Image

നേമത്ത് വി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് തുറക്കാന്‍ രാജീവ് ചന്ദ്രശേഖറെ ഇറക്കി ബി.ജെ.പി; കേരളം ഉറ്റുനോക്കുന്ന പോര് (എ.എസ് ശ്രീകുമാര്‍)

Published on 08 February, 2026
നേമത്ത് വി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് തുറക്കാന്‍ രാജീവ് ചന്ദ്രശേഖറെ ഇറക്കി ബി.ജെ.പി; കേരളം ഉറ്റുനോക്കുന്ന പോര് (എ.എസ് ശ്രീകുമാര്‍)

തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന നേമം നിയമസഭാ മണ്ഡലത്തിന് ചില പ്രത്യേകതകളുണ്ട്. കേരള നിയമസഭയിലേയ്ക്ക് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത് നേമത്താണ്. ഒ രാജഗോപാലാണ് 2016-ലെ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ആദ്യമായി നിയമസഭയില്‍ അംഗമായത്. 2021-ല്‍ അദ്ദേഹം വീണ്ടും നേമത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയോട് പരാജയപ്പെട്ടതോടെ അക്കൗണ്ട് പൂട്ടിപ്പോയി. മറ്റൊരു പ്രത്യേകത, ലീഡര്‍ കെ കരുണാകരന്‍ വിജയിച്ച മണ്ഡലമാണിത്. 1982-ലെ തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍ നേമം നിയമസഭാ മണ്ഡലത്തോടൊപ്പം മാള നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ച് വിജയിച്ചു. എന്നാല്‍ തന്റെ തട്ടകമായ മാള നിലനിര്‍ത്തിയ അദ്ദേഹം നേമം മണ്ഡലത്തില്‍ നിന്ന് രാജി വെച്ചു. തുടര്‍ന്ന് 1983 മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് സി.പി.എമ്മിലെ വി.ജെ തങ്കപ്പനായിരുന്നുവെന്നതാണ് രസകരം.

2016-ലെ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേമത്ത് നിന്ന് വിജയിച്ചത് ബി.ജെ.പിയെ സംബന്ധിച്ച് ചരിത്ര നേട്ടമായിരുന്നു. 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഒ രാജഗോപാല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. ഒ രാജഗോപാല്‍ 6,78,134 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടാണ് ലഭിച്ചത്. യുഡിഎഫിനായി മത്സരിച്ച ജെഡിയു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത് 13,860 വോട്ടായിരുന്നു. 2011-ല്‍ യു.ഡി.എഫിന് ലഭിച്ച 20,248 വോട്ടായിരുന്നു 2016-ല്‍ 13,860 വോട്ടായി കുറഞ്ഞതെന്നോര്‍ക്കുക. 2006-ല്‍ കോണ്‍ഗ്രസിന്റെ എന്‍ ശക്തന്‍ 60,884 വോട്ട് നോടി 10,749 വോട്ടിന് വിജയിച്ച നേമത്തായിരുന്നു 2011-ല്‍ 20,248, 2016-ല്‍ 13,860 എന്നീ നിലയിലേയ്ക്ക് യു.ഡി.എഫിന്റെ വോട്ട് ചുരുങ്ങിയത്. എന്നാല്‍ 2021-ല്‍ ഇവിടെ മത്സരിക്കാനെത്തിയ കെ മുരളീധരന്‍ യു.ഡി.എഫിന്റെ വോട്ട് ബാങ്ക് തിരിച്ച് പിടിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നെങ്കിലും സി.പിഎമ്മിനും ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതായി.

ഇക്കുറി നേമത്ത് എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏതാണ്ട് വ്യക്തത വന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് യു.ഡി.എഫിലേക്കാണ്. നേമം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ശിവന്‍കുട്ടിയെക്കാള്‍ മികച്ചൊരു ഓപ്ഷനില്ല. കഴിഞ്ഞ തദ്ദേശ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍.ഡി.എക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നല്‍കിയ നിയമസഭാ മണ്ഡലമെന്ന നിലയില്‍ ബി.ജെ.പിയും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് അവിടേക്ക് ആലോചിക്കുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ കളത്തിലിറങ്ങുന്നതോടെ മത്സരം ശ്രദ്ധേയമാകും. എങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഈ മണ്ഡലത്തിലെ മത്സരഫലം പ്രവചനാതീതമാകുമോ എന്ന് വ്യക്തമാകാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന് കൂടി അറിയേണ്ടതുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടടിസ്ഥാനത്തില്‍ 7,913 വോട്ടിന്റെ ലീഡാണ് നേമം മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്കുള്ളത്. നേമം മണ്ഡലത്തിന്റെ ഭാഗമായി വരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡുകളില്‍ 48,945 വോട്ടുകളാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടിയത്. എല്‍.ഡി.എഫ് 41,032 വോട്ടുകളും നേടി. യു.ഡി.എഫിന് 22,197 വോട്ടുകള്‍ മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചിട്ടുള്ളു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 22 വാര്‍ഡുകളില്‍ 17 വാര്‍ഡുകളിലാണ് എന്‍.ഡി.എ വിജയിച്ചത്. എല്‍.ഡി.എഫ് അഞ്ചിടത്ത് വിജയിച്ചു. എവിടെയും മുന്നിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞതുമില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2024) ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശഖര്‍ നേമം മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. 61,227 വോട്ടാണ് 2024-ല്‍ ഇവിടെ രാജീവ് ചന്ദ്രശേഖര്‍ പിടിച്ചത്. ഇവിടെ രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ ശശി തരൂരിന് 39,101 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്ന്യന്‍ രവീന്ദ്രന് ലഭിച്ചത് 33,322 വോട്ടായിരുന്നു. നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലഭിച്ച 22,126 വോട്ടിന്റെ ലീഡാണ് ഇത്തവണ നേമത്ത് കണ്ണ് വെയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേമം ബി.ജെ.പിക്ക് ലീഡ് നല്‍കിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ 58,513 വോട്ടാണ് നേടിയത്. ശശി തരൂരിന് 46,472 വോട്ടും എല്‍.ഡി.എഫിന്റെ സി ദിവാകരന് 33,921 വോട്ടുമാണ് 2019-ല്‍ നേടാന്‍ സാധിച്ചത്.

അതേസമയം, ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള നേമം മണ്ഡലത്തിലേക്ക് ശക്തനായ സ്ഥാനാര്‍ഥിയെ തേടുകയാണ് കോണ്‍ഗ്രസ്. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് ബി.ജെ.പിയെ സഹായിക്കാനെന്ന വിമര്‍ശനം ഉയരുമെന്നും അതിനാല്‍ എ ക്ലാസ് സ്ഥാനാര്‍ഥികളില്‍ ഒരാളെ നേമത്ത് ഇറക്കണമെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരനെ വീണ്ടും നേമത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബലിയാടാകാനില്ലെന്നു പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പാര്‍ട്ടി കാരണമാണെന്ന വിമര്‍ശനം മുരളീധരനുണ്ട്. ഈ സാഹചര്യത്തിലാണ് മുരളി നേമം വേണ്ട എന്ന തീരുമാനമെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം എതിര്‍ശബ്ദം ഉയര്‍ത്താത്തത്. ശശി തരൂര്‍ നേമത്ത് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കെ.എസ് ശബരിനാഥന്റെ പേരും പരിഗണനയിലുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക