
(ഡോക്ടർ ശശികല പണിക്കർ: കേരളാപോലീസിൽ നിന്നു ഡി.എസ്.പി യായി വിരമിച്ച കൊല്ലം ചവറ ആനേഴത്തു വീട്ടിൽ പരേതനായ എ ദിവാകരപ്പണിക്കരുടെയും ചവറ പുത്തേഴത്ത് വീട്ടിൽ പരേതയായ പി.കെ. ദേവകി അമ്മയുടെയും മകളായി ചവറയിൽ ജനനം. കൊല്ലം ചവറ ഗവണ്മെന്റ് ഹൈസ്‌കൂൾ, കൊല്ലം എസ് എൻ വിമൻസ് കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മുംബൈ ഐ.ഐ. ടിയിൽ നിന്നും Polymer Chemistry യിൽ ഡോക്ട്രേറ്റ് നേടി. വിവിധ കെമിക്കൽ കമ്പനികളിൽ അനലിസ്റ്റായും, R&D Manager ആയും സേവനം അനുഷ്ടിച്ചു. ഹെങ്കൾ ഇന്ത്യയുടെ R&D Vice President ആയിരിക്കെ ജോലിയിൽ നിന്നും സ്വയം വിരമിച്ച് ബദ്‌ലാപൂർ MIDC യിൽ സച്ചിൻ സ്പെഷ്യാലിറ്റി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായി കമ്പനി നടത്തി വരുന്നു. വ്യവസായ സംരംഭക എന്ന നിലക്കും സാഹിത്യകാരി എന്ന നിലക്കും ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ - മറന്നുപോയ പാട്ടിന്റെ ആദ്യവരി, English- പതിപ്പ് First verse of the forgotten Melody, ലബനാനിലെ മുന്തിരിത്തോപ്പും കുറെ നിഴലുകളും, ഓർമ്മച്ചെപ്പ്, മയിൽപ്പീലികൾ ഉറങ്ങാത്ത വീട്, ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി )

കാവ്യാത്മകമായ ഭാഷയും ഭാവതീവ്രതയും ഉൾകൊള്ളുന്ന നൂറ്റിഇരുപതോളം ഗദ്യകവിതകളുടെ സമാഹാരമാണ് മുംബൈ മലയാളി എഴുത്തുകാരിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർ ശശികല പണിക്കർ രചിച്ച ""ദിൽ നെ ഫിർ യാദ് കിയ". മലയാളകവിതാസമാഹാരത്തിനു ഹിന്ദി ഭാഷയിൽ പേര് നൽകിയത് എന്തുകൊണ്ടായിരിക്കും? അതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ "ഹൃദയം വീണ്ടും ഓർത്തു" എന്നർത്ഥം കിട്ടുന്നു. അപ്പോൾ കവയിത്രിയുടെ ഓർമ്മകൾ നിറയുന്ന ഒരു രചന എന്ന് അനുമാനിക്കാം. വെറും ഓർമ്മകൾ അല്ല ഓർമ്മിക്കപ്പെടുന്ന ഓർമ്മകൾ. മിന്നൽ പിണരുകൾ പോലെ മനസ്സിൽ മിന്നി മറയുന്ന ഓർമ്മകളെ അക്ഷരങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കയാണ് കവയിത്രി. ഓർമ്മകൾ ആവർത്തിക്കപ്പെടുന്നതും ഓർമ്മ തന്നെ, അങ്ങനെ കൂടിച്ചേരുന്ന ഓർമ്മകളുടെ ഒരു ഉത്സവാഘോഷം വരികളിലൂടെ പ്രദർശിപ്പിക്കുന്ന കവയിത്രിയുടെ ഉത്സാഹം വായനക്കാരനും അനുഭവപ്പെടുന്നു. ഓർമ്മകൾ കവയിത്രിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഈ സമാഹാരത്തിലെ "കട്ടി പതംഗ് " എന്ന കവിതയിലെ പട്ടങ്ങൾ പോലെ. അവരുടെ ചിന്തകൾ നിയന്ത്രിക്കുമ്പോൾ പറന്നുകളിക്കുന്നവ പിന്നെ അവർ തന്നെ അറുത്ത് മുറിക്കുന്നവ. ഇടക്കിടെ അവർ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ അവയെല്ലാം കാവ്യരൂപങ്ങളാകുന്നു.
വായനക്കാരന്റെ മനസ്സിൽ ദൃശ്യബിംബങ്ങൾ (Visual Imagery) ഉണർത്തുന്ന കാവ്യരചനാ രീതിയാണ് ദൃശ്യാത്മകമായ കാവ്യഭാഷ. ഓർമ്മകൾ കവയിത്രിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു. "പടം പിടിച്ച് വച്ചാൽ എപ്പോൾ വേണമെങ്കിലും കാണാമല്ലോ" എന്ന് പറയുന്ന കവയിത്രി അവരുടെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ കാണുന്ന ദൃശ്യങ്ങൾ, കേൾക്കുന്ന ശബ്ദങ്ങൾ എല്ലാം വാക്കുകളിലൂടെ വരച്ചിടുകയാണ്. ഗദ്യകവിത, കുറുങ്കവിത,പിന്നെ flash fiction (മിന്നൽ കഥ/ അതിലഘുകഥ എന്ന് വിളിക്കാവുന്ന കുഞ്ഞുകഥാരൂപത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ആശയങ്ങൾ) എന്നീ നിർവചനങ്ങൾക്ക് മീതെ അവർ കണ്ടെത്തുന്ന മറ്റ് കവിത സങ്കേതങ്ങൾ. അങ്ങനെ വിവിധ കലാരൂപങ്ങൾ ഈ സമാഹാരത്തിൽ അവർ സ്വീകരിച്ചിട്ടുണ്ട്. ചിലതെല്ലാം നുറുങ്ങു കഥകളായി അല്ലെങ്കിൽ കഥകളുടെ പുനരാവിഷ്കാരമായി അവർ അവതരിപ്പിച്ചിട്ടുണ്ട്. ദൃശ്യാത്മകമായ കാവ്യഭാഷയുടെ ഗുണങ്ങളിൽ ചിലത് അത് നേരിട്ടുള്ള അർത്ഥത്തിനപ്പുറം വ്യംഗ്യാർത്ഥം നൽകുന്നു, വർണ്ണനകൾക്ക് ദൃശ്യരൂപം നല്കുന്നുവെന്നാണ്.
ജീവിതത്തിന്റെ ഏടുകളിൽ കാലം വരച്ച് വച്ച കമനീയചിത്രങ്ങൾ, അവയെ ഓർമ്മച്ചെപ്പിൽ നിന്ന് ഓരോന്നായി എടുത്ത് ആസ്വദിക്കുകയാണ് കവയിത്രി. കാലങ്ങളിലൂടെ ഒഴുകി വരുന്ന ഒരുഗാനം പോലെ വായനക്കാർക്ക് അതു അനുഭൂതിയുടെ ലോകം തുറന്നുകൊടുക്കുന്നു.പ്രസ്തുത ചിത്രങ്ങളിൽ പലതിലും വായനക്കാരന് അവനെ തന്നെ കാണാൻ കഴിയും ഓർമ്മകൾ അയവിറക്കുമ്പോൾ അനിവാര്യമായ ഗൃഹാതുരത്വം ഒപ്പം ചേരുന്നു. ജനിച്ച വീടും പരിസരങ്ങളും കർമ്മഭൂമിയും വിശാലമായ ക്യാൻവാസിൽ അപ്പോൾ വിടർന്നു നിൽക്കുന്നു. പാദസരമണിഞ്ഞ പാദങ്ങൾക്ക് കസവു പകരുന്ന പച്ചപ്പാവാട ചുറ്റിയ അമ്മിണിക്കുട്ടി, ചവറ എന്ന ഗ്രാമത്തിലെ കാഴ്ചകൾ കണ്ട് കുയിലിന്റെ പാട്ടിനു മറുപ്പാട്ട് പാടി നടന്നവൾ തിരക്ക് പിടിച്ച മുംബൈ നഗരത്തിലേക്ക് ചേക്കേറുമ്പോൾ അപരിചിത ലോകം നൽകിയ വ്യത്യസ്തമായ അനുഭവങ്ങളുടെ വിവരണങ്ങൾ അക്ഷരങ്ങളിൽ ഒതുങ്ങാതെ തെറിച്ചുവീഴുന്നത് എത്തിപ്പിടിക്കുന്ന കരവിരുത് കാണാം ഓരോ കവിതകളിലും. മഴയിൽ നനഞ്ഞ ഇലഞ്ഞിപ്പൂമണം പോലെ മുത്തശ്ശിയുടെ മണം ചുറ്റിലുമുണ്ടെന്ന തോന്നലുകളിൽ ആശ്വാസം കണ്ടെത്തുന്ന കവയിത്രി അതെല്ലാം കുത്തികുറിക്കുമ്പോൾ മുത്തശ്ശിയുടെ സ്വരം "നിനക്ക് മുത്തശ്ശനെപോലെ എഴുതാനുള്ള കഴിവുണ്ട് എന്ന് കേൾക്കുന്നു. ആദ്യകവിത മുതൽ അവസാനകവിതവരെ അമ്മിണിക്കുട്ടി എന്ന പെൺകുട്ടിയുടെ, യുവതിയുടെ സർഗ്ഗസഞ്ചാരങ്ങളാണ്. കവിതകളിൽ അവർ ദൃശ്യാത്മകത കലർത്തുന്നത് അവരുടെ രചനാതന്ത്രത്തിന്റെ മികവായി കാണാവുന്നതാണ്.
കാൽപ്പനികതയുടെ മകരന്ദം പൊഴിച്ചുനിൽക്കുന്ന കവിതകൾക്കൊപ്പം തത്വചിന്താപരമായ കവിതകളും ഈ സമാഹാരത്തിൽ വായിക്കാം.
ജീവിതയാത്രയിൽ കണ്ടുമുട്ടിയ കാഴ്ചകളെ അവർ ദാർശനിക ചിന്തകളാക്കി മാറ്റിയതായി പല കവിതകളിലും കാണാവുന്നതാണ്. ഹരിദാർ-ഋഷികേശ് യാത്രയിൽ കാട്ടിനുള്ളിലൂടെ ഒഴുകുന്ന പുഴ കാണുമ്പോൾ അവർ ആലോചിക്കുന്നു. ഒരു നദിയും ഇന്നേവരെ പിന്നിലേക്ക് ഒഴുകിയിട്ടില്ല. അനുഭൂതികൾ സമ്മാനിച്ച ഒരു ബന്ധത്തിന്റെ ഓർമ്മകൾ പുതുക്കാൻ ശ്രമിക്കുമ്പോൾ അവരിലെ തത്വചിന്തക ഉണരുന്നു. ഒരു ഉപദേശം തരുന്നു. "നമുക്ക് ഇടമില്ലാത്ത ഇടത്തിൽ നിന്നും മാറിപോകാണം". പിന്നെയുമുണ്ട് തത്വചിന്താപരമായ വരികൾ." മേഘങ്ങളിൽ കാറ്റ് പതിക്കുമ്പോൾ അവർ ഉണ്ടാക്കിയ ദൃശ്യങ്ങൾ ഒഴുകിമാറുന്നു, മനസ്സിലെ ദുഖത്തിന്റെ മേഘങ്ങൾ ഏതു കാറ്റിനു ഒഴുക്കിക്കളയാൻ സാധിക്കും" . ഒരു തീരവും തീരത്തെ പാറകളും തിരക്കൊപ്പം പോകാറില്ല. ഒരു പ്രഭാതവും അസ്തമനം വരെ നീണ്ടു നിൽക്കില്ല. പുഷ്പങ്ങൾക്ക് അസ്തമനം വരെ ആയുസുള്ളൂ. സ്നേഹത്തിനായി യാചിക്കരുത്. യാചിച്ചു കിട്ടുന്നത് ഭിക്ഷയാണ്. ഇങ്ങനെ അനവധി ദാർശനിക ചിന്തകൾ പല കവിതകളിലും പ്രകടമാണ്. വായനക്കാർക്ക് എല്ലാം കാണിച്ചുകൊടുക്കുക എന്നാ ൽ അവരോട് അതിനെക്കുറിച്ച് ഒന്നും വിവരിക്കേണ്ടെന്നു ഹെമിങ് വെയുടെ അഭിപ്രായം കണക്കിലെടുത്താൽ കവയിത്രി മനോഹരമായി വർണ്ണിക്കുന്ന ഒരു രംഗത്തിന്റെ വിശദീകരണം നമ്മൾ തന്നെ കണ്ടെത്തണം. അത് ഇങ്ങനെയാണ്. "നക്ഷത്രപെണ്ണുങ്ങൾ മേഘപടിയിൽ ഇരുന്നു കാലാട്ടുന്ന നിശ്ശബ്ധത". നക്ഷത്രപെണ്ണുങ്ങളുടെ കാലും മേഘപടിയുമെല്ലാം കവിയുടെ ഭാവനവിലസാമെങ്കിലും വായനക്കാരനും ആ ദൃശ്യം മനസ്സിൽ കാണാൻ കഴിയുന്നുവെന്നത് കാവ്യരചനയുടെ ശക്തിയാണ്. വായനക്കാരന്റെ വൈകാരികാനുഭവങ്ങളെ സ്പര്ശിക്കുന്ന വിധത്തിലുള്ള പ്രതീകങ്ങൾ കവിതയിൽ പലയിടത്തും കാണാവുന്നതാണ്.
കവയിത്രി ഒരുക്കിയ ഓർമ്മകളുടെ സാഗരം വായനക്കാരന്റെ മുന്നിൽ അലയടിക്കുന്നു. ഓരോ തിരകളും ഓരോ കഥയുമായി വന്നു തിരിച്ചുപോയി വീണ്ടും വരുന്നു. എണ്ണിയാൽ ഒടുങ്ങാത്ത തിരകൾ. അതുകൊണ്ട് തൽക്കാലം അവരുടെ തന്നെ ഒരു കവിത ഉദ്ധരിച്ചുകൊണ്ട് ഈ ദൃശ്യവലോകനത്തിൽ നിന്നും വിടകൊള്ളാം.
ചിലങ്ക (പേജ് 134) "കളിയും ചിരിയും തമാശയും എല്ലാം അപ്പൂപ്പൻ താടി പോലെ പറന്നു പോയി. ദൂരേയ്ക്ക്. ഏകാന്തത തളം കെട്ടിയ മുറിയിൽ ഒറ്റപ്പെട്ടത് എത്ര പെട്ടെന്നായിരുന്നു. ഓർമ്മകൾ എന്നും എന്നരികിലേക്ക് ഘോഷയാത്രയായി എത്തി. പകലിരവുകൾ വന്നുപോയത് അറിയാതെ. എവിടെയോ ഇരുട്ടിന്റെ പേടിപ്പെടുത്തുന്ന നിശ്ശബ്ദത മാത്രം.വെറുതെ പാദങ്ങളിൽ മിഴി ഉടക്കി. ചിലങ്കയുടെ സ്ഥാനം ചങ്ങല സ്വന്തമാക്കി ഞാൻ പോലും അറിയാതെ".
പഴയകാലത്തെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പ്രമേയമാക്കി എഴുതിയ മലയാളത്തിലെ പ്രമുഖ കവികളാണ് പി കുഞ്ഞിരാമൻ നായർ, സുഗതകുമാരി, ഓ എൻ വി കുറുപ്പ് എന്നിവർ. ഡോക്ടർ ശശികല അവരുടെ പൂർവ്വകാല സന്തോഷങ്ങൾ കവിതാത്മകങ്ങളാക്കുമ്പോൾ അവരെ വിട്ടുപോയ, മാതാപിതാക്കളുടെ, സഹോദരന്റെ ഒക്കെ ഓർമ്മകൾക്ക് കണ്ണുനീർ നൽകുന്നു. ഓർമ്മകളിലൂടെ ഭൂതകാലത്തിൽ നിന്നും മോചനം നേടി അതിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കയാണ് കവിതകൾ.
ഡോക്ടർ ശശികല പണിക്കർക്ക് ഭാവുകങ്ങൾ നേരുന്നു.
ശുഭം