Image

ഒടുവിൽ റിലീസിലേക്ക്; ‘കാലം പറഞ്ഞ കഥ’യ്ക്ക് സെൻസർ ബോർഡ് അനുമതി

Published on 08 February, 2026
ഒടുവിൽ റിലീസിലേക്ക്; ‘കാലം പറഞ്ഞ കഥ’യ്ക്ക് സെൻസർ ബോർഡ് അനുമതി

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങുന്നു. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിച്ച നിയമവിദഗ്ധർ ഉൾപ്പെട്ട സെൻസർ ബോർഡ് കമ്മിറ്റി സിനിമയ്ക്ക് പ്രദർശനാനുമതി നൽകാൻ ശുപാർശ ചെയ്തു. ചിത്രത്തിന് UA 16+ സർട്ടിഫിക്കറ്റാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. 

വെഞ്ഞാറമൂട് കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമ കേസിനെ ബാധിക്കുമെന്നും അതിനാൽ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് പ്രതിയായ അഫാന്റെ പിതാവ് അബ്ദുൾ റഹീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ ഈ പുതിയ തീരുമാനം കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കുന്നതോടെ സിനിമയുടെ റിലീസിന് വഴിതെളിയുമെന്നാണ് സൂചന.

അതേസമയം, ഈ ക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ ദാരിദ്ര്യവും ഭീമമായ കടബാധ്യതയുമാണെന്ന് വെളിപ്പെടുത്തി അബ്ദുൾ റഹീം രംഗത്തെത്തി. 

മകനും ഭാര്യയും ചേർന്നുണ്ടാക്കിയ ഏകദേശം 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന ദിവസം പോലും പലിശക്കാർക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. ബന്ധുക്കളിൽ നിന്നും സഹായം തേടിയെങ്കിലും ആരും കൂടെ നിന്നില്ലെന്നും, ഒടുവിൽ നിരാശയും സമ്മർദ്ദവും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ തുക പലിശയായി വാങ്ങിയ ബന്ധുക്കൾ പോലും ഇപ്പോൾ തങ്ങളെ അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിതപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക