
ചില ദിവസങ്ങളിൽ കട്ടൻ കാപ്പി മാത്രം കുടിച്ചു കൊണ്ട് സാറാ പള്ളിക്കൂടത്തിലേയ്ക്കു പോകാറുണ്ട്.
ശോശ അമ്മച്ചിയുടെ വാടിയ മുഖം കാണുമ്പോൾ അവൾക്കു സങ്കടം തോന്നും...വാഴക്കുലകൾ മൂത്തിട്ടില്ല... മരച്ചീനിയും ചേമ്പും പറിയ്ക്കാറായിട്ടില്ല. സാറായ്ക്കു ജോർജും ജോണും വിശന്നു നടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും. അമ്മച്ചിയോ വെല്ലിച്ച നോ ചിലപ്പോൾ അപ്പനോ കൊണ്ടുവരാറുള്ള അരിയും എണ്ണയും തേങ്ങായുമൊക്കെ ഒന്നു രണ്ടാഴ്ച കഴിഞ്ഞുകൂടാം.
ജോർജ് രണ്ടാമതും മൂന്നാമതുമൊക്കെ ചോറു ചോദിക്കുമ്പോൾ ശോശ അമ്മച്ചി വഴക്കു പറയും. അവനതൊന്നും കാര്യമാക്കാതെ ചോദിച്ചു കൊണ്ടിരിയ്ക്കും.
മൂക്കുമുട്ടെ തീറ്റ യും കളിയും..അതിനായിട്ടൊരുത്തൻ....
അവൻ ചിലപ്പോൾ അപ്പച്ചനെക്കാണാൻ സായിപ്പ് ബംഗ്ലാവിൽ പോകും... ഇഷ്ടം പോലെ ആഹാരം കഴിക്കുക എന്നതാണു പോക്കിന്റെ ഉദ്ദേശം.. വീട്ടിലെത്തിയാൽ ജോണിനെ കൊതിപ്പിയ്ക്കാൻ അതെല്ലാം വിശദീകരിയ്ക്കും.
അവർ പുസ്തകം തുറന്നു പോലും നോക്കാറില്ല.
രാവിലെ ആഹാരമില്ലെങ്കിലും സാറാ പതിവു പോലെ കുളിച്ചൊരുങ്ങി പോവും.
ഇപ്പോൾ അവൾക്കു ഒരു കൂട്ടുകാരിയെക്കിട്ടിയിട്ടുണ്ട്. കവലയിൽ അവൾ കാത്തു നിൽക്കും.
കുട്ടികളെല്ലാവരും തന്നെ അടുത്തിടപഴകിത്തുടങ്ങി.
അപരിചിതത്വത്തിന്റെ അകലം തെല്ലുമില്ലാതായി. എന്നാലും ചിലരൊക്കെ വലിയ അകലത്തിൽത്തന്നെയാണു.
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും അവിടെ ഉണ്ടായിരുന്നു. സമ്പന്നരുടെ മക്കളെല്ലാം അവിടെയായിരുന്നു പഠിച്ചിരുന്നതു. ഫീസും വളരെക്കൂടുതലായിരുന്നു.
സാറായ്ക്കു മലയാളം പീര്യഡും മലയാളം ടീച്ചറേയും വലിയ ഇഷ്ടമായിരുന്നു.
ആശാന്റെ കരുണ, ലീല, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കാവ്യങ്ങൾ അവൾക്കു മന:പാഠമായിരുന്നു
പല പുസ്തകങ്ങളും വാങ്ങിയ്ക്കാനവൾക്കു കഴിഞ്ഞില്ല
അതൊക്കെ കൂട്ടുകാരിയോടു പുസ്തകം വാങ്ങി നോട്ടുബുക്കിൽ പകർത്തി എഴുതിയാണു പഠിച്ചിരുന്നതു.
രാവേറെ ചെല്ലുവോളം അവൾ എഴുതുകയും പഠിക്കുകയും ചെയ്യും.
ചിലപ്പോൾ വിളക്കിലെ എണ്ണ തീർന്നു കരിന്തിരി കത്തുവാൻ തുടങ്ങുമ്പോൾ ശോശ അമ്മച്ചി പറയും.
"ഇനി കെടന്നൊറങ്ങ് കൊച്ചേ
ഇങ്ങനെ ഒണ്ടോ ഒരുപടുത്തം!
എല്ലാവിഷയങ്ങളിലും മികവു പുലർത്തിയിരുന്നതു കൊണ്ട് അവളെ അധ്യാപികമാർക്കെല്ലാം ഇഷ്ടമായിരുന്നു.
അവളുടെ ഉള്ളിൽ ഒരു പുതിയ ലോകം പിറക്കുകയായിരുന്നു.
കവിതകൾ എഴുതി. ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. ടീച്ചർ കണ്ടാൽ വഴക്കു പറയുമെന്നവൾ ഭയപ്പെട്ടു.
അവളുടെ ഗോമതി ടീച്ചറിനുണ്ടായിരുന്ന സ്നേഹവും കരുതലും മറ്റാരിലും കണ്ടില്ല.
അവളെ മുന്നോട്ടു നയിക്കുന്ന വഴി വിളക്കു പോലെ ടീച്ചറിന്റെ അന്നത്തെ വാക്കുകൾ ഉള്ളിൽ പ്രകാശം പരത്തി നിന്നു.
എത്ര കഷ്ടപ്പെട്ടാലും പഠനം നിർത്തരുതു...കൂടുതൽ കൂടുതൽ പഠിക്കുവാൻ എന്തു ത്യാഗം സഹിക്കുവാനും അവൾ തയ്യാറായിരുന്നു.
ഓണപ്പരീക്ഷ തീരുന്ന ദിവസം അവളെ വീട്ടിലോട്ടു കൊണ്ടുപോകുവാൻ അമ്മച്ചി വരുമെന്നവൾക്കറിയാം..
പരീക്ഷ കഴിഞ്ഞു ശോശ അമ്മച്ചിയുടെ വീട്ടിലെത്തിയപ്പോൾ
മുറ്റത്തു നിൽക്കുന്നു തന്റെ അമ്മച്ചി!
ഒരു പാടു നാളുകൾ കൂടി കണ്ടതുകൊണ്ടാവാം ഒരു കൊച്ചു കുട്ടിയേപ്പോലെ അവൾ കരഞ്ഞു.
" പൗലോച്ചൻ വള്ളവുമായി ചുങ്കത്തു വരുവോ":
"ഇല്ല അച്ചാച്ച പനിയാ തീരെ വയ്യാണ്ടു കിടക്കുവാ.
എന്നാലിന്നു പോകണ്ടാ , ശോശ അമ്മച്ചി പറഞ്ഞു.
എത്ര വേഗത്തിൽ നടന്നാലും ഇരുട്ടു വീണു കഴിഞ്ഞേ വീട്ടിലെത്തുകയുള്ളു... ആറ്റുമുട്ടേന്നു വല്ല വള്ളക്കാരേം കിട്ടിയാലും.. നേരം ഇരുട്ടും. ആണുങ്ങളാരുമില്ലാതെ രാത്രി നടന്നാൽ ലക്കുകെട്ടു നടക്കുന്ന വല്ലവനും ഉപദ്രവിക്കും.
പകൽ പോലും പേടിച്ചു പോകുന്ന ഭൈരവൻ കാട് കടന്നു വേണം വീട്ടിലെത്താൻ.
ശോശ അമ്മച്ചി വീണ്ടും പറഞ്ഞു. "നാളെ പോകാം. കൊച്ചു പെണ്ണു സമ്മതിച്ചു.
ആ രാത്രിയിൽ ചേട്ടത്തിയും അനുജത്തിയും ഉറങ്ങിയില്ല.
ജീവിതത്തിന്റെ കഷ്ടപ്പാടുകൾ പങ്കുവെച്ചു കൊണ്ടു കിടന്നു. അപ്പന്റെ കള്ളു കുടിയെക്കുറിച്ചു ചോദിച്ചില്ല. അമ്മച്ചി പറഞ്ഞുമില്ല.
വീടു നോക്കാതെ സായിപ്പിന്റെ പൂന്തോട്ടോം നോക്കി നടക്കുന്ന തന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞു ശോശ അമ്മച്ചി കരയുന്നതു സാറാ കേട്ടു.
ഒടുവിൽ അവർ ചിരിച്ചു കൊണ്ടു പറഞ്ഞു
" ഒരലു ചെന്നു മദ്ദളത്തോടു പറയുന്ന പോലെയാ...
ശോശഅമ്മച്ചിയും കൊച്ചു പെണ്ണും ഉറങ്ങിയിട്ടും സാറായ്ക്കു ഉറക്കം വന്നില്ല.
അവൾ അപ്പനെക്കുറിച്ചു ഓർത്തു.... ഒറ്റയ്ക്കു കിടക്കുന്ന അപ്പൻ... പനിയായിട്ടു കിടക്കുന്ന വെല്ലിച്ചൻ.
നേരമൊന്നു വെളുത്തിരുന്നെങ്കിൽ ...
തുടരും…