Image

സാറാ ( നീണ്ട കഥ - 16 : അന്നാ പോൾ )

Published on 11 February, 2026
സാറാ ( നീണ്ട കഥ - 16 : അന്നാ പോൾ )

പുലരി വിരിഞ്ഞിട്ടില്ല. മുറ്റത്തെ പ്ലാവിൻ കൊമ്പുകളിൽ കിളി ചിലച്ചു.
പുലർക്കാറ്റിൽ പൂക്കളുടെ സുഗന്ധം പരന്നു.
ശോശ അമ്മച്ചി പതിവു പോലെ പാട്ടുപാടി പ്രാർത്ഥിച്ചു.
അടുക്കളയിൽ കയറി തീ പൂട്ടി... സായിപ്പിന്റ ബംഗ്ലാവിൽ നിന്നും കൊണ്ടുവരുന്ന പളുങ്കുപാത്രങ്ങൾ, വക്കുപൊട്ടിയതും നിറം മങ്ങിയതുമായ വ... പുതിയവ വാങ്ങുമ്പോൾ മദാമ്മ സ്നേഹപൂർവ്വം തോട്ടക്കാരനു കൊടുക്കുന്ന ചില്ലു ഭരണികൾ ... ശോശ അമ്മച്ചി ആരോടെന്നില്ലാതെ മുരണ്ടു. "തായിപ്പിന്റെ തമ്മാനം"
അതിലു വല്ലോം ഇടണമെങ്കിൽ ഞാൻ പണിയെടുക്കണം.വല്ലപ്പോഴും കൊണ്ടുവരുന്ന നല്ല മണമുള്ള കാപ്പിപ്പൊടിയും പാൽപ്പൊടിയും തീരാറായി ... ശൂന്യമായ ഭരണികളിൽ നോക്കി അവർ നെടുവീർപ്പിട്ടു. ഉണ്ടായിരുന്ന അല്പം പാൽ പൊടിയും കാപ്പിപ്പൊടിയും ചുരണ്ടിയെടുത്തു. കൊച്ചു പെണ്ണിനും കൊച്ചിനും കാപ്പിയിട്ടു കൊടുത്തു.
ജോർജും ജോണും ഉണർന്നിട്ടില്ല.

വെയിലുറയ്ക്കുന്നതിനു മുമ്പ് സാറായും അമ്മച്ചിയും പോകാനിറങ്ങി.  എന്തൊക്കെയോ പൊതിഞ്ഞു കെട്ടി ശോശ അമ്മച്ചി കൊടുത്തു വിട്ടു.
ചേട്ടത്തിയും അനുജത്തിയും കെട്ടിപ്പിടിച്ചു കരഞ്ഞു.
പോയി വാ മാനേ സാറായുടെ കവിളിൽ തലോടി അവർ പറഞ്ഞു.
ഇടവഴി തീർന്നു. പ്രധാന നിരത്തിലേയ്ക്കവർ ഇറങ്ങുമ്പോൾ സാറാ തിരിഞ്ഞു നോക്കി.
ശോശ അമ്മച്ചി അപ്പോഴും അവരെ നോക്കി അവിടെത്തന്നെ നിൽക്കുന്നു.

കോട്ടയം ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പലചരക്കു കടക്കാർ ചിലർ വരുമായിരുന്നു.
പരിചയക്കാരക്കണ്ടാൽ അവർ കയറ്റിക്കൊണ്ടുപോകും ..

കൊച്ചുപെണ്ണ് ചുറ്റുപാടും നോക്കി.
ആരേയും കണ്ടില്ല.

നടന്നു ക്ഷീണിച്ചു ആറ്റുമുട്ടേലെത്തി.
ശോശയുടെ വീട്ടിൽ നിന്നും കഴിച്ച കപ്പപ്പുഴുക്കു ദഹിച്ചു... വയറ്റിൽ തീ ആളിത്തുടങ്ങി ... പുഴയിലിറങ്ങി കാലും മുഖവും കഴുകി ...
തണുത്ത കാറ്റ് അൽപ്പം ആശ്വാസം നൽകി.. 
ഇനി കുറച്ചു ദൂരമേയുള്ളൂ .... 
അപ്പൻ മകളേയും കാത്ത് കടവത്തു നിൽക്കുന്നു.
ശമുവേലിനു മകളെക്കണ്ടപ്പോൾ ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല.
അയാൾ പൊട്ടിത്തെറിച്ചു
"നിന്റെ ആങ്ങള പൊലയാടി മാന് എന്റെ കൊച്ചു മെലിഞ്ഞു പോയാലെന്നാ... പട്ടിണി കിടന്നു ചത്താലെന്നാ... കണ്ണും കുഴിഞ്ഞ് കോലംകെട്ട്...
അയാൾ മകളെ ചേർത്തുപിടിച്ചു.
കൊച്ചു പെണ്ണിനു ദേഷ്യം ഇരച്ചുകയറുന്നുണ്ടായിരുന്നു. ആഹാരം പോലും നേരാംവണ്ണം കഴിയ്ക്കാതെ കാശു മിച്ചം പിടിച്ചു തന്നെ സഹായിക്കുന്ന തന്റെ അച്ചാച്ചനെ ചീത്തവിളിച്ചതു അവർക്കു സഹിയ്ക്കാനായില്ല....അവർ ദേഷ്യം കടിച്ചമർത്തി.
" അവളെ പൊന്നുപോലയാ ശോശ നോക്കുന്നതു...
പിന്നെ ചിലപ്പോഴിത്തിരി ഇല്ലായ്മ ഒക്കെക്കാണും.

സാറാ അപ്പന്റെ സങ്കടം മാറ്റാനായി പറഞ്ഞു.
"അപ്പാ അവിടെ കപ്പ ചക്ക വാഴപ്പഴം ഒക്കെ ഇഷ്ടം പോലെയുണ്ടു.

അയാളതൊന്നും ശ്രദ്ധിച്ചില്ല.

ചോറുഒണ്ടാ... കപ്പ ചക്ക ചകിണി കണ്ടപത്രാദി തിന്നാ ഇങ്ങനെ കോലം കെട്ടതു....
അയാൾക്കു ദേഷ്യമടക്കാനായില്ല

അപ്പന്റെ സ്നേഹം അവൾക്കറിയാം.
എന്നാലും പാവം ശോശ അമ്മച്ചി എത്ര കഷ്ടപ്പെടുന്നു? അരിയുളളപ്പോൾ അവർ പൊതിച്ചോറു കൊടുത്തു വിടും..

അപ്പൻ പറഞ്ഞതു സത്യമായിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും രാത്രിയിലും കപ്പ തിന്നാണു വിശപ്പടക്കിയിരുന്നതു.
അപ്പോൾ ചോറുണ്ണാൻ കൊതിച്ചിട്ടുണ്ട്...

അവൾ മുറ്റത്തേയ്ക്കിറങ്ങി.

ശൂന്യമായ ആട്ടിൻ കൂട്..
വെള്ളച്ചിയും കറുമ്പനും എവിടെ? അവൾ അമ്മച്ചിയെ വിളിച്ചു.
കൊച്ചു പെണ്ണു വിമ്മിട്ടപ്പെട്ടു പറഞ്ഞു.
"നിനക്കു ഫീസു തരാൻ കാശു തികയാതെ വന്നപ്പം ... അച്ചാച്ചനു പഴേ പോലെ പണിയെടുക്കാൻ വയ്യാണ്ടായി.

സാറാ ആട്ടിൻ കൂട്ടിലേയ്ക്കു നോക്കി. അവരെ കെട്ടിയിരുന്ന രണ്ടു ചെറിയ കുറ്റികൾ അവിടെ ഇപ്പോഴുമുണ്ട് ....  കഴുത്തിലെ താൻ കെട്ടിക്കൊടുത്ത മണികൾ ആട്ടി തുള്ളിച്ചാടി അവർ വരുന്നതവൾ ഓർത്തു.

അപ്പൻ ചോറും മീൻ കറിയും ഉണ്ടാക്കി വെച്ചിരുന്നു.
സാറായ്ക്കു ചോറുണ്ണാൻ തോന്നിയില്ല.
കൊച്ചുപെണ്ണ് അവളോടു പതിയെ പറഞ്ഞു "വാ വന്നു ചോറു തിന്ന് -- അല്ലേൽ അപ്പനു സങ്കടമാകും.

അവൾ ചോറുണ്ണുന്നതും നോക്കി ശമുവേലരികിലിരുന്നു.

വെയിലാറി.. നിഴലുകൾക്കു നീളമേറി.. തണുത്തകാറ്റ് തെങ്ങോലകളിൽ നൃത്തം വെയ്ക്കാനെത്തി. വേലിപ്പടർപ്പുകളിൽ വെയിലേറ്റു മയങ്ങിക്കിടക്കുന്ന മഞ്ഞക്കോളാമ്പിപൂക്കൾ.
...കടവത്തു നിരനിരയായ് നിൽക്കുന്ന ചെമ്പരത്തി നിറയെ പൂക്കൾ... കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കൾ.
മീൻ തേടി നടക്കുന്ന കുളക്കോഴികൾ ... പൊന്മാനുകൾ കാലു നീണ്ട വെള്ളക്കൊറ്റികൾ കൂട്ടമായവ പറന്നുയരുന്നു. എത്ര മനോഹരമായ നാടാണു തന്റേതെന്നവൾ ഓർത്തു.
കൊയ്ത്തു കഴിഞ്ഞ് അരിവാൾ ഇടുപ്പിൽ തിരുകി തലയിൽ പുൽക്കെട്ടുകളും ചുമന്ന് . പണിയാളർ പോകുന്നുണ്ടു്. സാറായെക്കണ്ടിട്ട് ഒന്നു ചിരിയ്ക്കു കയോ മിണ്ടുകയോ ചെയ്യാതെ കടന്നുപോകുന്നവരെ സാറാ നോക്കി നിന്നു.
അവൾക്കെത്ര ആലോചിച്ചിട്ടും അവരുടെ ഈ അകൽച്ച മനസ്സിലായില്ല....
താനെന്തോ വലിയ തെറ്റു ചെയ്ത പോലെ.. !!
എത്ര കഷ്ടപ്പെട്ടാണ് താൻ പഠിക്കുന്നതു? വിശന്നും നടന്നും... പരിഹാസങ്ങളും ജാത്യാക്ഷേപങ്ങളും വിവേചനങ്ങളും.. ആവശ്യത്തിനു പണവും വസ്ത്രങ്ങളും പുസ്തകങ്ങളും ഇല്ലാതെയാണു തന്റെ പഠനം .... സഹപാഠികളിൽ ചിലരും ചില അദ്ധ്യാപികമാരും അകലം പാലിച്ചു തന്നെയാണിപ്പോഴും .... ലക്ഷ്യത്തിലെത്താൻ അതൊന്നും ഒരു തടസ്സമല്ല തനിയ്ക്കു ... പക്ഷേ തന്റെ അയൽക്കാരുടെ പെരുമാറ്റം അവളെ അസ്വസ്ഥയാക്കി..

നീ ഇവിടെ വന്നു ഇരിയ്ക്കുവാണോ? അമ്മച്ചിയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നുമുണർത്തി.
പടിഞ്ഞാറു സൂര്യൻ ഒരു തീഗോളമായി നിൽക്കുന്നു.
അൽപ്പം കഴിഞ്ഞാൽ അവസാന തുള്ളി പകൽ വെളിച്ചവും ഇല്ലാതാക്കിക്കൊണ്ട് ഇരുട്ടു കടന്നുവരും.
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുകളല്ലാതെ അവിടെങ്ങും പ്രകാശം പരത്തുന്ന മറ്റൊന്നുമില്ല.

അമ്മച്ചി കടവിലേയ്ക്കു കുളിയ്ക്കാൻ പോയി.
  
ഇനി പ്രാർത്ഥന.
അവൾ വേദപുസ്തകമെടുത്തു പ്രാർത്ഥിയ്ക്കാനിരുന്നു.
പതിവില്ലാതെ അപ്പനും പ്രാർത്ഥനയ്ക്കിരുന്നു.

തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക