
'സ്വപ്നമാളിക’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് 18 വർഷമായി നിലനിന്നിരുന്ന നിയമക്കുരുക്കിൽ നിന്നും നടൻ മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒടുവിൽ മോചനം. വഞ്ചനാക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളുകയായിരുന്നു. ജഡ്ജി ജാനിസ് സ്റ്റീഫൻ ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
2007-ലാണ് വിവാദമായ ഈ കേസിന്റെ തുടക്കം. ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണ ആവശ്യത്തിനായി മോഹൻലാൽ 30 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സിനിമയുമായി സഹകരിക്കാതെ വഞ്ചിച്ചുവെന്നും ആരോപിച്ച് സംവിധായകനും അഭിഭാഷകനുമായിരുന്ന കെ.എ. ദേവരാജനാണ് കോടതിയെ സമീപിച്ചത്.
നീണ്ട വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ഇരുവർക്കും അനുകൂലമായ വിധി വന്നിരിക്കുന്നത്. പരാതിക്കാരനായ കെ.എ. ദേവരാജൻ 2025 ഏപ്രിലിൽ അന്തരിച്ചിരുന്നു. അദ്ദേഹം മരിച്ചെങ്കിലും ലഭ്യമായ എല്ലാ രേഖകളും സാക്ഷിമൊഴികളും കൃത്യമായി പരിശോധിച്ച ശേഷമാണ് കോടതി അന്തിമ തീരുമാനമെടുത്തത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും അവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.