
ഗ്രാമത്തിലെ ആകാശം അവസാനിക്കുന്ന കുന്നിന്‍മുകളിലേക്ക് അയാൾ വെറുതെ നോക്കിനിന്നു.
നിത്യഹരിതമായ കുന്നിനും താഴ് വാരത്തിനും യാതൊരു മാറ്റവും വന്നിട്ടില്ല. അയാളുടെ വരവിനായി കാത്തുനിന്നതെന്നവണ്ണം കുന്നിന്‍ചരിവിലെ കാപ്പിത്തോട്ടങ്ങള്‍ മുഴുവൻ പൂത്തുനിന്നിരുന്നു. മുകളില്‍നിന്നും നോക്കിയാൽ മഞ്ഞിൽമൂടിയ പാടം പോലെ വെള്ളപ്പൂക്കൾ എല്ലായിടത്തും പരന്നുകിടന്നു. കാപ്പിപൂക്കളുടെ മണം നിറഞ്ഞ നടവഴിയിലൂടെ നടക്കുമ്പോള്‍ അയാൾക്ക് തോന്നി— അപൂർണ്ണമായ രാഗമാണ് ഭാവതീവ്രതയോടെ എക്കാലവും നിലനിൽക്കുകയെന്ന്.
പാതിവഴിയിൽ നിര്‍ത്തിയിട്ടു പോയ ലോകം ഇന്നും തന്നെയും കാത്തുകൊണ്ട് അവിടെത്തന്നെ നില്‍ക്കുന്നത് അയാള്‍ കണ്ടു.
“ഒരിക്കല്‍ എങ്കിലും അവൾക്കും ഇങ്ങനെ തോന്നിയിട്ടുണ്ടാകുമോ?”
അയാൾ ചിന്തിച്ചു.
‘ഓ.. അങ്ങിനെയൊന്നും ആവില്ല. അവൾ അതൊക്കെ എന്നേ മറന്നുപോയിരിക്കാം’
അയാള്‍ തന്നെ തന്‍റെ ചോദ്യത്തിനുള്ള മറുപടിയും കണ്ടെത്തി.
“കൊല്ലമെത്ര കഴിഞ്ഞു… പിന്നീടൊരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. ഒരു തരത്തിൽ പറഞ്ഞാൽ അതും നന്നായിരിക്കുന്നു.
‘അകന്നു നില്‍ക്കയെ-
ന്തഴകെന്നോ നിന-
ക്കടുക്കുന്നീല ഞാന്‍;
മറിച്ചായെങ്കിലോ!’
എന്ന കവി വചനം പോലെ അകന്നു നില്‍ക്കുന്നതുകൊണ്ടാവാം ഓർമ്മകള്‍ നിത്യസുന്ദരമായി നിലനിൽക്കുന്നത്.”
തിരികെയെത്തുമ്പോഴൊക്കെ കഴിഞ്ഞ കാലവും അയാള്‍ക്കൊപ്പം നടന്നു. നാടും നഗരവും മാറിയെങ്കിലും അവര്‍ കരുണയോടെ കാത്തുനിന്നിരുന്നു. പഴയതെല്ലാം ആവർത്തിച്ചുകൊണ്ട്, പരിഭവമൊന്നും പറയാതെ, സ്നേഹത്തോടെ അയാളെ വഴിനടത്തി.
ചുറ്റുമുള്ള ഓരോന്നിലും പുല്‍ക്കൊടിയിലും കാലം മാറ്റമില്ലാതെ കിടക്കുന്നതും അയാളുടെ കണ്ണില്‍ കണ്ടു.
മണ്ണിന്‍റെ പശിമ, പോയകാലത്തിന്‍റെ വിശേഷങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് കാലില്‍ പറ്റിപ്പിടിച്ചു.
അയാള്‍ ചിന്തകളില്‍ മുഴുകി വഴിയെ നടന്നു പുതിയ വഴികളിലൂടെ നടക്കുന്നവരില്‍ എല്ലാവരും തന്നെ പുതിയ ആളുകളാണ്. അവരെയാരെയും അയാള്‍ക്കറിയില്ല, അയാളെ അവിടെയാരും തിരിച്ചറിഞ്ഞുമില്ല. എല്ലാം മാറിയിരിക്കുന്നു. പഴമ തന്‍റെ ചിന്തകളിലും ഓര്‍മ്മകളിലും മാത്രമാണന്നയാള്‍ക്കറിയാം.
“ദേവദാരു പൂത്തു..
എന്‍ മനസ്സിന്‍ താഴ് വരയില്‍….”
നടപ്പിനിടയില്‍ കാറ്റിനൊപ്പം പഴയൊരു പാട്ടുകൂടി മൂളി വന്നു.
പാട്ടിനൊപ്പം തമ്പി സാറും ത്രേസ്യാമ്മയും കടന്നു വന്നു.
ട്യൂട്ടോറിയല്‍ കോളേജു നടത്തിയിരുന്ന തമ്പിസാര്‍, കോളേജിന്റെ ഓഫിസ് മുറിയിലായിരുന്നു താമസിച്ചിരുന്നത്.
വൈകുന്നേരങ്ങളില്‍ അദ്ദേഹം മുറിയുടെ ഒറ്റപ്പാളി ജനല്‍ തുറന്നുവച്ചു ടേപ്പ് റെക്കോര്‍ഡറില്‍ കാസറ്റിട്ട് ഉച്ചത്തില്‍ പാട്ടു വെക്കുമായിരുന്നു.
‘ദേവദാരുപൂത്തു എന്‍ മനസ്സിന്‍ താഴ് വരയില്‍’
-എന്ന പാട്ടായിരുന്നു പതിവായി വയ്ക്കാറുള്ളത്. ആ സമയം റോഡിനക്കരെയുള്ള വീടിന്‍റെ ജനലരുകില്‍ ത്രേസ്യാമ്മ പ്രത്യക്ഷപ്പെടും. അവര്‍ തമ്മിലുള്ള നോട്ടങ്ങള്‍ അവരറിയാതെ വീക്ഷിക്കുന്നത് അയാള്‍ക്കൊരു രസമായിരുന്നു. തമ്പിസാര്‍ കണ്ണയക്കുബോള്‍ ത്രേസ്യാമ്മയുടെ മുഖം ചുവന്നിരിക്കുന്നതു കാണാന്‍ നല്ല ഭംഗിയായിരുന്നു.
അയാളന്നു നന്നേ ചെറുപ്പമായിരുന്നു. റോഡിനപ്പുറവും ഇപ്പുറവുമായി, ജാലകത്തിനപ്പുറമിരുന്നു എങ്ങിനെയായിരിക്കും തമ്പിസാറും ത്രേസ്യാമ്മയും തമ്മില്‍ പ്രേമിച്ചിരുന്നതെന്നു അവന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല.
ഒരുദിവസം ട്യൂട്ടോറിയല്‍ പൂട്ടി തമ്പിസാര്‍ എങ്ങോപോയി ത്രേസ്യാമ്മയും അയാളുടെ കൂടെപ്പോയി. എന്തു ചെയ്യണമെന്നറിയാതെ തമ്പിസാറിന്‍റെ വിദ്യര്‍ത്ഥികള്‍ ട്യൂട്ടോറിയലിന്‍റെ മുറ്റത്തു കൂട്ടംകൂടി നില്‍ക്കവേ കെട്ടിടത്തിന്‍റെ ഉടമ വന്നു വാടക കുടിശ്ശികയുടെ പേരില്‍ ട്യൂട്ടോറിയലിലെ ബെഞ്ചുകളും ഡസ്ക്കളും എടുത്തുകൊണ്ടുപോയി.
കുറച്ചുകാലം കഴിഞ്ഞുപ്പോള്‍ തിരിച്ചുവന്ന തമ്പിസാറും ത്രേസ്യാമ്മയും നാട്ടില്‍ താമസമാക്കി.
അയാള്‍ നടന്നു കൊണ്ടിരുന്ന റോഡു മുന്‍പൊരു പാടവരമ്പായിരുന്നു. അതിന്‍റെ അടുത്തുള്ള കരവയലില്‍ തമ്പിസാര്‍ ചെറിയൊരു വീടുവച്ചു താമസം തുടങ്ങി പിന്നെ തരക്കേടില്ലാത്ത വാര്‍പ്പ് വീട് പണിതു.
നടപ്പിനിടയില്‍ അയാള്‍ വീണ്ടും ആ പാട്ടു കേട്ടു
ഇക്കുറി അതൊരു തോന്നലായിരുന്നില്ല, ശരിക്കുള്ള കേൾവി തന്നെയായിരുന്നു.
“ദേവദാരു പൂത്തു… എന്‍ മനസ്സിന്‍ താഴ് വരയില്‍,
നിദാന്തമാം തെളിനാദം പൂത്ത നിശീഥിനിയില്‍…
ദേവദാരു പൂത്തു… എന്‍ മനസ്സിന്‍ താഴ് വരയില്‍,
നിഴലും പൂനിലാവുമായി ദൂരെ വന്നു ശശികല….”
പാട്ടുകേട്ടുകൊണ്ടിരുന്ന തമ്പി സാറും ത്രേസ്യാമ്മയും പാടവരമ്പത്തിരുന്നു അയാളെ നോക്കി പരിചയം പുതുക്കി ചിരിച്ചു. അപ്പോഴും ത്രേസ്യാമ്മയുടെ മുഖം പ്രണയത്താല്‍ ചുവന്നിരുന്നു.
ഇരുള്‍വീണു തുടങ്ങിയ വീഥി ഏറെക്കുറെ വിജനമായിരുന്നു.
ആള്‍പാര്‍പ്പില്ലാതെ കാടും പള്ളയും പിടിച്ചുകിടക്കുന്ന ഒരു വീടും തൊടിയും കടന്നു പോകവേ അയാള്‍ തിരിഞ്ഞു നോക്കി.
ആ വീട്ടിലായിരുന്നു തമ്പിസാറും ത്രേസ്യാമ്മയും മരിച്ചു കിടന്നിരുന്നത്.
ബാങ്കുകാര്‍ വീടൊഴിപ്പിച്ചു തെരുവില്‍ ഇറക്കിവിടുമ്പോഴുള്ള അപമാനത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നത്രേ അതൊക്കെ.
ആളില്ലാതെ അനാഥമായി കിടക്കുന്ന വീടിന്‍റെ ആത്മാവ് ഏകാന്തതയില്‍ വീര്‍പ്പുമുട്ടി അയാളെ പ്രതീക്ഷയോടെ നോക്കി.
അയാള്‍ വേഗത്തില്‍ നടന്നു തിരക്കുപിടിച്ച റോഡില്‍ എത്തിയപ്പോഴേക്കും കാലവും അതിവേഗം മുന്നോട്ടുപോയി. ഒരു ഓട്ടോറിക്ഷയില്‍ കയറി ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോഴേക്കും അയാള്‍ ഏറെ തളര്‍ന്നു പോയിരുന്നു.
വിങ്ങുന്ന മനസ്സോടെ കസേരയില്‍ അമര്‍ന്നിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ടി വി ഓണാക്കി.
“വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നീ..ടുവാനതിനാകുമോ..”
ഭാവതീവ്രമായി അലോഷി പാടുന്നതു കേട്ടുകൊണ്ട് ഓര്‍മ്മയില്‍പിടഞ്ഞു നിന്നു. തമ്മില്‍ പിരിയുമ്പോള്‍ അവളുടെ വലിയകണ്ണുകള്‍ നിറഞ്ഞിരുന്നത് അയാളോര്‍ത്തു.
ടി വി ഓഫാക്കി ബാല്‍ക്കണിയില്‍ പോയിരുന്നു പുറത്തേക്കു നോക്കി. ചെറിയ തണുപ്പുള്ള കാറ്റ് അയാളെ തഴുകി നിന്നു.
പട്ടണത്തിലെ കടകളിലും വഴിയോരത്തും പ്രണയദിനത്തിന്‍റെ അലങ്കാരങ്ങളും കച്ചവടങ്ങളും നടന്നുകൊണ്ടിരുന്നു.
പട്ടണത്തിന്‍റെ ഇരമ്പലുകള്‍ അയാള്‍ കേട്ടില്ല ആളിരമ്പവും അറിഞ്ഞില്ല അയാളുടെ മുന്‍പില്‍ പഴയ ഒറ്റയടിപ്പാതകള്‍ മാത്രം തെളിഞ്ഞുനിന്നു.
പാതിവഴിയില്‍ നിര്‍ത്തിപോയ ജീവിതവും പ്രണയവും ഒരിക്കലും പൂര്‍ത്തിയാവാതെ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ചവിടെ കാത്തുനില്‍ക്കുമെന്ന് എവിടെയോ വായിച്ചതു അയാളോര്‍ത്തു.
‘അവള്‍ ഇപ്പോഴും തന്നെ ഓര്‍ക്കുന്നുണ്ടായിരിക്കും’
അങ്ങിനെ ചിന്തിക്കാനായിരുന്നു അയാള്‍ക്കിഷ്ട്ടം.