Image

ഫിഫ 2026: ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഫുട്ബോൾ പ്രേമികളെ അകറ്റി നിർത്തുന്നതായി പരാതി (ഏബ്രഹാം തോമസ്)

Published on 09 February, 2026
ഫിഫ 2026: ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഫുട്ബോൾ പ്രേമികളെ അകറ്റി നിർത്തുന്നതായി പരാതി (ഏബ്രഹാം തോമസ്)

ഡാലസ് : നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി ഫിഫ (ഫെഡറേഷൻ  ഓഫ് ഫുട്ബോൾ അസ്സോസിയേഷൻസ്) കപ്പിനായുള്ള മത്സരങ്ങൾ 2026 ജൂൺ - ജൂലൈ മാസങ്ങളിൽ നടക്കുകയാണ്. ഒൻപതു നോർത്ത് അമേരിക്കൻ നഗരങ്ങളിൽ ഏറ്റവുമധികം മത്സരങ്ങൾ  നടക്കുക ഡാലസിനടുത്ത ആർലിംഗ്ടണിലെ എ ടി & ടി സ്റ്റേഡിയത്തിൽ   

ഫിഫ 2026 മാച്ചുകളുടെ ടിക്കറ്റുകൾക്കു വേണ്ടിയുള്ള വെബ് സൈറ്റുകൾ തുറന്നു  കഴിഞ്ഞു.  

വില്പന ആരംഭിച്ചപ്പോൾ തന്നെ കടുത്ത വാശിയോടും വീറോടും കൂടി ഫുട്ബോൾ (സോക്കർ)  ആരാധകർ ആർത്തിയോടെ സീസൺ ടിക്കറ്റുകളും ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളും  സ്വന്തമാക്കാൻ ആരംഭിച്ചു. എന്നാൽ ഭ്രാന്തമായ ആവേശത്തിന് കടിഞ്ഞാണിടാൻ കനത്ത മനോഭാരത്തോടെ കുറെയധികം ആരാധകർ തയ്യാറായി. ഇതിനു കാരണമായത് ഫുട്ബോൾ പ്രേമത്തിന് വിലങ്ങുതടിയായി ഉയർന്ന  അയഥാർത്ഥമെന്നു തോന്നുന്ന ടിക്കറ്റുകളുടെ അവിശ്വസനീയമായ വിലയാണ്. ആരാധകർ പലരും പല പേരുകളിലായി ടിക്കറ്റുകൾ വാങ്ങാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. ആദ്യം അലോട്ട് ചെയ്തത് ഭാഗ്യകുറികളിലൂടെ  ആയിരുന്നു. ആയിരങ്ങളെ ഭാഗ്യം കടാക്ഷിച്ചപ്പോൾ ഇവരുടെ പല ഇരട്ടി പേർക്ക് നറുക്കു വീണില്ല.

കഴിഞ്ഞ തവണ ടെക്സസിൽ മത്സരം നടന്നത് 1994 ലാണ്. അന്ന് ഇത്രയധികം മത്സരങ്ങൾക്ക്  നോർത്ത് ടെക്സാസ് വേദി ആയില്ല. ഇത് ജീവിത കാലത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി ഫുട്ബോൾ പ്രേമികൾ കരുതുന്നു. ടിക്കറ്റ് നിരക്കുകൾ തങ്ങളെ ഒഴിവാക്കി എന്ന് ബഹു ഭൂരിപക്ഷം സോക്കർ പ്രേമികളും പരാതിപ്പെടുന്നു  എങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 'ഫിഫ ഇവിടെ എത്തിയത് ഫുട്ബോൾ  പ്രേമികളുടെ രക്തം ഊറ്റി കുടിക്കുവാനാണ്. സൂപ്പർ ബൗൾ മത്സരങ്ങളിൽ അമേരിക്കൻ ഫുട്ബോൾ മത്സരങ്ങൾക്ക് വലിയ തുകകൾ നൽകി ടിക്കറ്റുകൾ വാങ്ങുന്ന അമേരിക്കൻ ആരാധകർ ചിലവഴിക്കുന്ന ഭീമമായ തുകളിൽ നിന്ന് തങ്ങൾക്കായി ഒരു വലിയ പങ്കും എടുക്കുന്നത് വലിയ കാര്യമാവില്ല  എന്ന് ഫിഫ അധികാരികൾ കരുതിയിട്ടുണ്ടാവലും.' നിരാശരായ പല ആരാധകരും വിലപിച്ചു. 

ഒരു റാൻഡം സെലക്ഷൻ പ്രോസസ്സിലൂടെ ഭാഗ്യക്കുറികൾ നടക്കുന്നു. ടിക്കറ്റ് വേണ്ടവർ ആദ്യം ഫിഫ  വെബ് സൈറ്റിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ലോട്ടറിയിൽ വിജയിക്കുന്നവർക്ക് ആദ്യ മത്സരം, ജൂൺ 14നു നടക്കുന്ന ജപ്പാൻ - നെതർലൻഡ്സ് മത്സരത്തിന്റെ 220 ഡോളർ മുതൽ 600 ഡോളർ വരെ വിലയുള്ള ടിക്കറ്റ് വാങ്ങാൻ കഴിയും. ജൂൺ 17നു നടക്കുന്ന ഇംഗ്ലണ്ട് - ക്രോയേഷ്യ  മത്സരത്തിന്റെ ടിക്കറ്റിന്റെ വില 265 ഡോളർ മുതൽ 700 ഡോളർ വരെയാണ് . സൂപ്പർതാരം ലിയോണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമും  ഓസ്ട്രിയ ടീമും തമ്മിലുള്ള ജൂൺ 22 നു നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില 265 ഡോളർ മുതൽ 700 ഡോളർ വരെയാണ്. 

ജൂലൈ 14 നു  എ ടി & ടി സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനൽ മാച്ച് കാണാൻ (ഫിഫ ലോട്ടറി വിജയികൾക്ക്) ആളൊന്നിന് 930 ഡോളർ മുതൽ 3,295 ഡോളർ വരെ ഓരോ ടിക്കറ്റിനും നൽകണം. ന്യൂ ജേർസി മെറ്റ്  ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 14 നു നടക്കുന്ന ഫൈനലിനുള്ള ടിക്കറ്റ് വില 4,185 മുതൽ 8,680 വരെ ഡോളർ ആയിരിക്കും. 

ചെയർ ഓഫ്‍ ദി  1994 വേൾഡ് കപ്പ് ഓർഗനൈസിങ് കമ്മിറ്റി, അലൻ റോതെൻബെർഗ്,  സൂറിച്ചു  ആസ്ഥാനമായുള്ള  ഫിഫ യുടെ ടിക്കറ്റ് നിരക്കുകളും യു എസ് സോക്കർ  ഫെഡറേഷന് ടിക്കറ്റ് നിരക്കുകളുടെ നിയന്ത്രണം ഇല്ലാത്തതിനെയും  ന്യായീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക