
ന്യൂജേഴ്‌സി :അമേരിക്കയിലെ ന്യൂ ജേഴ്‌സി സംസ്ഥാനത്ത് ജേഴ്സി സിറ്റിയിൽ മുസ്ലിം സമൂഹത്തിന്റെ സാംസ്‌കാരിക-സാമൂഹിക സംഭാവനകൾ ആദരിച്ച് മുസ്ലിം ഹെറിറ്റേജ് മാസം ഔദ്യോഗികമായി അംഗീകരിച്ചു. ജേഴ്‌സി സിറ്റി മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. നഗരത്തിൽ 25,000 മുതൽ 30,000 വരെ മുസ്ലിം നിവാസികളുണ്ടെന്നാണ് കണക്കാക്കുന്നത്.
ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യകളിലൊന്നുള്ള ജേഴ്‌സി സിറ്റിയിലെ മുസ്ലിം സമൂഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും പ്രമേയം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതലത്തിൽ, ന്യൂജേഴ്‌സി അമേരിക്കയിലെ നാലാമത്തെ വലിയ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ്— 3.2 ലക്ഷം(ഏകദേശം 3% ) മുസ്ലിംകൾ ഇവിടെ താമസിക്കുന്നതായി യു.എസ്. സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നു.
സാമൂഹ്യ-പൗരജീവിതത്തിലേക്കുള്ള മുസ്ലീങ്ങളുടെ സംഭാവനകൾക്ക് കൂടുതൽ അംഗീകാരം നൽകണമെനന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. ദേശീയ സർവേകൾ പ്രകാരം, അമേരിക്കയിലെ മുസ്ലീങ്ങളിൽ പകുതിയിലധികം പേർക്ക് മതാടിസ്ഥാനത്തിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ജേഴ്‌സി സിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽമാൻ-അറ്റ്-ലാർജായ മൈക്കിൾ ഗ്രിഫിൻ ഈ അംഗീകാരം തനിക്കു വ്യക്തിപരമായി സംതൃപ്തി നൽകുന്നതായി അറിയിച്ചു. തന്റെ പിതാവ് ഇസ്‌ലാം മതം സ്വീകരിച്ചതും, താൻ 17-ാം വയസ്സിൽ കലിമ ചൊല്ലി ഔദ്യോഗികമായി ഇസ്ലാമായതും അദ്ദേഹം ഓർമ്മിച്ചു.
മുസ്ലിം വിരുദ്ധ വിവേചനം പഠിക്കുന്ന ബ്രിജ് ഇനിഷ്യേറ്റിവ് നടത്തിയ സർവേയിൽ, ഹിജാബ് ധരിക്കുന്നവരടക്കം തിരിച്ചറിയാവുന്ന മുസ്ലിംകളിൽ 64% പേർക്ക് വിവേചനം നേരിട്ടതായി കണ്ടെത്തി.
ന്യൂജേഴ്‌സിയിലെ കുറഞ്ഞത് ആറു മുനിസിപ്പാലിറ്റികൾ ഇതിനകം മുസ്ലിം ഹെറിറ്റേജ് മാസം അംഗീകരിച്ച് പ്രഖ്യപനങ്ങളോ പ്രമേയങ്ങളോ പാസാക്കിയിട്ടുണ്ട്. കൗണ്ടി തലത്തിലും സമൂഹ നേതൃത്വത്തിലുള്ള പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു.
പൊതുചർച്ചയിൽ പങ്കെടുത്ത ജേഴ്‌സി സിറ്റി നിവാസിയും ആക്ടിവിസ്റ്റുമായ അർജുമന്ദ് ജുവെറിയ പ്രമേയം മുന്നോട്ട് കൊണ്ടുവന്ന കൗൺസിലിനെ പ്രശംസിച്ചു. മുസ്ലിം പൈതൃകത്തിന്റെ സമൃദ്ധിയും സമൂഹത്തിലേക്കുള്ള അതുല്യ സംഭാവനകളും അംഗീകരിക്കുന്നതിലേക്കുള്ള കൂട്ടായ പ്രതിബദ്ധതയുടെ ശക്തമായ തെളിവാണിതെന്ന് അവർ പറഞ്ഞു.
രാജ്യവ്യാപകമായി മുസ്ലിം സമൂഹത്തിനെതിരെ വൈരാഗ്യം ഉയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ അംഗീകാരം. കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് 2024-ൽ രേഖപ്പെടുത്തിയ പരാതികളുടെ എണ്ണം 8,658 ആയി—ഒറ്റവർഷത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യ.
ന്യൂജേഴ്‌സിയുടെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാൻ-അമേരിക്കൻ നേതാവ് മുസാബ് അലി മതം പലപ്പോഴും സമൂഹങ്ങളെ വിഭജിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടു. മുസ്ലിംകൾ വിദേശ ഭീകരസംഘമല്ലെന്നും സ്നേഹവും സമാധാനവും പകരാൻ ആഗ്രഹിക്കുന്ന അയൽക്കാരാണെന്നും അലി പറഞ്ഞു.
അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചിതമായ ന്യൂജേഴ്‌സി രാഷ്ട്രീയത്തിൽ, മുസ്ലിം ഹെറിറ്റേജ് മാസത്തിന് ലഭിച്ച ഈ ഔദ്യോഗിക അംഗീകാരം ഉൾക്കൊള്ളലിന്റെയും വൈവിധ്യത്തിന്റെയും ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.