Image

അഴിമതിയുടെ പെരുമഴക്കാലവും ഒഴുകിയൊടുങ്ങുന്ന കേരള ലോകായുക്തയും (സുരേന്ദ്രൻ നായർ)

Published on 10 February, 2026
അഴിമതിയുടെ പെരുമഴക്കാലവും ഒഴുകിയൊടുങ്ങുന്ന കേരള ലോകായുക്തയും (സുരേന്ദ്രൻ നായർ)

ജനാധിപത്യ ഭരണക്രമം രൂപപ്പെട്ട നാൾമുതൽ അധികാരം പങ്കുവെക്കുന്നവർ നടത്തുന്ന അഴിമതിയും അത് തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും രാഷ്ട്രീയ വേദികളിൽ ചർച്ചകൾ സജീവമായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ മൊറാർജി ദേശായ് അധ്യക്ഷനായ ആദ്യത്തെ ഭരണപരിഷ്കാര കമ്മീഷൻ 1966 ൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഓംപുഡ്‌സുമാൻ മാതൃകയിൽ രാഷ്ട്രീയ അഴിമതികൾ പ്രതിരോധിക്കാൻ കേന്ദ്രത്തിൽ ഒരു ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തകളും രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. രാഷ്ട്രീയ അധികാരം കൈയ്യാളുന്ന സംസ്ഥാന സർക്കാർ പ്രതിനിധികൾ മുതൽ കേന്ദ്ര സർക്കാരിലെ പ്രധാനമന്ത്രിവരെയുള്ളവരെ സംബന്ധിക്കുന്ന ആരോപണങ്ങൾ കേൾക്കുന്നതിനും വിചാരണ നടത്തി തീർപ്പ് കല്പിക്കുന്നതിനുമായി അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ ആയിരിക്കണം ഈ സമിതികൾ ഉണ്ടാകേണ്ടതെന്നും കേന്ദ്ര സർക്കാരിനു നൽകിയ നിർദ്ദേശങ്ങളിൽ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
                
ഭരണ പരിഷ്കാര കമ്മീഷനെ നിയോഗിച്ച  അതേ കേന്ദ്ര സർക്കാർ അവരുടെ ശുപാർശകളെ കുറിച്ചാലോചിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ 2011 ലെ അണ്ണാ ഹസാരെ നേതൃത്വം കൊടുത്ത ഡൽഹിയിലെ IAC (India Against Corruption) പ്രക്ഷോഭം വരെ തയ്യാറായിരുന്നില്ല. അതിനിടയിൽ മൻമോഹൻ സർക്കാർ നേതൃത്വം നൽകിയ രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്തുണ്ടായ 2G സ്പെക്ട്രം, കോമൺവെൽത്തു ഗെയിൻസ് അഴിമതികൾ കൽക്കരി കുംഭകോണം തുടങ്ങിയ ശതകോടികളുടെ അഴിമതി കഥകൾ രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നു കഴിഞ്ഞിരുന്നു. അതിനെത്തുടർന്ന് ഡൽഹിയിലെ ജന്തർ മന്ദിർ, രാംലീല മൈതാനം എന്നിവിടങ്ങളിൽ ഗാന്ധിയനായ അണ്ണാഹസാരെ കിരൺ ബേദി, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വമ്പിച്ച ജനകീയ സമരങ്ങളുടെ ഒത്തുതീർപ്പിന്റെ ഭാഗമായി 2013 ൽ കേന്ദ്രസർക്കാർ ലോക്പാൽ ബിൽ പാസ്സാക്കാൻ നിർബന്ധിതമായി.
                      
അഴിമതി നിരോധനത്തിൽ കേന്ദ്ര സർക്കാരിനേക്കാൾ താത്പര്യത്തോടെ ലോകായുക്ത രൂപീകരിച്ച ആദ്യത്തെ സംസ്ഥാനം ഒഡീഷയായിരുന്നു.
സ്വതന്ത്ര പാർട്ടി നേതാവായ രാജേന്ദ്ര നാരായൺ സിങ് ദിയോ നേതൃത്വം നൽകിയിയുന്ന സഖ്യകക്ഷി സർക്കാരാണ് 1970 ൽ ഒഡിഷയിൽ അത് സംബന്ധിച്ച നിയമനിർമ്മാണം നടത്തി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്. ഒഡിഷയുടെ ചുവടുപിടിച്ചു അടുത്ത വർഷം മഹാരാഷ്ട്രയിലും മറ്റുചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ലോകായുക്തകൾ നിലവിൽ വന്നെങ്കിലും കേരളം 1999 ൽ മാത്രമാണ് അത്തരമൊരു നിയമനിർമ്മാണത്തിനു തയ്യാറായത്. ഇടതുപക്ഷ  മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ ആയിരുന്നു കേരള ലോകായുക്ത രൂപീകരിച്ചത്. 
                   
പാർലമെന്ററി ജനാധിപത്യത്തിൽ നിയമ നിർമ്മിക്കുന്നതിലും നടപ്പിലാക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും അഴിമതിയുടെ നിഴലുകൾ വീഴാമെങ്കിലും ഓരോ മേഖലകളും നിലനിർത്തുന്ന സുതാര്യതയാണ് നിഷ്പക്ഷമായ പൊതുജന പരിശോധനകൾ സാധ്യമാക്കുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ് സാമൂഹ്യ പരിശോധനകൾ ലക്ഷ്യമിടുന്നത്. താഴെത്തട്ടിൽ ഗ്രാമസഭകൾ പോലുള്ള സോഷ്യൽ ഓഡിറ്റിംഗ്, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ എന്നിവകളും വിവരാവകാശ നിയമങ്ങൾ നൽകുന്ന സാധ്യതകളും മാധ്യമങ്ങൾ നിർവഹിക്കുന്ന അന്വേഷണാത്മക വിവര വിളംബരങ്ങളും അഴിമതികൾക്കെതിരെ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും അഴിമതികൾ അവസാനിക്കുന്നില്ല. ഭരണഘടനാ പരമായി ഭരിക്കുന്നവരുടേ സത്യസന്ധതയും വിശ്വാസവും ഉറപ്പാക്കാനുള്ള നീതിന്യായ സംവിധാനങ്ങൾ 
വ്യവഹാരങ്ങളിലെ കാലതാമസവും ക്രിമിനൽ നിയമങ്ങളിലെ സങ്കീർണതകളും കാരണം ഉദ്ദിഷ്ട ഫലപ്രാപ്തി കൈവരിക്കാറില്ല. അന്വേഷണങ്ങളിൽ ഉണ്ടാകുന്ന ഇടപെടലുകളും കോടതി വിചാരണകളിൽ ഉണ്ടാകുന്ന സാങ്കേതിക പ്രതിബന്ധങ്ങളും 
ലഘൂകരിച്ചു ആരോപണങ്ങളുടെ നിജസ്ഥിതി വേഗത്തിൽ കണ്ടെത്തി ഉപരികോടതിയുടെ തുടർ നടപടിക്ക് വിധേയമാക്കുക എന്നതാണ് ലോകായുക്തയിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം. ഒരിടതുപക്ഷ സർക്കാർ അഴിമതി ഇല്ലാതാക്കാനും അഴിമതിക്കാരെ അഴിക്കുള്ളിലാക്കാനും ആരംഭിച്ച ലോകായുക്തക്ക് മറ്റൊരു ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടായ ദുര്യോഗവും സമാന്തരമായി വേരുറപ്പിച്ച അഴിമതികളെക്കുറിച്ചും പരിശോധിക്കുകയാണിവിടെ ചെയ്യുന്നത്. 
              
2016 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയ ഇടതുപക്ഷ മുന്നണിയുടെ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി. അഴിമതിക്കെതിരായ കുരിശുയുദ്ധ പ്രഖ്യാപനമൊക്കെ ആദ്യനാളുകളിൽ അവർത്തിക്കപ്പെട്ടെങ്കിലും തുടർ നാളുകളിൽ നിരവധിയായ അധികാര ദുർവിനിയോഗങ്ങളുടെയും ഫണ്ട് അപഹരണങ്ങളുടേയും ആരോപണങ്ങൾ യോഗയുക്തയുടെയും കോടതികളുടെയും പരിഗണനയിൽ വന്നു. സംസ്ഥാനത്തുണ്ടായ പ്രളയ ദുരിതങ്ങളിലും കോവിഡ് മഹാമാരിയിലും ജനങ്ങളെ നേരിട്ട് സഹായിക്കാനായി പൊതുജങ്ങളും പ്രവാസ ലോകത്തുള്ളവയുൾപ്പെടെയുള്ള സംഘടനകളും സംഭാവന നൽകിയിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ (CMDRF) ഫണ്ട് തിരിമറി ലോകായുക്തയുടെ മുന്നിലെത്തിയ ഒരു പ്രധാന കേസായിരുന്നു. ഭരണ മുന്നണിയിൽ പങ്കാളിയായിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെ കുടുംബത്തിനും മരണപ്പെട്ട ഒരു മാർക്സിസ്റ്റ് എം എൽ എ യുടെ വ്യക്തിഗത വായ്പാ കുടിശിക തീർക്കാനും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി നേതാവിന്റെ ഗണ്മാന്റെ കുടുംബത്തെ സഹായിക്കാനും ദുരിതാശ്വാസ ഫണ്ടിൽ നിന്നും അൻപത്തി അഞ്ചു ലക്ഷത്തോളം രൂപ മാനദണ്ഡങ്ങൾ മറികടന്നു അനുവദിച്ചു എന്നതായിരുന്നു പരാതി. ദീർഘമായ തയ്യാറെടുപ്പുകൾക്കുശേഷം ഫണ്ട് വകമാറ്റിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന മന്ത്രിസഭയിൽ ചാരി മുഖ്യമന്ത്രി രക്ഷപ്പെട്ടു.(കേസിനാസ്പദമായ ഫണ്ട് തിരിമറി അപ്പോഴും അവിടെ അവശേഷിക്കുന്നുണ്ടായിരുന്നു)
                
കോവിഡ് കാലത്തു 550 രൂപ വിലക്ക് കേരളത്തിന്റെ പൊതുവിപണിയിൽ ലഭ്യമായിരുന്ന രോഗ പ്രതിരോധത്തിനായുള്ള പിപിഇ കിറ്റുകൾ മഹാരാഷ്ട്രയിലെ സാൻഫാര്‍മ എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1550 രൂപയ്ക്കു മുന്നൂറിരട്ടി അധിക വിലകൊടുത്തു വാങ്ങിയ ആരോഗ്യമന്ത്രി കെ കെ ഷൈലജക്കെതിരെയുള്ള പരാതി ലോകായുക്തയിലെത്തി. വിവിധ കോവിഡ് പ്രതിരോധ പർച്ചേസുകളിൽ 10.23 കോടിയുടെ അധികബാധ്യത സർക്കാരിനുണ്ടാക്കിയതായി സി ആൻഡ് എജി റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുതരമായ അഴിമതി സ്ഥിരീകരിച്ചു ലോകായുക്ത മുന്നോട്ടു പോയപ്പോൾ പ്രതിരോധത്തിലായ സർക്കാർ കേസ് സ്റ്റേ ചെയ്യാനും തുടർനടപടികൾ അവസാനിപ്പിക്കാനും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. അഞ്ചുവര്ഷങ്ങൾ പിന്നിട്ടിട്ടും വിധിയുണ്ടാകാതെ പ്രതിപക്ഷവും ഭരണകക്ഷിയും പൊതുജനത്തെ ഇപ്പോളും ഇരുട്ടത്ത് നിർത്തുന്നു. 
                 
പ്രളയബാധ പോലെ കേരളത്തെ ബാധിച്ച മറ്റൊരു ബാധയായിരുന്നു ലൈഫ് മിഷൻ അഴിമതി.
പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റുകൾക്കായി യു എ ഇ യിലെ റെഡ് ക്രസന്റ് നൽകിയ സംഭാവനയിൽ നിന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ളൊരു ഒരു സംഘം കോടികളുടെ കമ്മീഷൻ കൈപ്പറ്റി. ഇന്നും പണി പൂർത്തീകരിച്ചിട്ടില്ലാത്ത 140 ഫ്‌ളാറ്റുകളുടെ നിർമ്മാണം സംബന്ധിച്ച അഴിമതി കേസുകൾ ലോകായുക്തയിൽ നിന്നും വഴിമാറ്റി ഹൈകോടതിയിലുടെ സുപ്രിം കോടതിയിലെത്തിച്ചു അഴിമതിക്കാർ ആശ്വാസം കണ്ടെത്തി. സമാന്തരമായി നടന്ന മറ്റൊരു അന്വേഷണത്തിൽ കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് വിഭാഗം (ED) ബന്ധപ്പെട്ട പ്രതികളുടെ ആറു കോടിയോളം രൂപയുടെ ആസ്തികൾ ഏറ്റെടുത്തിട്ടുണ്ട്‌. അവിടെയും അന്തിമ വിധി കാണാമറയത്തു തന്നെ തുടരുന്നു.
          
ഇതിനിടയിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച കേസിലെ ലോകായുക്തയുടെ ഉത്തരവ്‌ അവരുടെതന്നെ ആത്മഹൂതിക്കും തരംതാഴ്ത്തലിനും കാരണമായി. പിണറായി സർക്കാരിൽ ന്യുനപക്ഷ ക്ഷേമം കുടി കൈകാര്യം ചെയ്തിരുന്ന ജലീൽ തന്റെ കീഴിലുള്ള ന്യുനപക്ഷ ധനകാര്യ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്ക് തന്റെ അടുത്ത ബന്ധുവിനെ നിയമിച്ചത് പരാതിയായി ലോകായുക്തയിൽ എത്തി. സർക്കാരിന്റെ സംഹാരശേഷിയോ അനിഷ്ടമോ പരിഗണിക്കാതെ കെ ടി ജലീൽ നടത്തിയത് പ്രകടമായ സ്വജന പക്ഷപാതമായതിനാൽ മന്ത്രിസ്ഥാനത്തു തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നു ലോകായുക്ത അഭിപ്രായപ്പെട്ടു. അതിനെത്തുടർന്ന്  ജലീലിന് മന്ത്രിസ്ഥാനം രാജി വക്കേണ്ടിവന്നു. ലോകായുക്ത ഇടപെടലിൽ പ്രകോപിതനായ മുഖ്യമന്ത്രി അതോടുകൂടി നായനാർ കൊണ്ടുവന്ന ലോകായുക്തയെ മൂക്കുകയറിടാനും വരുതിയിലാക്കാനും തീരുമാനിക്കുകയായിരുന്നു.
ലോകത്തെയാകെ വിറങ്ങലിപ്പിച്ച കോവിഡ് മഹാമാരിയെ പ്രതിരോധം കൊണ്ടും സൗജന്യ ഭക്ഷണ കിറ്റുകൾകൊണ്ടും നേരിട്ട പിണറായി 2021 ലെ തെരഞ്ഞെടുപ്പിൽ ഒന്നാമൂഴത്തെക്കാളും 8 സീറ്റുകൾ കൂടുതൽ നേടി 90 പേരുടെ പിന്തുണയോടെ നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരേ മുന്നണിയുടെ ഭരണ തുടർച്ച ഉറപ്പാക്കി. വീണുകിട്ടിയ തുടർച്ച പുതിയൊരു സ്റ്റാലിനിസ്റ്റ് ഏകാധിപത്യത്തിന്റെയും ക്രോണി ക്യാപ്പിറ്റലിസ്റ്റു പരീക്ഷണങ്ങളുടെയും തുടക്കം കൂടിയായിരുന്നു. 
                     
ലോകായുക്ത ഒറിജിനൽ നിയമങ്ങളിലെ സെക്‌ഷൻ 14 രാഷ്ട്രീയ നേതാക്കൾ അധികാര സ്ഥാനങ്ങളിലിരുന്നു അഴിമതിയും സ്വജന പക്ഷപാതവും നടത്തിയാൽ അവരെ അയോഗ്യരാക്കാനുള്ള അധികാരം അവർക്കു നൽകുന്നുണ്ടായിരുന്നു. മന്ത്രി ജലീലിന് കുരുക്കായ സെക്‌ഷൻ 14 ഉൾപ്പെടെ ഭരിക്കുന്നവർക്കു ഹിതകരമല്ലാത്ത അധികാരങ്ങളെ വെട്ടിനിരത്തുന്ന രീതിയിലുള്ള പരിഷ്കരണമാണ് 2022 ൽ കേരള നിയമസഭ പാസ്സാക്കിയ പരിഷ്കരണ ഭേദഗതി. ലോകായുക്തയെ വെറുമൊരു അന്വേഷണ ഏജൻസിയാക്കി തരംതാഴ്ത്താൻ അതിലൂടെ പിണറായിക്കു കഴിഞ്ഞു. തെളിവുകളുടെയും വിചാരണയുടെയും അടിസ്ഥാനത്തിൽ ഒരു മുഖ്യമന്ത്രി കുറ്റക്കാരനാണെന്നു ലോകായുക്ത ജഡ്ജി കണ്ടെത്തിയാൽ അത് സ്ഥിരീകരിക്കാൻ നിയമസഭയുടെ അംഗീകാരവും മന്ത്രിമാർ കുറ്റക്കാരായാൽ മുഖ്യമന്ത്രിയുടെ അനുമതിയും നിയമസഭ സാമാജികർ പിടിക്കപ്പെട്ടാൽ സ്പീക്കറുടെ അനുവാദവും കൂടി അനിവാര്യമാക്കിയ നിയമഭേദഗതികളാണ് നിയമസഭ നടപ്പിലാക്കിയത്.
                  
അർധ ജുഡീഷ്യൽ അധികാരങ്ങളോടെ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെക്കാലമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തെ നിരായുധരാക്കി 
മന്ത്രിമാരും എം എൽ എ മാരും സുരക്ഷിതരായപ്പോൾ പൊതു ഖജനാവിൽ നിന്നും ലോകായുക്തക്കായി ചെലവിട്ടിരുന്ന കോടികൾ ജനങ്ങൾ അറിയേണ്ടതല്ലേ.
2026-27 ലെ ബഡ്ജറ്റ് പ്രകാരം ഓരോ കേരളീയന്റേയും പ്രതിശീർഷ കടബാധ്യത ഒന്നേകാൽ ലക്ഷം രൂപയോളമാണ്. വിവരാവകാശ രേഖകൾ പരിശോധിക്കുമ്പോൾ 2024-25 കാലത്തെ ശമ്പളവും മറ്റു അനുകൂല്യങ്ങൾക്കുമായി ഏഴു കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത്. കഴിഞ്ഞ പത്തു വർഷത്തെ ലോകായുക്തയുടെ ചെലവ് എഴുപതു കോടിയോളമായിരുന്നുവെന്നു രേഖകൾ പറയുന്നു. കേവലമൊരു ഉപദേശക സമിതിയായി പരിമിതപ്പെട്ടങ്കിലും ഭരണക്കാർക്കു പെൻഷൻ പറ്റിയ താങ്കളുടെ രാഷ്ട്രീയ അടിമകളെ പുനധിവസിപ്പിക്കാൻ കഴിയുന്ന ഒരു താവളമായി നിലനിർത്താനും സാധിച്ചു. 
                   
ലോകായുക്ത അപ്രസക്തമായെങ്കിലും മറ്റു ഭരണഘടനാനുസൃതമായ കേന്ദ്ര സംസ്ഥാന ഏജൻസികളെ നോക്കുകുത്തികളാക്കി ഖജനാവ് കൊള്ളയും ധൂർത്തും പത്തുവർഷമായി പതിവുതെറ്റിച്ചു തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാ പ്രതിരോധങ്ങളും വ്യഥാവിലാകുന്നു. ഭരണത്തിന്റെ അടുത്ത ഊഴം കാക്കുന്ന പ്രതിപക്ഷമാകട്ടെ സാധ്യതയുടെ ഈ പഴുതുകൾ അടയാതിരിക്കാൻ ജാഗ്രതയോടെ മാത്രം വഴിപാട് പ്രതികരണങ്ങൾ നടത്തി തൃപ്തിയടയുന്നു.
ഉമ്മൻ‌ചാണ്ടി സർക്കാരിന് ഉണ്ടായിരുന്നതായി പറയുന്ന ശരിക്കുറവുകൾ പരിഹരിക്കാമെന്ന ഉറപ്പുനൽകി ആവേശത്തോടെ അധികാരത്തിൽ വന്ന പിണറായി ആദ്യമായി കുപ്രസിദ്ധി നേടിയത് യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിളുടെ പലപ്രാവശ്യം സ്വർണ്ണകള്ളക്കടത്തു നടതുന്നതിനു കൂട്ടുനിന്ന കേസിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുടെ കാർമ്മികത്വത്തിൽ നടന്ന സ്വർണക്കടത്തു കസ്റ്റംസിനാൽ പിടിക്കപ്പെട്ടു കേസായപ്പോൾ ഓഫീസ് മേധാവിയായ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ പോലും കേന്ദ്ര സർക്കാർ ഏജൻസികളോ കോടതികളോ തയ്യാറാകാതെ പ്രിൻസിപ്പൽ സെക്രട്ടറിയിലും ഏതാനും സഹായികളിലും മാത്രം കുറ്റം  പരിമിതപ്പെടുത്തി അന്വേഷണങ്ങൾ അവസാനിപ്പിച്ചത് നാം കണ്ടു.
                      
നിലവിലുള്ള നിയമ സംവിധാനങ്ങളെ അപ്പാടെ വെല്ലുവിളിച്ചുകൊണ്ട് അരങ്ങേറിയ അഴിമതികൾ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തകർത്തെറിഞ്ഞുവെന്നത് ബഡ്‌ജറ്റ് പ്രസംഗത്തിലെ കുതിച്ചുയർന്ന കടബാധ്യത തെളിയിക്കുന്നു. സൗജന്യമായി ഇന്റർനെറ്റ് സൗകര്യം നൽകാനായി കെഫോൺ (Kerala Fibre Optic Network) സ്വകാര്യ കമ്പനിയുമായി ആദ്യം 1028 കോടിയുടെ ഒരു കരാർ ഒപ്പിടുകയും പിന്നീട് അത് 1531 കോടിയായി വർധിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ടെണ്ടർ തുക വർധിപ്പിച്ചതിൽ 500 കോടിയുടെ അഴിമതി ഉണ്ടെന്ന ആരോപണം ഉയരുകയും കേബിളിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഒരു ചൈനീസ് കമ്പനിക്കു ചുമതല നല്കുകയുംകൂടി ചെയ്തതോടെ ആരോപണം കൂടുതൽ ശക്തമാകുകയും ചെയ്തു. 
                 
റോഡ് സുരക്ഷയുടെ ഭാഗമായ സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളിൽ 726 AI ക്യാമറകൾ സ്ഥാപിക്കാൻ പൊതുമേഖല സ്ഥാപനമായ കെൽട്രോണിനെ സർക്കാർ ഏൽപ്പിക്കുന്നു. ഉന്നതരുടെ താത്പര്യപ്രകാരം മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ഉൾപ്പെടുന്ന ചില സ്വകാര്യ കമ്പനികൾക്കുൾപ്പെടെ ഉപകരാറുകൾ നൽകി കെൽട്രോൺ വെറും ഇടനിലക്കാരനായി മാറുകയും പദ്ധതി ചെലവ് 726 കോടിയോളമാകുകയും ചെയ്തു. കെഫോൺ കേസ്സിൽ പങ്കാളിയായിരുന്ന ബാംഗളൂർ ആസ്ഥാനമായ SRIT മുഖ്യമന്ത്രിയുടെ ബന്ധു പങ്കാളിയായ പ്രസാദിയോ തുടങ്ങിയ കമ്പനികൾക്ക് ഉപകരാർ നൽകിയതിൽ അഴിമതിയും സ്വജന പക്ഷപാതവും നടന്നതായുള്ള ആരോപണം ഇന്നും നിലനിൽക്കുന്നു.
                        
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള Exalogic Solution എന്ന കമ്പനി കൊച്ചിയിലെ CMRL എന്ന സ്വകാര്യ കരിമണൽ ഖനന കമ്പനിയിൽ നിന്നും നൽകാത്ത സേവനത്തിന്റെ പേരിൽ 2017 മുതൽ 20 വരെയുള്ള കാലഘട്ടത്തിൽ 1.72 കോടിയോളം മാസപ്പടിയായി കൈപ്പറ്റിയത് ഐടി സേവനത്തിന്റെ പേരിലല്ല എന്നത് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് SFIO (Serious Fraud Investigation Office) എന്നീ ഏജൻസികൾ സ്ഥിരീകരിച്ചെങ്കിലും തുടർനടപടികൾ എങ്ങുമെത്തുന്നില്ല. രാഷ്ട്രീയ കരുനീക്കങ്ങളും ഒത്തുതീർപ്പു സാധ്യതകളും സാധാരണക്കാരനെ അമ്പരപ്പിക്കുന്നു. 
                          
കേരളത്തിന്റെ ഗ്രാമീണ മേഖലയെ കടബാധ്യതകളിൽ നിന്നും കാലങ്ങളായി സംരക്ഷിച്ചിരുന്ന സഹകരണ സംഘങ്ങളെ ശതകോടികൾ ഊറ്റിയെടുക്കാനുള്ള ഉപാധിയാക്കി കരുവന്നൂർ, കുന്നംകുളം,അയ്യന്തോൾ, കണ്ടള തുടങ്ങിയ രണ്ടു ഡസൻ സഹകരണ സംഘങ്ങളിലെ ഇടതുപക്ഷ ഭരണാധികാരികൾ നിർവഹിച്ച മൂലധന സിദ്ധാന്തം സംസ്ഥാന ഭരണകർത്താക്കളെ തെല്ലും അലട്ടുന്നില്ല. കരുവന്നൂർ സംഘത്തിൽ മാത്രം ഇ ഡി കണ്ടെത്തിയത് 300 കോടിയിലേറെ രൂപയുടെ ബിനാമി വായ്പകളാണ്. അവിടെ നഷ്ടമായത് സാധാരണക്കാരുടെ വർഷങ്ങളായുള്ള സമ്പാദ്യവും 
ചികിത്സ ചെലവിനുള്ള പണം പോലും മടക്കിക്കിട്ടാതെ ആത്മഹത്യ ചെയ്ത ആറു ഹതഭാഗ്യരുടെ ജീവനും.
എവിടെയും അവസാനിക്കാത്ത അന്വേഷണങ്ങൾ കേന്ദ്ര സംസ്ഥാന വകയായി തുടരുന്നുണ്ട്. 
                   
തുശ്ചമായ സാമ്പത്തിക വാഗ്ദ്വാനങ്ങളും വൻ മാധ്യമ പ്രചാരണവുമായി അധികാരം തുടരാനും പിടിച്ചെടുക്കാനും മുഖാമുഖം പോരടിക്കുന്ന ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പുകൾ ചിലപ്പോളെങ്കിലും മറനീക്കി പുറത്തുവരാറുണ്ട്. യു ഡി എഫ് ഭരണകാലത്തു മുസ്ലിംലീഗ് മന്ത്രിയുടെ കീഴിൽ 2016 ൽ പണി പൂർത്തിയാക്കിയ പാലാരിവട്ടം മേൽപ്പാലം കേവലം മൂന്നുവർഷം കൊണ്ട് നിലംപൊത്തി. നിലവിലെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി മന്ത്രിയുടെ അടുത്തയാളായ കരാറുകാരന് പണം മുൻകൂർ നൽകി പണിഞ്ഞ പാലമാണ് 2019 ൽ വിള്ളൽ കണ്ടതിനെത്തുടർന്ന് പുതുക്കി പണിയേണ്ടിവന്നത്. 47.7 കോടി ചെലവിൽ നിർമ്മിച്ച പാലം വീണ്ടുമൊരു 27.5 കോടി കുടി ചെലവിട്ടു പുതുക്കി പണിഞ്ഞതിന്റെ നഷ്ടം ആര് സഹിച്ചു. വിഷയം പിണറായിയുടെ വിജിലൻസ് കേസ്സാക്കി ചീഫ് എൻജിനീയറെയും കരാറുകാരനെയും പ്രതിയാക്കി. എന്നാൽ മുൻകൂർ പണം നൽകാനും കരാർ തുകയിൽ തിരിമറി നടത്താനും കൂട്ടുനിന്നതായി ആരോപിക്കുന്ന വകുപ്പ് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി അദ്ദേഹം മരിക്കുന്നതുവരെ നൽകാതെ എൽ ഡി എഫ് മുസ്ലിം ലീഗിനെ സംരക്ഷിച്ചു.
                                
2006 മുതൽ 2015 വരെ വിദേശത്തുനിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി കുടിയവിലക്കു ഇറക്കുമതിചെയ്തു കശുവണ്ടി വികസന കോർപറേഷന് 600 കോടിയുടെ നഷ്ടമുണ്ടാക്കിയ കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെ സി ബി ഐ വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിനോട് അനുമതി ചോദിക്കുകയും ഹൈക്കോടതി ആവർത്തിക്കുകയും ചെയ്തിട്ടും അനുമതി നൽകാത്ത പിണറായി സർക്കാർ വെളിപ്പെടുത്തുന്ന ചങ്ങാത്ത രാഷ്ട്രീയം പൊതുജനത്തെ വിഡ്ഢികളാക്കുന്നതാണ്.
സമാനമായ ഒരു അവിഹിത കൂട്ടുകെട്ടിന്റെ സാധ്യത 
ശബരിമല സ്വർണ്ണ കൊള്ളയിലും ചിലരെങ്കിലും സംശയിക്കുന്നുണ്ട്. 
          
പൊതുഖജനാവിനെ അപ്പാടെ അടിച്ചുമാറ്റി സംശയങ്ങളുടെ പുകമറയുണ്ടാക്കി മൂന്നരക്കോടി ജനങ്ങളെ പച്ചക്കു പറ്റിക്കുന്ന ഈ രാഷ്ട്രീയം എന്തായാലും കേരളത്തെ രക്ഷിക്കില്ല.
 

Join WhatsApp News
T A Thomas 2026-02-10 04:11:38
ഇപ്പോൾ കേരളം ഭരിക്കുന്ന സർക്കാറും പാർട്ടിയും അഴിമതിയിൽ മുങ്ങി കുളിക്കുന്നു. കേസുകൾ തേഞ്ഞു മാഞ്ഞു പോകുന്നു. സുരേന്ദ്രൻ നായരുടെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ സുരേന്ദ്രൻ നായർ, കേന്ദ്രഭരണം, അതിലെ അഴിമതിയെ പറ്റി എന്തുകൊണ്ട് എഴുതുന്നില്ല എന്തുകൊണ്ട് ചൂണ്ടിക്കാണിക്കുന്നില്ല. അതിനെപ്പറ്റി ഒക്കെ ചർച്ച ചെയ്യാൻ പോലും ഒരു അവസരം ഇല്ല. അതിനെപ്പറ്റി ചൂണ്ടിക്കാണിച്ചാൽ അവൻ രാജ്യദ്രോഹിയായി. അവനെതിരെ ഈടി വരും.
M.Mathai 2026-02-10 12:35:50
കൈക്കൂലി വാങ്ങിക്കുന്നത് മാത്രമല്ല അഴിമതി. ഒരു ഭരണാധികാരി അദ്ദേഹത്തിന് കിട്ടിയ അധികാരം ദുരുപയോഗം ചെയുമ്പോഷും തെറ്റായ നടപടികൾ ചെയ്യുന്നതും (malfeasance and misfeasance) അഴിമതി തന്നെയാണ്. 2012 ഇൽ പ്രതിപക്ഷ നേതാവായിരുന്ന നരേന്ദ്ര മോദി അന്ന് ഒരു അമേരിക്കൻ ഡോളറിനു 62 രൂപ ആയതിൽ ഭരിക്കുന്ന സർക്കാരിന്റെ അഴിമതി എന്നാരോപിച്ചു പ്രസംഗിക്കുന്ന വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്. നേപ്പാൾ കി കറൻസി നഹി ഗിർത്തി, പാക്കിസ്ഥാൻ കി കറൻസി നഹി ഗിർത്തി , ബംഗ്ലാദേശ് കി കറൻസി നഹി ഗിർത്തി , ശ്രീ ലങ്കാ കി കറൻസി നഹി ഗിർത്തി. അദ്ദേഹം ഭരിക്കാൻ തുടങ്ങിയിട്ടു 10 വർഷമായി . ഇപ്പോൾ ഒരു അമേരിക്കൻ ഡോളറിനുമായി 92 രൂപ എന്ന നിരക്കിൽ നില്കുന്നു. ഇതും പിടിപ്പുകേട് കൊണ്ടുണ്ടായ അഴിമതി.അല്ലേ ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-10 14:02:42
💥to - : T A Thomas : - ഇവിടെ e. മലയാളീയിൽ ലേഖനം എഴുതുന്ന ആരും വായനക്കാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയില്ല. എഴുതി കഴിഞ്ഞാൽ മാളത്തിൽ കയറും. എല്ലാം ഒന്നു കെട്ടടങ്ങി കഴിയുമ്പോൾ വീണ്ടും അടുത്തതും കൊണ്ട് വരും.... അതു പോലെ തന്നേ, പ്രധാന മന്ത്രി മോദി എന്നാണ് അവസാനം ഒരു പത്രസമ്മേളനം നടത്തിയത്?? ആർക്കെങ്കിലും ഒന്നു പറയാമോ???? ഒരിക്കലെങ്കിലും നടത്തിയിട്ടുണ്ടോ????? 🫣🤔 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-10 14:22:17
💥to-: M. Mathai : - അഴിമതിയും കൈക്കൂലിയും 'officialize: ചെയ്ത ഒരു രാജ്യമാണ് ഭാരതമെന്ന് അറിയില്ലേ താങ്കൾക്ക്??. അടി മുതൽ മുടി വരെ അഴിമതിയിലും കെടു കാര്യസ്ഥതയിലും മുങ്ങികുളിച്ചു നിൽക്കുന്ന രാജ്യമാണ് ഭാരതം. പ്രധാന മന്ത്രി ( office) മുതൽ വില്ലേജ് ആപ്പീസർ വരെ കൈക്കൂലിയുടെ ഉസ്താദു മാരാണ്. സ്വന്തം birth certificate കിട്ടാൻ പോലും കൈക്കൂലി കൊടുക്കേണ്ടിയ ഗതികേടാണ് ഭാരതത്തിൽ ഉടനീളം ഇന്നും ഉള്ളത്. ഒരൊറ്റ സർക്കാർ ആപ്പീസ് നേരേ ചൊവ്വേ പ്രവർത്തിക്കുന്നില്ല ഇന്നും അവിടെ. ഒരു സംസ്ഥാനം മാത്രമല്ല, 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും തഥൈവ... അതുകൊണ്ടാണല്ലോ, ഏകദേശം അറുപതുലക്ഷം ex-ഭാരതീയരായ മഹാ ഭാഗ്യവാന്മാർ ( us citizens) ഇവിടെ അമേരിക്കയിൽ ഇരുന്നു കൊണ്ട് ഭാരതത്തെ പുകഴ്ത്തുന്നത്. പക്ഷേ ആർക്കും ഭാരതത്തിലോട്ടു തിരികെ പോകണ്ടാ... അതെന്താ മല്ലയ്യാ അങ്ങനെ???🤔🤔🤔🤔🤔. ഈ വിഷയവും , ഏശുവിന്റെ കാര്യവും ഞാൻ ചോദിക്കുമ്പോൾ എല്ലാവന്റെയും അണ്ണാക്കിൽ hot dog..... Rejice
സുരേന്ദ്രൻ നായർ 2026-02-10 16:25:20
എഴുതുന്ന വിഷയത്തെ കുറിച്ചുള്ള പ്രതികരണമല്ല സർ പലരും ചോദിക്കുന്നത്. അഴിമതിയുടെ അളവ് കുറക്കാനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിൽ കോടികൾ ചെലവിട്ടു നടപ്പിലാക്കിയ ലോകായുക്തയുടെ ദാരുണാന്ത്യവും അനുബന്ധ അഴിമതികളുമാണ് ഇവിടെ പ്രതിപാദ്യ വിഷയം. അപ്പോൾ ഒരു സുഹൃത്തു പ്രതിപക്ഷ നേതാവായിരുന്ന മോദിയെ കുറിച്ച് ചോദിക്കുന്നു. മോദി ഒരിക്കലും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആയിരുന്നിട്ടില്ലെന്ന വിവരം അദ്ദേഹത്തെ പഠിപ്പിക്കാനുള്ള സാഹസം ആരുനടത്തും. പിന്നെ ഡോളർ വില അത് നിയന്ത്രിക്കുന്നത് സാമ്പത്തിക മേഖലയാണ് കഴിഞ്ഞ പത്തു വർഷം കൊണ്ട് ലോകത്തിലെ നാലാമത് സാമ്പത്തിക ശക്തിയും GDP ക്രമാനുക്രമമായി വളരുകയും ചെയ്യുന്ന ഒരു സമ്പദ്ഘടനയെക്കുറിച്ചു മനസ്സിലാക്കാൻ വിവര സാങ്കേതിക വിദ്യകൾ പരിശോധിച്ചാൽ പോരെ. മോദിയുടെ അഴിമതികൾ അത് പാർലമെന്റിൽ പോലും കേട്ടിട്ടില്ല. ഇപ്പോൾ നടക്കുന്ന ബഡ്‌ജറ് ചർച്ചയിൽ ബഡ്ജറ്റിനെ കുറിച്ച് പറയാൻ എത്ര വിവരമുള്ള എംപിമാർ ഉണ്ടെന്നു പാർലമെന്റ് ലൈവ് ഒന്ന് കണ്ടുനോക്കുക. കാവൽക്കാരൻ കള്ളൻ തോറ്റാൽ EV അഴിമതി വോട്ടു ചോരി പ്രസിധീകരിക്കാത്ത പുസ്തകത്തിലെ പരാമർശം വിദേശത്തുപോയി മാതൃരാജ്യത്തെ വിമർശിക്കുക ഇങ്ങനെ നീളുന്നു ഇതൊക്കെ ആര് പറയണം. ഇവിടത്തെ വിഷയം ലോകായുക്തയും അഴിമതിയും. എല്ലാ പ്രതികരണങ്ങൾക്കും നന്ദി
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-10 17:03:20
💥ശ്രീ. സുരേന്ദ്രാ അവിടെ നില്ല്, പോകാൻ വരട്ടേ... ഞാൻ നേരത്തേ ചോദിച്ച few questions ഉണ്ടായിരുന്നു , അതായത് താങ്കളുടെ തൊട്ടു മുന്പിലത്തെ ലേഖനത്തെ ആധാരമാക്കി. അന്ന് കൗശലമായി മൗനപ്പെട്ട്‌ , അതിനെ കുറിച്ചൊന്നും താങ്കൾ അന്ന് മിണ്ടി കണ്ടില്ല. അതു കൊണ്ട് ഇനിയും താങ്കളോടുള്ള ചോദ്യങ്ങൾക്കു താങ്കൾ ഭാവിയിൽ മറുപടി പറയണ്ട. താങ്കൾ എഴുതുന്നു , ഞാൻ ചോദ്യങ്ങൾ ചോദിക്കും, മറുപടി വേണ്ടേ വേണ്ടാ..... 🙏 എഴുതുമ്പോൾ അൽപ്പം factual ആയിരിക്കണം, അത്രയേ വേണ്ടൂ.... Rejice
ബാബു തോമസ് 2026-02-10 19:08:07
സുരേന്ദ്രൻ സാർ എഴുതാനും പറയാനും കഴിവുള്ള വ്യക്തിയാണ്. പക്ഷേ ഇദ്ദേഹത്തിൻറെ തലയിൽ തനി റിലീജിയസ് ഫണ്ടമെന്റലിസം മാത്രമാണ് ഉള്ളത്. അദ്ദേഹത്തിൻറെ വീക്ഷണങ്ങൾ, 90% തെറ്റായ നിലയിലേക്കാണ് പോകുന്നത്. അദ്ദേഹം പലപ്പോഴും അദ്ദേഹത്തിൻറെ ലേഖനങ്ങൾ ചുമ്മാ ഉരുണ്ടു കളിക്കുന്നു. ഉചിതം മാതിരി അദ്ദേഹം വിഷയം മാറ്റി സംസാരിക്കുന്നു. അദ്ദേഹം അധിവസിക്കുന്നത്, ഒരു ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള, മതേതര, നിഷ്പക്ഷ രാജ്യത്താണ്. അതിൻറെ ഗുണഗണങ്ങൾ എല്ലാവർക്കും എന്ന മാതിരി അദ്ദേഹത്തിനും ലഭ്യമാണ്. ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് ഇന്ത്യയിലെ റിലീജിയസ് ഭൂരിപക്ഷ മതഫണ്ടമെന്റലിസത്തെ അദ്ദേഹം ഏതാണ്ട് 100 ശതമാനവും പിന്താങ്ങുന്നു. അദ്ദേഹത്തിൻറെ ലേഖനത്തെ പറ്റിഇവിടെ എഴുതിയിരിക്കുന്ന മുഴുവൻ ആളുകളുടെ പ്രതികരണങ്ങളും ചോദ്യങ്ങളും ശരി തന്നെയാണ്. മോദി പ്രതിപക്ഷ നേതാവായിരുന്നിട്ടില്ല. അത് ശരി. പക്ഷേ അദ്ദേഹത്തിൻറെ മുൻ ജല്പനങ്ങൾ ആണ് മിസ്റ്റർ എം മത്തായി ചൂണ്ടിക്കാട്ടുന്നത്. സുരേന്ദ്രൻ നായർ അല്പം കൂടെ സത്യത്തിൽ കാണൂ. മതപണ്ഡിലിസം മാറ്റിവെച്ച് മനുഷ്യൻ എന്ന രീതിയിൽ മാത്രം ദയവായി എഴുതുക. ഇതിലെ മത്തായി ഹിന്ദു മാതാപിതാക്കളിൽ നിന്ന് ജനിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒരുസുരേന്ദ്രൻ നായർ ആകുമായിരുന്നു. അതുപോലെ സാക്ഷാൽ ഇത് എഴുതുന്ന സുരേന്ദ്രൻ നായർ ക്രിസ്ത്യൻ ഭവനത്തിൽ ജനിച്ചിരുന്നെങ്കിൽ ഒരു മത്തായിയോ ജോസഫ് മറ്റോ ആകുമായിരുന്നു. . അതിനാൽ ഈ മതം ഒക്കെ അത്രയേ ഉള്ളൂ. അതൊക്കെ മിക്കവാറും നമ്മൾ ജനിക്കുന്ന മാതിരി മാത്രം. എത്ര അറിവുള്ളവൻ ആണെങ്കിലും, എത്ര കഴിവുള്ളവൻ ആണെങ്കിലും നമ്മൾ എല്ലാം മതങ്ങളെയും തൽക്കാലം മാറ്റിവച്ച് നിഷ്പക്ഷമായി ചിന്തിക്കുക. ഇപ്പോൾ കേട്ട ഒരു വാർത്ത അനുസരിച്ച് വീണ്ടും മണിപ്പൂരിൽ വ്യാപകമായി ക്രിസ്ത്യൻ വേട്ട തുടരുകയാണ്. എന്നാൽ അമേരിക്കയിൽ ആരെങ്കിലും ഒരു ഹിന്ദുവിനെ എതിരായി എന്തെങ്കിലും സംസാരിക്കാൻ അത് ഭയങ്കര വാർത്തയും ഭയങ്കര പ്രതിഷേധവുമായി. ഇരട്ടത്താപ്പുകൾ. Hipocratic ചിന്തകൾ, Hipocratic എഴുത്തുകൾ. ഒന്നുമാത്രം കരുതുക മതമേതായാലും മനുഷ്യൻ നന്നാകുക. കേരളത്തിൽ ഭരിക്കുന്ന പാർട്ടിക്കാരും, ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കാരും, അവരുടെ അഴിമതിയും എല്ലാം ഒരു മതേതര ചുറ്റുപാടിൽ മാത്രം കാണുക, വിമർശിക്കുക.
സുരേന്ദ്രൻ നായർ 2026-02-11 01:31:05
ലോകായുക്തയുടെ അകാല ചരമവും കേരളത്തിലെ അഴിമതിയും കുറിച്ച് പറയുന്നതിൽ എവിടെയെങ്കിലും മതമോ രാഷ്ട്രീയമോ ഉണ്ടെങ്കിൽ അതോ വസ്തുത വിരുദ്ധമായി വിവരങ്ങൾ ഉണ്ടെങ്കിലുമോ ശ്രീ ബാബു തോമസ് ചൂണ്ടിക്കാട്ടിയാൽ ഈ എഴുത്തുതന്നെ ഉപേക്ഷിക്കാം. സ്വന്തം മനസ്സിനെ മദിക്കുന്ന മത ചിന്തകൾ അന്യരുടെ വീക്ഷണത്തിൽ ദയവായി തിരുകിക്കയറ്റി മത വിദ്വേഷം വളർത്തരുത്. മത വിദ്വേഷം ഈ ലേഖനത്തിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. തിരുത്താം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക