Image

ഇന്നത്തെ പുലിവാല് എന്താണാവോ ...? ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 11 February, 2026
ഇന്നത്തെ പുലിവാല് എന്താണാവോ ...? ( ഇറ്റലിയിൽ : മിനി ആന്റണി )

ബെനവെന്തോയിൽ ഇപ്പോൾ സമയം  7.44.  ഒൾഗ ( ബെനെ: അമ്മാമ )  കിടക്കാൻ ഇത്തിരി വൈകി.

ഇന്ന് രണ്ട് പീസ് സാൽമൻ എടുത്ത് പൊരിക്കാൻ തുടങ്ങിപ്പോ ഒൾഗ ഓടി വന്നു. എന്നിട്ട്
എളിയിൽ കൈകുത്തി നിന്നൊരു നോട്ടം.

"കോമെ മായ് ..... "  സത്യം പറഞ്ഞാ ഈ കോമ മായുടെ അർത്ഥം എനിക്കിതുവരെ തിരിഞ്ഞിട്ടില്ല.  എന്നാലും സന്ദർഭാനുസൃതമായി ഞാനൂഹിച്ചു.  "എന്താ ഇതിങ്ങനെ " എന്ന് .

കെ നൊണ്ണ?  ഞാൻ വെറും പാവമായി എന്താ നൊണ്ണേന്ന് ചോയ്ച്ചു.

"കോമെ മായ്!  സോളോ ദുവെ ?  ക്വയ്സ്ത പോകോ . " എന്താ ഇതിങ്ങനെ . രണ്ടെണ്ണം മാത്രം. ഇത് ഇത്തിരിയേ ഉള്ളൂ. എന്നൊക്കെയാണ്.

"വാ ബെനെ " ( ഇവിടെ ഈ വാക്കിന് ok എന്ന് അർത്ഥം.) ഈ വാക്ക് എല്ലാ ഇറ്റാലിയൻസും നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കും. ഒക്കെ ആണോന്ന് ചോദിക്കാനും ഓക്കെ ആണ് എന്ന് പറയാനും എന്ന് വേണ്ട പല കാര്യങ്ങൾക്കും ഉപയോഗിക്കും വാ ബെനെ.. അതോണ്ട് ഞാനും ആവശ്യത്തിനും അനാവശ്യത്തിനും  സംസാരത്തിനെടേല് ഈ Va bene അങ്ങട്ട് എടുത്ത് കാച്ചും. ട്യൂൺ ചെറുതായി മാറ്റി കൊടുത്താ മതി.  

ഈ വാ ബെനെ പറഞ്ഞ് ഒരു സോസേജും കൂടി പൊരിച്ച് ( അല്ലെങ്കിൽ എൻ്റെ സാൽമൻ നൊണ്ണ തട്ടും). കൊടുത്ത് കൊണ്ട് കെടത്തിപ്പോ ഇത്തിരി വൈകി.

ലൈറ്റൊക്കെ കെടുത്തി ഫോൺ കയ്യിൽ എടുത്തതേയുള്ളൂ. അപ്പഴക്കും വിളിച്ചു

"നേയ് --- "  മിനി എന്ന പേര് പഠിപ്പിച്ച് ഇത്രക്കേ എത്തിക്കാൻ പറ്റിയുള്ളൂ.

" കെ വുഓയ് നൊണ്ണ ?" എന്താ ന്നും ചോയ്ച്ച് ഓടിച്ചെന്നു. ഇന്നത്തെ പുലിവാല് എന്താണാവോ എന്നാണ് എൻ്റെ ആധി

"കോമെ മായ്....... " ഇതിങ്ങനെ അല്ലല്ലോ വേണ്ടത്  എന്നാണ് ഇപ്പോൾ സന്ദർഭാനുസൃതം ഞാൻ മനസിലാക്കിയത്.

ഈ ഫോട്ടോയിൽ കാണുന്ന സമയമാണ് ഇന്നത്തെ പ്രശ്നം.

ഇപ്പോ എത്ര മണിയായി ?  നൊണ്ണ

7.44 എന്ന് ഞാൻ.

പിന്നെന്താ അതിൽ 9 എന്ന് എഴുതിയിരിക്കുന്നത്?  (നൊണ്ണ )

രാത്രിയല്ലേ. 19 മണി എന്നാ എഴുതിയിരിക്കുന്നത് .....ഞാൻ

പറഞ്ഞുപറഞ്ഞ്  നാളെ അതെടുത്ത് ദൂരെക്കളഞ്ഞ്  വേറെ വാങ്ങി വയ്ക്കാം എന്നാ കരാറിൽ ശാന്തയായി.

ഞാനത് തിരിച്ചും മറിച്ചും നോക്കി. Am Pm ഉണ്ടോന്ന് . കാണാനില്ല.  

വാ ബെന നൊണ്ണ. വാ ബെനെ.

അഞ്ചാറ് വാ ബെനെ പരസ്പരം പറഞ്ഞ് ഞങ്ങളതൊറപ്പിച്ചു.  അമ്മാമ കെടന്നു.

പക്ഷേ എനിക്കറിയാം. പത്ത് മിനിറ്റ് കഴിയുമ്പോ വീണ്ടും അമ്മാമ ഇ തേ ആഗോള പ്രശ്നമായി വരും. ഇന്നത്തെ ഒൾഗ ടാർഗറ്റ് അതാ.

അപ്പോ. വാ ബെനെ.... ചാവോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക