Image

ഇടക്കിടെ വന്നു മടങ്ങുന്ന പാടക്കാറ്റ് : രാധാമണി രാജ്

Published on 10 February, 2026
ഇടക്കിടെ വന്നു മടങ്ങുന്ന പാടക്കാറ്റ് : രാധാമണി രാജ്

ഇന്നലെ പതിവില്ലാതെ അനിയനെന്നെ വിളിച്ചു. മിക്കവാറും ഒരു സങ്കടമാവാം പറയാനുള്ളത്. നേരത്തെയും എന്നെ അങ്ങനെ വിളിക്കാറില്ല. അത് ഞാനൊന്ന്ക്കൊന്നരാടം വിളിക്കുന്നതുകൊണ്ടും കൂടിയാണ്.അന്നെനിക്ക് കുഞ്ഞവനെപ്പറ്റിയാണ് ഏറെയും പറയാനുണ്ടായിരുന്നത്. അവന് ഫിറ്റസ് വന്ന് .വീണതോ മുറിഞ്ഞതോ ആ ശുപത്രിക്കേസ്സോ അങ്ങനെയെന്തെങ്കിലും...ഇന്നതുകൊണ്ട് എന്‍റെ വിളികളും അധികമില്ല. കുട്ടന്‍ വിവരം പറഞ്ഞു,നമ്മുടെ അമ്മിണിച്ചേച്ചി പോയി.....

ഞാനോര്‍ത്തു അതേ മൂന്നാങ്ങളമാര്‍ക്കും ഒരു പെങ്ങള്‍ക്കുമായി 15 മക്കളുള്ളതില്‍ ഏറ്റവും മൂത്തയാള്, ഞങ്ങടെ ചേച്ചിയമ്മ. ചേച്ചീടെ കല്യാണമാണന്ന് പറഞ്ഞ് ഏറെസന്തോഷത്തോടെ ഒരു കല്യാണം കൂടിയത്. കൊച്ചപ്പന്‍ എന്ന ചേട്ടന്‍ സാധുവായൊരാള്‍ ആയിരുന്നു...എല്ലാവരോടും ഒത്തിരിസ്നേഹം...അന്ന് വിരുന്നുകൊടുക്കാനായി അവരെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതും എനിക്ക് നല്ല  മെറൂണ്‍കളറില്‍ ചെക്കുമാതിരി സ്വര്‍ണ്ണനൂലുകള്‍ ഇഴ പാകിയതുമായ ഒരുടുപ്പിനുള്ള തുണികൊണ്ടുവന്നതും ഇന്നും ഓര്‍മ്മയിലുണ്ട്. ഞാനന്ന് നാലിലാണ് പഠിക്കുന്നത്.....
                             
കാരാപ്പുഴ ഒരിക്കല്‍ കൂടി മനസ്സിലെത്തി....

അന്തിയുറങ്ങാനിടമില്ലാതെ
ഒരുതെങ്ങിന്‍ ചോട്ടില്‍ അച്ചനും അമ്മച്ചിക്കും നടുവില്‍ ഒരു രാത്രി പങ്കിട്ട മണ്ണ്, കളിവീടുപോലൊരു വീട്ടില്‍  അമ്മച്ചിക്ക് പിന്നാലെ നടന്നും മാന്തണലിനോടും പാടക്കാറ്റിനോടും കളിതമാശകള്‍ പറഞ്ഞ് കൂട്ടുകൂടിയ മണ്ണ്, ''നിങ്ങള് പെലേരാണോ എന്ന ചോദ്യം കേട്ട് വലിയ കുറ്റമെന്തോ ചെയ്തതുപോലെ അന്തംവിട്ടുനിന്നതും അതിന്‍റെ ഓരോ അര്‍ത്ഥങ്ങളും അനുഭവങ്ങള്‍കൊണ്ടും പങ്കുവെച്ചനാട്... അനിയനെ മാറോട് ചേര്‍ത്ത് നടന്നവഴികള്‍.... എഴുത്തിരുത്തിയതും  എഴുത്തിലേക്ക് അനിയനെയും എന്നെയും കെെപിടിച്ചും നടത്തിയ നാട്....്എവിടെയൊക്കെയോ സ്നേഹവും തിരസ്ക്കാരങ്ങളും തന്ന മണ്ണ്.  ...എണ്ണിയാലൊടുങ്ങാത്ത ഓര്‍മ്മകളും അതില്‍ ഏറെയും സങ്കടങ്ങളും തന്ന മണ്ണ്. 
അച്ചനും അമ്മച്ചിയും ഉറങ്ങുന്ന മണ്ണ്.  വാഴയിലകൊണ്ട് അച്ചന്‍ വെറുതെ വരച്ചൊരു വീട് യാഥാര്‍ത്യമായെങ്കിലും ഇന്നാവീടും ഇല്ല. ഒക്കെതിനും സാക്ഷിയായ പാടക്കാറ്റുകള്‍മാത്രം ഇടക്കിടെ വന്നു മടങ്ങുന്നുണ്ടാവണം..... എനിക്ക് പോകാനായില്ല. ഒടുവില്‍ ഓട്ടിസത്തിന്‍റെ നിസ്സഹായതകളെ ഇരുവശവും ചേര്‍ത്തുനിര്‍ത്തി കുട്ടനോടും ചിറ്റപ്പന്‍റെ മകനായ മോനച്ചനോടുമൊപ്പം യാത്ര പറഞ്ഞിറങ്ങിയ മണ്ണ്......ഇല്ലിച്ചോട്ടിലെത്തി പൊട്ടിക്കരയുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച മണ്ണ് ..

എന്നാലും ഞാനിനി വരുന്നില്ല. .... നാളെ വരുമോ  എന്നറിയില്ല...ഒരുപക്ഷേ ജന്മാന്തരങ്ങളില്‍ കണ്ടുമുട്ടാം....... ഇന്നലെമുതല്‍ ഞാനാകെ വല്ലാത്തൊരിത്.... എന്നാലും  ഭൂമിയിലെ ഏറ്റവും വലിയ ദുഃഖവുമായി ഞാനിവിടെ ചതഞ്ഞരഞ്ഞ പകലുകളോടും ഒറക്കം മറന്ന രാത്രികളോടുമൊപ്പം.....തോരാത്ത കണ്ണീരിനും  എപ്പോഴോ വരുമെന്ന കാത്തിരിപ്പിനും കാവലിരിക്കട്ടെ …

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക