Image

സ്മൃതികളുടെ മാവിൻചുവട്ടിലെ  എന്റെ അണ്ണാറക്കണ്ണൻ (ചെറുകഥ : സ്മിതാ സോണി- ഒർലാൻഡോ)

Published on 08 February, 2026
സ്മൃതികളുടെ മാവിൻചുവട്ടിലെ  എന്റെ അണ്ണാറക്കണ്ണൻ (ചെറുകഥ : സ്മിതാ സോണി- ഒർലാൻഡോ)

അമേരിക്കയെ മുഴുവൻ പിടിച്ചു കുലുക്കിയ അതിശൈത്യത്തിന്റെ രണ്ടു ആഴ്ചക്കാലത്തിനു ശേഷം വീടിന്റെ പുറകിൽ നിറയെ പൂക്കളുമായി പൂത്തുലഞ്ഞു നിന്നിരുന്ന മാവിൻ ചോട്ടിലേയ്ക്ക് ഇന്ന് നടന്നെത്തിയപ്പോൾ കണ്ട കാഴ്ച ഏറെ ഹൃദയഭേദകമായിരുന്നു.. ഗദ്ഗദത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കല്ലെന്ന് പഴമക്കാർ പറഞ്ഞത് എത്ര അര്ഥവത്താണെന്ന ആത്മഗതവുമായി തിരികെ നടക്കുമ്പോൾ ആണ് തൊടിയിലൂടെ ഓടിക്കിയ്ക്കുന്ന അണ്ണാറക്കണ്ണനിൽ എന്റെ കണ്ണുകൾ ഉടക്കിയത്. അവന്റെ കുസൃതിത്തരങ്ങളെ നോക്കിയിരിക്കുമ്പോൾ ഒരു മാമ്പഴക്കാലത്തിലേയ്ക്ക് എന്നിലെ കുട്ടിമനസു ഊളിയിട്ടിറങ്ങി. 
 

മാമ്പഴക്കാലം എത്തുമ്പോൾ എന്റെ ബാല്യം എവിടെയോ നിന്ന് മടങ്ങിവരും. അത് വെറും ഒരു ഓർമ്മയല്ല; എന്റെ ഉള്ളിൽ എന്തോ മൃദുവായി ഉരുകുന്ന ഒരു അനുഭവമാണ്. ചൂടുള്ള ഉച്ചകളിൽ കാറ്റ് പോലും മടിച്ച് നിൽക്കുന്ന ആ ദിവസങ്ങളിൽ, വീട്ടുമുറ്റത്തെ പഴയ മാവിൻചുവട്ടിൽ ഇരുന്ന് ഞാൻ കാലം മറന്നിരുന്നു. തേൻമാവിന്റെ തണ്ടിലൂടെ മുകളിലേക്ക് നോക്കുമ്പോൾ, ഇലകളുടെ ഇടയിൽ ഒളിച്ചിരുന്ന സൂര്യപ്രകാശവും ഇടയ്ക്ക് വീഴുന്ന പച്ചമാങ്ങയുടെ മങ്ങിയ ശബ്ദവും ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു. ആ ശബ്ദങ്ങളോടൊപ്പമാണ് എന്റെ ബാല്യം ശ്വസിച്ചിരുന്നത്.

അന്നത്തെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അണ്ണാറക്കണ്ണനായിരുന്നു. എവിടെ നിന്നോ പെട്ടെന്ന് എത്തി, മാവിന്റെ തണ്ടിലൂടെ ചുറ്റി ഓടി,കണ്ണിമയ്ക്കും മുൻപ് കൊമ്പിലേക്ക് ചാടുന്ന ആ ചെറുജീവി. അവന്റെ കണ്ണുകളിൽ എപ്പോഴും ഒരു കുസൃതി ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒരു നിശ്ശബ്ദ സൗഹൃദം വളർന്നിരുന്നു. ഞാൻ മാവിൻചുവട്ടിൽ ഇരുന്നാൽ, അവൻ മുകളിലിരുന്ന് എന്നെ നോക്കും. ഞാൻ കൈയിൽ പിടിച്ച മാങ്ങക്കഷ്ണം കാണിച്ചാൽ, അവന്റെ വാൽ സന്തോഷത്തോടെ വിറയ്ക്കും.

മമ്മി അടുക്കളയിൽ നിന്ന് വിളിക്കും: “കൊച്ചേ.. നീ വെറുതെ മാവിലൊന്നും വലിഞ്ഞു കേറി മരത്തിൽ കേറിയെന്ന പേരുദോഷം കേൾപ്പിയ്ക്കരുത് കേട്ടോ.. പെൺമ്പിള്ളേർ മരത്തേൽ കേറുന്നത് നാണക്കേടാ. പക്ഷേ മാമ്പഴക്കാലത്ത് ആ വിളികൾക്ക് വലിയ വിലയൊന്നുമില്ലായിരുന്നു. അത് കേട്ടപാതി കേൾക്കാത്ത പാതി എന്നിലെ ഫെമിനിസ്റ്റ് സടകുടഞ്ഞെഴുന്നേൽക്കും. മമ്മിയോട് തിരിച്ചു ചോദിയ്ക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടു വായിച്ചു കൂട്ടിയ സിൻഡ്രേല്ലക്കഥയിലെ പാവം സിൻഡ്രേല്ല തന്റെ ചുറ്റുമുള്ള എലികളോടൊക്കെ സംവദിച്ചതുപോലെ  ഞാനെന്റെ അണ്ണാറക്കണ്ണനോട് ചോദിയ്ക്കും “ഇതെവിടുത്തെ ന്യായമാ. അതെന്താ പെണ്കുട്ട്യോള് മരത്തിൽ കേറിയാലെന്ന്".. മിണ്ടാപ്രാണിയായ അവൻ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും  എന്നെ കേട്ടല്ലോയെന്ന സമാധാനത്തിൽ ഞാനും തിരികെ നടക്കും. 

അവനൊപ്പം കളിക്കുന്നത് ഒരു ചെറിയ സാഹസമായിരുന്നു. ഞാൻ അവനുവേണ്ടി മാങ്ങക്കഷ്ണം നിലത്തിട്ട് കുറച്ച് പിന്നോട്ട് മാറി നിൽക്കും.. എന്നിട്ടും അവൻ ഉടൻ ഇറങ്ങില്ല; ആദ്യം ചുറ്റും നോക്കും, എന്നെ ഒന്ന് സംശയത്തോടെ തറപ്പിച്ചുനോക്കും, പിന്നെ മാത്രമേ ധൈര്യമായി താഴേക്ക് ചാടൂ. ചിലപ്പോൾ ഞാൻ അവനെ കബളിപ്പിക്കാൻ മാങ്ങക്കഷ്ണം ഒളിപ്പിക്കും; അപ്പോൾ അവൻ നിരാശപ്പെട്ട മുഖത്തോടെ എന്റെ കൈയിലേക്കും, പിന്നെ വീണ്ടും മരത്തിലേക്കും മാറിമാറി നോക്കും.. “ഇവൾക്ക് ഇന്ന് കുറച്ച് കുസൃതി കൂടിയിരിക്കുന്നു” എന്നൊരു കുറ്റപ്പെടുത്തൽ നിറഞ്ഞ നോട്ടത്തോടെ. ഞാൻ ചിരിച്ചു ചോദിക്കും: “എന്താ അണ്ണാറക്കണ്ണാ, ഇന്ന് പിണക്കമാണോ? എന്താ എത്ര ഗൗരവം?” അവൻ മറുപടി പറയില്ലെങ്കിലും, വാൽ വേഗത്തിൽ ഇളക്കി എന്റെ തമാശയ്ക്ക് ഒപ്പം ചിരിക്കുന്നതുപോലെ തോന്നും.
 

ഒത്തിരി ബോറടിയ്ക്കുന്ന ശനിയാഴ്ചകളിലെ ഞങ്ങളുടെ മറ്റൊരു വിനോദമായിരുന്നു. ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ വല്യപ്പച്ചൻ മയങ്ങുമ്പോൾ പച്ചമാങ്ങാ പറിയ്ക്കാനായി കല്ലും കവണയും ഒക്കെയായി പോകുന്നത്. ഞങ്ങളുടെ കല്ലേറിൽ പൊട്ടിയ പശുക്കൂടിന്റെ ഓടൊക്കെ ആരും കാണാതെ പാത്തു വച്ച് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന വ്യാജേന ഞങ്ങൾ നടന്നു പോകുമ്പോൾ പപ്പയുടെ സ്വരം കേൾക്കാം പുറകിൽ നിന്നും.. ഞാൻ കണ്ടു കേട്ടോ” എന്ന്. അപ്പച്ചനോട് പറയെല്ലെന്നു പപ്പയെ സോപ്പിട്ടു കയ്യിൽ കിട്ടിയ പച്ചമാങ്ങ പറിച്ച് കയ്യിൽ തിരുമ്മി, അതിന് മേൽ ഉപ്പും ചുവന്ന മുളകുപൊടിയും വിതറി കഴിക്കുന്നതിലുണ്ടായിരുന്ന ആ രുചി.. അതൊരു ഉത്സവമായിരുന്നു. പല്ല് കടിക്കുമ്പോൾ ചാടുന്ന പുളിയും കണ്ണു നിറയ്ക്കുന്ന മുളകും ഒരുമിച്ച്. മുഖം ചുളിയുമ്പോഴും ചിരി ഒളിപ്പിക്കാനാവില്ല. “ഇതാ നോക്ക്, എനിക്ക് കിട്ടിയത് കൂടുതൽ പുളിയാ!” എന്ന് പറഞ്ഞ് പരസ്പരം താരതമ്യം ചെയ്യും. അണ്ണാറക്കണ്ണൻ അപ്പോഴും മുകളിലിരുന്ന് നോക്കും .. ഞങ്ങളുടെ ഉത്സാഹം അവനുമൊരു കളിയായിരുന്നു.
 

കൂട്ടുകാർ, ആങ്ങളമാർ, പപ്പയുടെ സഹോദരങ്ങളുടെ മക്കൾ എല്ലാവരും കൂടി മാവിൽ കയറി, ആരാണ് ആദ്യം പഴുത്ത മാമ്പഴം കണ്ടെത്തുന്നതെന്ന് മത്സരിക്കും. അണ്ണാറക്കണ്ണൻ മാത്രം ഞങ്ങളെയൊക്കെ നോക്കി ഇരിക്കും. അവന് മത്സരമൊന്നും വേണ്ട. അവന് അറിയാമായിരുന്നു.. മാമ്പഴക്കാലം അവന്റെതാണെന്ന്. ചിലപ്പോഴൊക്കെ അവൻ പകുതി തിന്ന മാങ്ങ താഴേക്ക് വീഴും. അത് ഞങ്ങൾ തമ്മിൽ പങ്കിടും. “ഇത് അണ്ണാറക്കണ്ണൻ തന്ന സമ്മാനം” എന്ന് പറഞ്ഞ് ഞാൻ അതിനെ സൂക്ഷിച്ചു കഴിക്കും.  വല്യപ്പച്ചൻ ചിരിച്ച് പറയും: “നിനക്ക് അണ്ണാറക്കണ്ണനോടാണ് കൂടുതൽ സ്നേഹം.” മഴ പെയ്തു തീർന്ന ഉടനെ മാമ്പഴക്കാലം മറ്റൊരു രൂപം എടുക്കും. മണ്ണിൽ നിന്ന് ഉയരുന്ന ആ ഈർപ്പമുള്ള ഗന്ധം ഇന്നും ഓർമ്മയിൽ ഉണ്ട്. കാറ്റ് ഒന്നു വീശിയാൽ മാവിൻകൊമ്പുകൾ ഒന്നിച്ച് കുലുങ്ങും. അപ്പോൾ ഞങ്ങളുടെ ഹൃദയവും.

വൈകുന്നേരം, വല്യമ്മച്ചി  അടുക്കളയിൽ പഴമാങ്ങക്കറി ഒരുക്കും. മാവിൻപഴുത്ത മാങ്ങകൾ അരിഞ്ഞ്, തേങ്ങയും ജീരകവും അരച്ച്, ചൂടോടെ കറിയിൽ ചേർക്കും. അടുപ്പിൽ നിന്ന് ഉയരുന്ന ആ മണം മുറ്റം മുഴുവൻ പടരും. ചോറിനൊപ്പം പഴമാങ്ങക്കറി കിട്ടുന്ന ദിവസം വീട്ടിൽ ഒരു നിശ്ശബ്ദ സന്തോഷമുണ്ടാകും. “ഇത് മാമ്പഴക്കാലത്തിന്റെ കറിയാ,” എന്ന് വല്യമ്മച്ചി പറയും. അന്ന് അതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലായിരുന്നില്ല. ഇന്ന് മനസ്സിലാകുന്നു.. അത് ഒരു കാലത്തിന്റെ രുചിയായിരുന്നു. അതിനേക്കാളും രുചിയായിരുന്നു ഉപ്പിലിട്ട മാങ്ങാക്കറിയ്ക്കു എന്ന് പറഞ്ഞാലും പരിഭവിയ്ക്കാനാവില്ല.. 
 

ഒരു ദിവസം വൈകുന്നേരം, എവിടെ നിന്നോ ഒരു ശക്തമായ കാറ്റ് വീശി. മാവിൻകൊമ്പുകൾ ഒന്നിച്ച് കുലുങ്ങി, ഇലകൾ ശബ്ദത്തോടെ വിറച്ചു, പിന്നെ… മാങ്ങകളുടെ ഒരു മഴ പോലെ നിലത്തേക്ക് വീഴൽ തുടങ്ങി. മൃദുവായ മണ്ണിൽ എന്ന് വീഴുന്ന ആ ശബ്ദം കേട്ടതുമാത്രം മതി.. ഞങ്ങൾ എല്ലാവരും കുട്ടിക്കൂട്ടമായി മുറ്റത്തേക്ക് ഓടിയിറങ്ങും. കൈയിൽ കുട്ടിക്കൂടകൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ, ചിലപ്പോൾ ഷാൾ തന്നെ ചുരുട്ടി തൊട്ടിലാക്കി, “ആദ്യം എടുക്കുന്നത് എന്റേതാ!” എന്ന വിളികളോടെ ചിതറിയോടും. ചിരിയും നിലവിളിയും കലർന്ന ഒരു ചെറിയ ഉത്സവമായിരുന്നു അത്. അയൽവാസികളുടെ കുട്ടികളും മതിൽ ചാടി എത്തും.. മാങ്ങ മോഷ്ടിക്കാനല്ല, സന്തോഷം പങ്കിടാനെന്ന പോലെ. ആരൊക്കെയോ ഒളിച്ചോടും, ആരൊക്കെയോ പിടിക്കപ്പെടും, പക്ഷേ ഒടുവിൽ എല്ലാവരും ഒരേ മാവിൻചുവട്ടിൽ ഇരുന്ന് കൊയ്യപ്പെട്ട മാങ്ങകൾ പങ്കിടും. അണ്ണാറക്കണ്ണൻ മുകളിലിരുന്ന് ആ മുഴുവൻ തിരക്കും ആവേശവും നോക്കി ഇരിക്കും.. ഞങ്ങൾ മനുഷ്യർ അവന്റെ ലോകത്ത് അതിഥികളാണെന്ന് ഓർമ്മിപ്പിക്കുന്നതുപോലെ.

ഓർമകളുടെ പഴയ വീട്ടുമുറ്റത്ത് ഞാൻ വീണ്ടും നിന്നു. കാലം കുറെ മുന്നോട്ടുപോയിട്ടുണ്ടായിരുന്നെങ്കിലും, മാവിൻചുവട്ടിലെ മണ്ണിന് ഇപ്പോഴും എന്റെ ബാല്യത്തിന്റെ ചൂടുണ്ടായിരുന്നു. മാവിന്റെ തണ്ടിൽ കൈവെച്ച നിമിഷം, മറന്നുപോയ സ്പർശങ്ങൾ തിരികെ വന്നു.. പച്ചമാങ്ങയുടെ പുളിയും, ചിരിയുടെ മുഴക്കവും, വേനൽക്കാലത്തിന്റെ മന്ദമായ കാറ്റും. അപ്പോഴാണ് കൊമ്പിന്മേൽ ഒരു ചെറിയ ചലനം കണ്ടത്. ഒരു അണ്ണാറക്കണ്ണൻ. അതേ കണ്ണുകൾ. അതേ കുസൃതി. ഒരു നിമിഷം, വർഷങ്ങൾ എല്ലാം ഉരുകി; ഞാൻ വീണ്ടും ആ കുട്ടിയായി.. മാവിൻചുവട്ടിൽ ഇരുന്ന്, മാങ്ങക്കഷ്ണം കൈയിൽ പിടിച്ച്, ലോകത്തെ മുഴുവൻ സ്നേഹത്തോടെ നോക്കുന്ന ആ പഴയ ഞാൻ.
 

ഇന്ന് ഞാൻ തിരിച്ചറിഞ്ഞു... മാമ്പഴക്കാലം വെറും ഒരു കാലമല്ല. അത് ഓർമ്മകളുടെ രുചിയാണ്. ഉപ്പും മുളകും ചേർന്ന പച്ചമാങ്ങ പോലെ പുളിയും മധുരവും കലർന്ന അനുഭവം. പഴമാങ്ങക്കറിയുടെ മണം പോലെ കാലത്തിന്റെ അടുക്കളയിൽ വേവിച്ച ഒരു സ്മൃതി. അണ്ണാറക്കണ്ണനെ പോലെ, ശബ്ദമില്ലാതെ മനസ്സിൽ ഒളിച്ചിരിക്കുന്ന എന്റെ ബാല്യത്തിന്റെ കാവൽക്കാരൻ. ഇന്നും വേനൽവെയിൽ മൃദുവായി തൊടുമ്പോൾ, എവിടെയോ ഒരു മാവിൻചുവട്ടിൽ നിന്ന് ആ പഴയ ചിരി വീണ്ടും എന്നെ വിളിക്കുന്നതുപോലെ തോന്നുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക