
ജനിച്ചാൽ ഒരിയ്ക്കൽ മരിയ്ക്കണം എന്നത് പ്രകൃതിനിയമം, പക്ഷേ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതിനു തുല്യമായി ജീവിയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? അവരെ കാണണം, കണ്ടാലും നിങ്ങളവരെ തിരിച്ചറിയണമെന്നില്ല. അവരുടെ ജീവൻ നിശ്ചലമായതു മനസ്സിലാണ്, ഹൃദയത്തിലാണ്. ആർക്കും വേണ്ടെങ്കിലും ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരാണവർ, മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവർ.
സ്വപ്നം കണ്ടതൊക്കെയും വെറുതെയായിപ്പോകുമ്പോൾ, ഉറക്കമില്ലാത്ത രാത്രികളിൽ, ചിന്തകൾ അതിരുകളില്ലാതെ പായുമ്പോൾ, ഹൃദയമുറിവുകളിൽ നിന്നുറയുന്ന രക്തകണങ്ങളെ കണ്ണീരുകൊണ്ട് കഴുകുന്നവർ. സ്നേഹം വേദന മാത്രം തരുമെന്ന തിരിച്ചറിവിൽ, ഒരു ബന്ധങ്ങളും നിർബന്ധിച്ച് നില നിർത്തുന്നതിൽ അർത്ഥമില്ല എന്ന തിരിച്ചറിവിൽ തനുവും മനവും മരവിച്ചു പോയവർ. അങ്ങനെയുള്ളവരുടെ
ഉൾവലിവുകൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? സാധിയ്ക്കില്ല കാരണം ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയിൽ അഭിനയം അവർക്കൊരു വരദാനമാണ്. നിങ്ങളുടെ മുമ്പിൽ അവർ പഴയതുപോലെ തന്നെയാകാൻ ശ്രമിച്ചു വിജയിക്കുന്നവരാണ്. പിന്നെ ഒരിയ്ക്കൽ
മരിച്ചവരായതുകൊണ്ടു തന്നെ ചെറിയ സങ്കടങ്ങളൊന്നും ഇക്കൂട്ടരെ ബാധിയ്ക്കാറേയില്ല.
പറയാനൊക്കെ എളുപ്പമാണ്, ഏതവസ്ഥയും അനുഭവിയ്ക്കുന്നവർക്ക് മാത്രമേ അതിൻ്റെ തീക്ഷ്ണത അറിയാൻ വഴിയുള്ളൂ. ഒക്കെയും നല്ലതിനു വേണ്ടിയാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിയ്ക്കാൻ ശ്രമിച്ചു മടുത്തവരാകണം അവർ. ജീവിതം തന്നെ വേണ്ട എന്നുള്ള തീരുമാനം പക്ഷേ അവർ ഒരു നിമിഷം കൊണ്ടെടുക്കാൻ വഴിയില്ല. ചിന്തകളുടെ ആഴക്കടലിൽ നിന്നൊരു ദിവസം സർവ്വവും നശിപ്പിയ്ക്കാൻ തയ്യാറെടുക്കുന്ന ഒരു സുനാമിയാകണം അത്. എന്തിനിത് ചെയ്തു എന്നു ചോദിക്കുന്നവർ ഒരിയ്ക്കൽപ്പോലും ഞാനുണ്ട് കൂടെ എന്നു പറഞ്ഞിട്ടുണ്ടാകില്ല. അല്ലെങ്കിലും അധികമാരും ഇല്ലെങ്കിലും ഒരാൾ ഞാനുണ്ട് നിനക്ക് എന്നു പറഞ്ഞാൽ,
തന്നോടൊപ്പമൊന്നു ചേർത്തു നിർത്തിയാൽ തന്നെ,
തിരികെ ജീവിതമെന്ന കളിവഞ്ചിയിലേയ്ക്കെത്താനൊരു ചെറിയ പിടിവള്ളിയാകും പലർക്കുമത്.
സ്നേഹിയ്ക്കുന്നതിലുപരി സ്നേഹിക്കപ്പെടണമെന്ന ഓരോ മനുഷ്യൻ്റെ ആഗ്രഹവും നിറവേറ്റപ്പെട്ടിരുവെന്നെങ്കിൽ എന്നേ ഈ ഭൂമി പോലും ഇതിലും മനോഹരമാകുമായിരുന്നു.