Image

20 സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; സാധ്യതാ പട്ടികയില്‍ ഐ.എം.വിജയനും രമേശ് പിഷാരടിയും ( എ.എസ് ശ്രീകുമാര്‍)

Published on 11 February, 2026
20 സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; സാധ്യതാ പട്ടികയില്‍ ഐ.എം.വിജയനും രമേശ് പിഷാരടിയും ( എ.എസ് ശ്രീകുമാര്‍)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്തുവത്രേ. ഇതിനിടെ മത്സരിക്കാനുള്ള ആഗ്രഹം മനോരമന്യൂസിലൂടെ പരസ്യമാക്കി കെ.സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 93 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ വിജയം വെറും 21സീറ്റുകളിലൊതുങ്ങിയെങ്കില്‍ ഇക്കുറി ഗംഭീര മായ തിരിച്ചുവരവ്  നടത്തുമെന്നാണ് നേതാക്കളുടെ അവകാശവാദം.

വിജയസാധ്യത നോക്കി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ 92 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാനല്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂര്‍ മണ്ഡലങ്ങളില്‍മാത്രമാണ് ഒറ്റപ്പേരുള്ളത്. നേമത്ത് ശശി തരൂരിനെ ഇറക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത്, മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍ മജീദിനെയും വടകരയില്‍ എം..പി. ഷാഫി പറമ്പിലിന്റെ പേരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമും പാനലിലുണ്ട്.

കോണ്‍ഗ്രസിന് പുറത്തു നിന്ന് പി.വി അന്‍വറും സി.കെ  ജാനുവും ജനവിധി തേടുമെന്ന് ഉറപ്പായി. ഐ.എം വിജയനെ നാട്ടികയിലും രമേശ് പിഷാരടിയെ തൃപ്പൂണിത്തുറയിലുമാണ് പരിഗണിക്കുന്നത്. മുന്‍ എം.എല്‍.എ. ടി.എന്‍ പ്രതാപന്റെ പേര്, നാട്ടികയ്ക്ക് പകരം മണലൂര്‍, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് ഉള്‍പ്പെടുത്തിയത്. വടക്കാഞ്ചേരി എം.എല്‍.എയായിരുന്ന അനില്‍ അക്കരയുടെ പേര് കുന്നംകുളം, മണലൂര്‍ മണ്ഡലത്തിലെ പാനലിലാണ് ഉള്ളത്.

കെ. മുരളീധരന്‍ തൃശ്ശൂര്‍, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പാനലിലുണ്ട്. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ നാദാപുരം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നത് ഗുണമാകുമോയെന്നും പരിശോധിക്കുന്നു. നാദാപുരത്ത് കെ.എം അഭിജിത്തിന്റെയും ഡി.സി. സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെയും പേരുണ്ട്. ഇവരെ കൊയിലാണ്ടിയിലെ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി പിടിക്കാന്‍ ഒരുങ്ങുന്നതും സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലവുമായ നേമത്ത്, ശശി തരൂരിനെ ഇറക്കാനും ആലോചിക്കുന്നുണ്ട്. തരൂര്‍ ഉള്‍പ്പെടെ, അഞ്ച് എം.പി.മാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. മുന്‍ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലെയും അടൂരിലെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദീപ് വാരിയരുടെ പേര് തൃശൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ആറന്മുള എന്നിവിടങ്ങളില്‍ പരിഗണിക്കുകയാണ്. ബേപ്പൂരില്‍ അന്‍വറിന്റെ വിജയസാധ്യതയാണ് തേടുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്കിടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണു ആലോചിക്കുന്നത്. സിറ്റിങ് എം.എല്‍.എമാരുടെ അടക്കം തര്‍ക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ആയിരിക്കും ആദ്യം പ്രഖ്യാപിക്കുക.

അതേസമയം, കേരള നിയമസഭയിലെ 140 സീറ്റുകളിലേക്കാണ് പോരാട്ടമെങ്കിലും കേരളം ആരു ഭരിക്കണമെന്ന നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ പോകുന്നത് എങ്ങോട്ടും മാറി മറിയാവുന്ന നേര്‍ത്ത ഭൂരിപക്ഷമുള്ള അമ്പതില്‍ താഴെ സീറ്റുകളാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അയ്യായിരമോ അതില്‍ താഴെയോ ഭൂരിപക്ഷം നേടിയ 45 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനവിധി മാറി മറിയുകയോ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ വരികയോ ചെയ്ത നാല്‍പ്പത്തിയൊന്ന് മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ആകെയുള്ള 140 സീറ്റുകളില്‍ പകുതി ഇടങ്ങളില്‍ ഇരു മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റുന്ന കണക്കുകളാണ് കാത്തിരിക്കുന്നത്. മുന്നണികള്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ സാധ്യതയുള്ള 70 സീറ്റുകളില്‍ 57 എണ്ണവും ഇടതു മുന്നണിയുടെ സിറ്റിങ്ങ് സീറ്റുകളാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക