്കുന്നു. പ്രിയ അപ്പച്ചാ, എനിക്ക് വളവനാലെ ഇത്തമ്മയെ ഭയങ്കര ഇഷ്ടമാണ്. ഉടനെ കല്യാണം കഴിപ്പിച്ചു തരണം. അവളില്ലാതെ ഒരുനിമിഷം ജീവിക്കാന്‍ വയ്യ. മറുപടി ഉന്‍ ഒട്ടും താമസിയാതെ തരണം. എന്ന് മകന്‍ ജോര്‍ജുകുട്ടി.'ഒപ്പ്.


കുഞ്ഞാപ്പന്‍ചേട്ടന്റെ മുഖത്ത് നവരസങ്ങളില്‍ കരുണവും ശാന്തവും ശൃംഗാരവും ഒഴിച്ചുള്ളതെല്ലാം മാറിമാറി പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ചോദിച്ചു: ജോര്‍ജുകുട്ടീ, നിനക്കു മറുപടി ഉടനെ വേണ്ടോ, അതോ കാപ്പികുടി കഴിഞ്ഞു മതിയോ? വിരഹത്തിന്റെ നെരിപ്പോടില്‍ എരിഞ്ഞു കൊണ്ടിരുന്ന ജോര്‍ജുകുട്ടി പറഞ്ഞു, 'ഇപ്പംതന്നെ വേണം, പിന്നെ കാപ്പി കുടിച്ചാ മതി.'  കുഞ്ഞാപ്പന്‍ചേട്ടന്‍ എഴുന്നേറ്റ് എച്ചില്‍കൈ നിവര്‍ത്തി അവന്റെ മുഖമടച്ച്് ഒരടി. വെട്ടിയിട്ട ചക്കപോലെ കിടക്കുന്നു വരഹാര്‍ത്തനായ കാമുകന്‍. കുഞ്ഞാപ്പന്‍ചേട്ടന്‍ പിറുപിറുത്തു: കൈകഴുകിയിട്ട് ഒരെണ്ണം കൊടുക്കാമെന്നോര്‍ത്തതാ. പക്ഷേ എച്ചില്‍കൈകൊണ്ടുതന്നെ വേണമെന്ന് അവന്‍ നിര്‍ബ്ബന്ധം പിടിച്ചാല്‍ ഞാനെന്തു ചെയ്യും! വീഴ്ചയില്‍ മുന്‍വശത്തെ രണ്ടു പല്ലു പോയി. അഞ്ചാം വയസ്സില്‍ പല്ലു പോയതുപോലായി അവന്‍. ഇടക്കാലത്ത് പല്ലു വന്നപ്പോള്‍ 'ജോര്‍ജുകുട്ടി' എന്നു സ്ഫുടമായി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും, ആയുഷ്‌ക്കാലത്തേക്ക്. ആ പേരും അവനു ജോജരുകുട്ടി ആയിത്തീര്‍ന്നു. ഒറ്റയടിയോടെ പ്രേമം പോയ വഴി ഏതാണെന്ന് ഇപ്പോഴും ജോജറുകുട്ടിയും നാട്ടുകാരും അന്വേഷിക്കാറില്ല. അന്വേഷിച്ചിട്ട് ഒട്ടു കാര്യവുമില്ല.
 

Join WhatsApp News
കോരസൺ 2026-02-12 15:37:18
പല്ലുപോയ ജോജറുകുട്ടകൾ പലതും പറയാതെ എല്ലായിടവുമുണ്ട്. പ്രേമം ഒരു ദിവ്യമായ അനുഭൂതിയാണെന്നു കുഞ്ഞപ്പൻചേട്ടനോടു എങ്ങനെപറയാം എന്നത് ചാറ്റ് ജി പിറ്റി യോട് ചോദിക്കാം, ജോസേട്ടനു നർമ്മം നന്നായി വഴങ്ങുന്നുണ്ട്.
Sunil 2026-02-12 16:09:04
Jose Cheripuram, I love the line that love is like Chewing Gum. After some time, lose interest. Happened to me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക