Image

ലോസ് ആഞ്ചലസിൽ മേയർ സ്ഥാനത്തേക്ക് മലയാളിയായ നിത്യ രാമൻ

Published on 09 February, 2026
ലോസ് ആഞ്ചലസിൽ മേയർ സ്ഥാനത്തേക്ക് മലയാളിയായ നിത്യ രാമൻ

ലോസ് ആഞ്ചലസ് :ലോസ് ആഞ്ചലസ് നഗര രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവിന് തുടക്കം കുറിച്ച് നിത്യ രാമൻ. സിറ്റിയുടെ മേയർ പദവിയിലേക്ക് ഈ മലയാളി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫയലിംഗിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടത്തിയ ഈ അവസാന നിമിഷ പ്രഖ്യാപനം നഗര രാഷ്ട്രീയരംഗത്ത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഡെമോക്രാറ്റിക് പ്രൈമറികളിൽ നിത്യ രാമൻ ഏറ്റുമുട്ടുന്നത് മുൻ റിയാലിറ്റി ടിവി താരമായ സ്‌പെൻസർ പ്രാറ്റ്, ഡെപ്യൂട്ടി ഡയറക്ടർ റേ ഹുവാങ്, മുതിർന്ന സിറ്റി എഞ്ചിനീയർ ആസാദ് അൽനജ്ജാർ, കൂടാതെ നിലവിലെ മേയറായ കരൺ ബാസ് എന്നിവരോടാണ്.

വീടുകളുടെ കുത്തനെ ഉയരുന്ന വില കുടുംബങ്ങളെ നഗരത്തിന് പുറത്തേക്ക് തള്ളുകയാണെന്നും, ഉത്തരവാദിത്വവും വ്യക്തതയും ഇല്ലാത്ത ഹൗസിങ് സംവിധാനം ആളുകളെ പ്രതിസന്ധിയിൽ കുടുക്കുന്നുവെന്നും നിത്യ രാമൻ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന കണക്കുകൾ ഉണ്ടെങ്കിലും, സ്ട്രീറ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ആളുകൾക്ക് രാത്രിയിൽ  തെരുവുകളിലൂടെ നടക്കാൻ പോലും ഭയം തോന്നുന്നു എന്നും നഗരത്തിന് അടിസ്ഥാന കാര്യങ്ങൾ പോലും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ രാമൻ. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ സൊഹ്‌റാൻ മാംദാനിയെ മേയറായി തിരഞ്ഞെടുക്കുന്നതിൽ ഈ സംഘടന നിർണായക പങ്ക് വഹിച്ചതും ശ്രദ്ധേയമാണ്.

അർബൻ പ്ലാനറും ഹോംലെസ്‌നസ് ആക്ടിവിസ്റ്റുമാണ് നിത്യ രാമൻ. 2022-ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതയായ അവർ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഐടി- യിൽ നിന്നും അർബൻ പ്ലാനിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

അമേരിക്കൻ മലയാളികളുടെ ശക്തമായ സാന്നിധ്യമുള്ള ഇടമാണിത്. അതുകൊണ്ടുതന്നെ, കാലിഫോർണിയ രാഷ്ട്രീയത്തിൽ മലയാളിയായ നിത്യ രാമന്റെ മേയർ സ്ഥാനാർഥിത്വം അമേരിക്കൻ മലയാളി സമൂഹത്തിനും നഗര രാഷ്ട്രീയത്തിനും ഒരുപോലെ ശ്രദ്ധേയമായ സംഭവമായി വിലയിരുത്തപ്പെടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക