
അഞ്ചാമത് ലോക കേരള സഭ ജനുവരി അവസാനം തിരുവനന്തപുരത്തു സമ്മേളിച്ചുവെന്നറിഞ്ഞു. ഏകദേശം നൂറ്റി ഇരുപത്തഞ്ചു രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം സഭാംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് കേട്ടത്. ജീവനത്തിനായി ഭൂഗോളത്തിന്റെ എല്ലാ വശങ്ങളിലേക്കും പറന്നു ചെന്ന മലയാളികൾ തങ്ങൾ താമസിക്കുന്ന സ്ഥലത്തെ, അല്ലെങ്കിൽ രാജ്യത്തെ മലയാളി സമൂഹത്തിന്റെ പ്രതിനിധികളായി കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒത്തുകൂടുക എന്നത് കേൾക്കുമ്പോൾ തന്നെ അഭിമാനവും സന്തോഷവും തോന്നുന്നു. അനേക കാലം വിദേശത്തു താമസിച്ചിട്ടും ഭാരത പൗരത്വം കളഞ്ഞിട്ടില്ലാത്ത ദേശ സ്നേഹികളായ അംഗങ്ങളാണ് ഈ ഒത്തുകൂടലിന്റെ ശരീരം.
നൂറ്റി ഇരുപത്തഞ്ചു രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ എന്നത് വെറും എണ്ണം കൊണ്ടുള്ള വിസ്തൃതയോ സമഗ്രതയോ അല്ല. മറിച്ച് അവർ പ്രതിനിധാനം ചെയ്ത സമൂഹം സ്ഥിതി ചെയ്യുന്ന വിധാനക്രമവും രാഷ്ട്രീയ/സർക്കാർ സംവിധാനങ്ങളും സാമൂഹിക വിധാനവും ജീവിത ചുറ്റുപാടുകളും സഭയുടെ അജണ്ടയ്ക്ക് നൽകിയേക്കാവുന്ന വിവരവിഭവങ്ങൾ പരസ്പരവിരുദ്ധവും എന്നാൽ പരസ്പര പൂരകങ്ങളുമാണ്. പാപ്വ ന്യൂ ഗിനിയ മുതൽ കാനഡ വരെ അവിടെ പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളി വ്യവസായികളുടെ മാതൃകയായ യൂസഫ് അലി മുതൽ അനേകം പ്രമുഖർ സഭയുടെ നേതൃത്വത്തിലുണ്ടെന്നറിയുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് പലരും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നും സഭയിൽ പങ്കെടുക്കുന്നുവെന്നും ജനുവരി മാസത്തെ ഈമലയാളിയിൽ വാർത്തകൾ കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിൽ പങ്കെടുത്തവർ മൂന്നു ദിവസത്തെ തിരക്കുപിടിച്ച സമ്മേളനത്തിൽ എന്തു സംഭവിച്ചു എന്ന് എഴുതാമോ? നമ്മളുമായി ബന്ധപ്പെട്ട എന്തെങ്കിലും അവിടെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും തീരുമാനിച്ചിട്ടുണ്ടാകുമെന്നും തീർച്ച. നിയമാനുസൃത രേഖകളില്ലാതെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവർ മുതൽ കേരളത്തിന്റെ വികസനത്തിന് അമേരിക്കൻ മലയാളികളുടെ ക്രിയാത്‌മകമായ ഇടപെടൽ വരെ വളരെ വിഷയങ്ങൾക്ക് അവസരമുണ്ടായിരിക്കാം. സഭയിൽ പങ്കെടുത്ത ആരെങ്കിലും അതേകുറിച്ച് ഇതിൽ എഴുതണമെന്നപേക്ഷ.
Paul D Panakal
pdpanakal@gmail.com