Image

രാജേഷ് മാത്യുവിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ എന്‍ഡോഴ്സ് ചെയ്തു

എ.എസ് ശ്രീകുമാര്‍ Published on 11 February, 2026
 രാജേഷ് മാത്യുവിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ എന്‍ഡോഴ്സ് ചെയ്തു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ  2026-2028 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ഹൂസ്റ്റണ്‍ സതേണ്‍ റീജിയന്‍ എന്‍ഡോഴ്സ് ചെയ്തു. നിലവില്‍ സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ ചെയര്‍മാനാണ് രാജേഷ് മാത്യു. അപ്നാ ബസാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തില്‍ നടന്ന റീജിയണ്‍ മീറ്റിങ്ങില്‍ വച്ച് ഏവരും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ചടങ്ങില്‍ റോയി മാത്യുവിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ മാഗ് ഭരണ സമിതി അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, രാജന്‍ യോഹന്നാന്‍, മാത്യൂസ് മുണ്ടയ്ക്കല്‍ ഉള്‍പ്പെടെ സതേണ്‍ റീജിയണ്‍ നേതാക്കളും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയിലെത്തിയതു മുതല്‍ ഫോമായോട് ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന രാജേഷ് മാത്യു, സതേണ്‍ റീജിയന്‍ അമേരിക്കയിലും നാട്ടിലും നടത്തുന്ന ചാരിറ്റിയുള്‍പ്പെടെയുള്ള സാമൂഹിക മുന്നേറ്റങ്ങളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. യു.എ.ഇയിലെ റാസല്‍ഖൈമയില്‍ 30 വര്‍ഷത്തോളം സാമൂഹിക സാമുദായിക സംഘടനകളില്‍ സേവനമനുഷ്ഠിച്ച സുദീര്‍ഘമായ പാരമ്പര്യവുമായാണ് രാജേഷ് മാത്യു അമേരിക്കയിലെത്തുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി ഹൂസ്റ്റണിലെ പൊതുരംഗത്തെ നിറസാന്നിധ്യമായ രാജേഷ് മാത്യു മാഗിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്ന വ്യക്തിയാണ്. ഹൂസ്റ്റണ്‍ സതേണ്‍ റീജിയന്റെ സ്വപ്ന പദ്ധതികള്‍ കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയാണ് നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മല്‍സരിക്കുന്നതെന്നും ഏവരുടെയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടാവണമെന്നും രാജേഷ് മാത്യു അഭ്യര്‍ത്ഥിക്കുന്നു. ഫോമയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സതേണ്‍ റീജിയന്റെ ശബ്ദം ദേശീയതലത്തില്‍ ഉയര്‍ത്തി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനുമായാണ് അനുഭവസമ്പത്തും വിശ്വാസ്യതയും സമൂഹിക പ്രതിബദ്ധതയും കൈമുതലായുള്ള രാജേഷ് മാത്യു പാതുജന സമക്ഷമെത്തുന്നത്.

ഫോമായുടെ സതേണ്‍ റീജിയണ്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ജനസമ്മിതി നേടിയിട്ടുള്ള രാജേഷ് മാത്യു ഫോമായുടെ കാന്‍കൂണ്‍, പുന്റക്കാന, കേരളാ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഹൂസ്റ്റണിലെ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് കമ്മിറ്റിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിലവില്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയാണ്. നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹിയില്‍ ജോലി ചെയ്യവെയാണ് ദുബായിലെത്തിയതും പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറിയതും. അനുഭവ ജ്ഞാനവും സമര്‍പ്പണ മനോഭാവവും ഉള്‍കാഴ്ചയും സത്യസന്ധതയും പക്വതയുമാണ് രാജേഷ് മാത്യുവിനെ വ്യത്യസ്തനാക്കുന്നത്. ആ സവിശേഷത ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഏവരും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
 

 രാജേഷ് മാത്യുവിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് സതേണ്‍ റീജിയന്‍ ഹൂസ്റ്റണ്‍ എന്‍ഡോഴ്സ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക