Image

ആമ്പൽപ്പൂ മണമുള്ള ക്ലാസ്സ്മുറികൾ (ബാല്യകാല സ്മരണകൾ: ഷാജുമോൻ ജോസഫ് ന്യൂ ജേഴ്‌സി)

Published on 08 February, 2026
ആമ്പൽപ്പൂ മണമുള്ള ക്ലാസ്സ്മുറികൾ (ബാല്യകാല സ്മരണകൾ: ഷാജുമോൻ ജോസഫ് ന്യൂ ജേഴ്‌സി)

മാമ്പഴക്കാലം  തീരാറായി. കളിക്കൂട്ടുകാരായ സോമനും, ജോർജ്കുട്ടിയും മാവിൻചുവട്ടിൽ എത്തിയിട്ടുണ്ട്. ഊഞ്ഞാൽ ആടാം, കളിവീട്ടിൽ കളിക്കാം. ബഹളം വക്കാതിരുന്നാൽ അണ്ണാറക്കണ്ണൻ വന്ന് മാമ്പഴം വീഴ്ത്തിത്തരും.
അടുക്കളവശത്തെ ഇറയത്ത്‌ സുമതിയമ്മ എത്തിയിട്ടുണ്ട്. ചക്ക വെട്ടിത്തരുവാൻ വന്നതാണ്. മുറിച്ചെടുത്ത ചേർപ്പുകളിൽ നിന്നും ചക്കച്ചുള ഒരു മുറത്തിലേക്കു ചേർത്തിടും. പിന്നെ ചകിണിയും കുരുവും വേർതിരിക്കും. സഹായത്തിന് അമ്മയും ഉണ്ട്.
അടുത്ത ആഴ്ച സ്കൂൾ തുറക്കുന്നതും, അതിനു മുന്നേ എന്നെ സ്കൂളിൽ ചേർക്കുന്നതുമൊക്കെയാണ് സംസാര വിഷയം.
സ്കൂളിൽ ചേർക്കുന്നതിന്റെ സന്തോഷം കൂട്ടുകാരോട് പങ്കുവെക്കുവാൻ ഞാൻ മാവിൻചുവട്ടിലേക്ക് ഓടിച്ചെന്നു.
‘എന്നെ നാളെ സ്കൂളിൽ ചേർക്കുമല്ലോ!’
“എങ്ങനെയാണ് ചേർക്കുന്നത്?. ചക്ക ചേർക്കും പോലെയാണോ?”. സോമന് സംശയമായി.
“ഉം ചക്ക ചേർക്കും പോലെ ചേർക്കും. എന്നെ കഴിഞ്ഞ കൊല്ലം അങ്ങനെയാണ് ചേർത്തത്”.
ജോർജ് ഇത് പറഞ്ഞപ്പോൾ എനിക്ക് പേടിയായി.
“അപ്പോൾ വേദനിക്കില്ലേ” സോമൻ ആരാഞ്ഞു.
“ഉം വേദനിക്കും". ജോർജ് ഉറപ്പിച്ചു.
“ചോര വരില്ലേ?” സോമന് വീണ്ടും സംശയം.
“ചക്ക മുറിക്കുമ്പോൾ മുളഞ്ഞി വരില്ലേ? അതുപോലെ കുറച്ചു ചോര വരും. ഹെഡ് മാസ്റ്റർ മരുന്ന് പുരട്ടി വച്ചുകെട്ടും".
ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്കു തിരികെ ഓടി.
അമ്മ കാര്യം തിരക്കി.
‘എന്നെ സ്കൂളിൽ ചേർക്കേണ്ട. ചക്ക ചേർക്കും പോലെ ചേർക്കുമെന്ന് ജോർജ് പറഞ്ഞു'.
അമ്മ കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു തന്നു. എന്നെ സമാധാനിപ്പിക്കുവാൻ ജോർജിനെ ശകാരിക്കുകയും ചെയ്തു.
ആശാൻകളരിയിലെ അടിയും, ആശാന്റെ ഉച്ചത്തിലുള്ള ശകാരത്തിന്റെ നടുക്കവും ഇതുവരെ മാറിയിട്ടില്ല. അപ്പോഴാണ് സ്കൂളിലെ ചക്ക ചേർക്കുമ്പോലത്തെ ഒരു ചേർക്കൽ!.
കുറച്ചൊക്കെ ആശങ്കയോടെയാണ് സ്കൂളിൽ ചേരുവാൻ പോയത്. എന്നാൽ അവിടെ അദ്ധ്യാപകരെല്ലാം നല്ല സ്നേഹത്തോടെയായിരുന്നു പെരുമാറിയത്. പല സാറന്മാരും നേരത്തെ പള്ളിയിൽ വച്ച് അറിയാവുന്നവർ. പാഠപുസ്തകം ചേർന്ന ദിവസം തന്നെ സ്കൂളിൽ നിന്നും ലഭിച്ചു.
പുസ്തകത്തിന് നല്ലൊരു പുതുമണം ഉണ്ടായിരുന്നു. ആദ്യത്തെ പേജിൽ തന്നെ അമ്മ കുട്ടിയെ എടുത്തുകൊണ്ടിരിക്കുന്ന നല്ല വർണ്ണാഭമായ ചിത്രം. പിന്നെ ആന, ആമ, ഇല, ഈച്ച, ഉറി, ഊഞ്ഞാൽ. ഒരു കുരങ്ങൻ ഊഞ്ഞാലാടുന്ന ചിത്രമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. പുസ്തകം ആർക്കും കൊടുക്കാതെ സ്കൂൾ തുറക്കുന്നത് വരെ കാത്തുവെച്ചു.
ജൂൺ ഒന്ന് അടുത്തുകൊണ്ടിരിക്കുന്നു. സ്ലേറ്റും, കല്ലുപെൻസിലും,കുടയും, തുണികൊണ്ടുള്ള തോൾസഞ്ചിയും വാങ്ങിയിട്ടുണ്ട്. സഞ്ചിക്ക് മഞ്ഞ നിറത്തിൽ തൂങ്ങിക്കിടക്കുന്ന ലേസുകൾ ഉണ്ടായിരുന്നു. തോൾസഞ്ചിയുടെ വള്ളിക്കു നീളക്കൂടുതൽ ആയതിനാൽ അപ്പനോ മറ്റോ ഇടക്കൊരു കെട്ടിട്ടു വള്ളിയുടെ നീളം കുറച്ചു തന്നു. കാത്തിരുന്ന് കാത്തിരുന്ന് ജൂൺ ഒന്ന് ആയി. പുത്തൻ നിക്കറും, ഉടുപ്പും ധരിച്ചു, തോൾസഞ്ചിയും കഴുത്തിലിട്ട്, കുടയുമായി ഇറയത്തേക്ക് ഇറങ്ങിയപ്പോഴേക്കും ജോർജ് ഉൾപ്പടെയുള്ള ’കുട്ടിസംഘം’ പടിക്കൽ എത്തിയിരുന്നു.
പള്ളിയിലേക്ക് പോകുന്ന പരിചിതമായ വഴി തന്നെയാണ്. എങ്കിലും ചില കൂട്ടുകാരെക്കൂടി സംഘടിപ്പിക്കുവാനായി ഇടവഴികളും, തൊണ്ടുകളും, പറമ്പുകളും, തോടിന് കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലവുമെല്ലാം താണ്ടിയാണ് സ്കൂളിൽ എത്തുന്നത്.
സ്കൂളിന്റെ വാതിൽക്കൽത്തന്നെ ‘അമ്മായി സാർ’ നിൽക്കുന്നുണ്ടായിരുന്നു. (ടീച്ചേഴ്സിനെയെല്ലാം സാർ എന്നാണ് അക്കാലത്തു ഞങ്ങളുടെ നാട്ടിൽ വിളിച്ചിരുന്നത്)
അമ്മായി സാർ ഞങ്ങളുടെ പള്ളിയിലെ അച്ചന്റെ ഭാര്യയും കൂടാതെ അമ്മയുടെ ഒരു അകന്ന ബന്ധുവും കൂടിയാണ്.
അമ്മായിസാറാണ് ഞങ്ങളുടെ ക്ലാസ്ടീച്ചർ. പേര് വിളിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ഹാജർ എന്ന് പറയണം. പിന്നെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
മിക്ക കുട്ടികളും പള്ളിയിൽ വച്ചും, പിന്നെ പള്ളിയിലേക്ക് പോകുമ്പോൾ വഴിക്കുമൊക്കെവച്ചും കണ്ടു പരിചിതരാണ്. മറ്റു പെൺകുട്ടികളെക്കാളും വ്യത്യസ്ഥമായ വേഷം ധരിച്ച ഒരു കുട്ടിയെ ക്ലാസ്സിൽ ഞാൻ ശ്രദ്ധിച്ചു.
ആമിനാ അക്ബർ എന്ന് വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു നിന്ന് ഹാജർ പറഞ്ഞു.
നീളത്തിലുള്ള പാവാടയും, പ്രത്യേക തരം കുപ്പായവും, ക്രിസ്ത്യാനി പെൺകുട്ടികൾ പള്ളിയിൽ പോകുമ്പോൾ ധരിക്കുന്നതു പോലുള്ള ഒരു തട്ടവും ആയിരുന്നു അവളുടെ വേഷം.
പേരിലെ കൗതുകം പോലെ തന്നെ ഒരു സുന്ദരിക്കുട്ടി. കാതുകളിൽ നൃത്തം വെക്കുന്ന ജിമ്മിക്കി. മേൽക്കാതിൽ മോതിരങ്ങൾ. (ഞങ്ങളുടെ വല്യമ്മയുടെ മേൽക്കാതുകളിൽ അങ്ങനത്തെ ഓരോ മോതിരങ്ങൾ കണ്ടിട്ടുണ്ട്)

പുതുതായി സ്ഥലം മാറിവന്ന പഞ്ചായത്തു ഓഫീസറുടെ മകളാണ് ആമിനയെന്ന് പിന്നീട് മനസ്സിലായി.
കുറച്ചു കഴിഞ്ഞപ്പോൾ ‘വെളിക്ക്’ വിട്ടു. ഇടവേളയ്ക്കു വെളിക്കു വിടുക എന്നാണ് പറഞ്ഞിരുന്നത്.
രണ്ടിലേയും, മൂന്നിലെയുമൊക്കെ കുട്ടികളെ ഞങ്ങളും അനുഗമിച്ചു. ചിലരൊക്കെ തൊണ്ടിലും മറവിലുമൊക്കെ പോയി മൂത്രമൊഴിച്ചു.
ആൺകുട്ടികൾ ഗോലിയും, കള്ളനും പോലീസുമൊക്കെ കളിച്ചു.
പെൺകുട്ടികളുടെ പ്രധാന വിനോദം കൊത്തൻ കല്ലുകളിയും, ഒറ്റക്കാലിൽ ചാട്ടവും, വള്ളിയിൽ ചാട്ടവുമൊക്കെ ആയിരുന്നു.
ആരോ കൊണ്ടുവച്ചിരിക്കുന്ന സൈക്കിളിന്റെ വീല് കറക്കുന്നു ചിലർ. വീല് സ്പീഡിൽ കറക്കിയിട്ടു കമ്പിയിൽ ഉണങ്ങിയ പ്ലാവില പിടിക്കുമ്പോൾ പട പട എന്ന ശബ്‌ദം കേൾക്കും. ചിലർ തുരു തുരാ സൈക്കിളിന്റെ മണിയടിക്കും. ഇതൊക്കെ കണ്ടുകൊണ്ട് ഞാനും അടുത്തുകൂടി. സൈക്കിളിന്റെ ഉടമസ്ഥൻ വന്നപ്പോഴേക്കും എല്ലാവരും ഓടി.
സ്കൂളിനോട് ചേർന്നുള്ള ഒരു ചാർത്തിൽ ആയിരുന്നു ഉപ്പുമാവ് ഉണ്ടാക്കുന്നത്. ഡാൽഡയിൽ ഉള്ളിയും മുളകും വഴറ്റുന്നതിന്റെ നല്ല മണം വരുന്നു. അമേരിക്ക സ്കൂൾ കുട്ടികൾക്കായി ദാനം നൽകുന്ന നല്ല മഞ്ഞ നിറത്തിലുള്ള ചോളപ്പൊടിയും നെയ്യുമാണ് ഇത് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പ്രായം ചെന്ന അപ്പച്ചനും അമ്മച്ചിയും ആ ചാർത്തിൽ തന്നെ താമസിക്കുന്നു.സ്കൂളിലെ തൂപ്പുപണിയും അവർ തന്നെയാണ് ചെയ്തിരുന്നത്. വീടുകളിൽ അന്നൊന്നും ഉപ്പുമാവ് ഉണ്ടാക്കാറില്ല. ജോർജ് പറഞ്ഞു “ഈ ഉപ്പുമാവിന് നല്ല രുചിയാണ്. നമ്മുക്ക് ഉച്ചക്ക് വാങ്ങി കഴിക്കണം”.
ഇടവേള കഴിഞ്ഞു എന്നറിയിക്കുവാനുള്ള മണിയടിക്കുന്നതിനു തയ്യാറായി മുതിർന്ന ക്ലാസ്സിലെ ഒരു കുട്ടി കൊട്ടുവടിയും പിടിച്ചു ചേങ്ങലമണിയുടെ കീഴെ നില്പുണ്ടായിരുന്നു. അത് അടിക്കുന്നത് കാണുവാൻ എനിക്ക് ആകാംഷയായി.
ബെൽ അടിച്ചു. എല്ലാവരും ക്ലാസ്സിൽ കയറി. എന്തൊക്കെയോ കുറച്ചു നേരം സാർ സംസാരിച്ചു. പലതും എനിക്ക് മനസ്സിലായില്ല.
എല്ലാവരും എഴുന്നേറ്റു നിന്ന് സ്ലേറ്റും പെൻസിലും എടുത്ത് ‘അ’ ‘ആ’ അക്ഷരമാല മുഴുവനും എഴുതുവാൻ പറഞ്ഞു. ഇരിക്കുന്ന ബെഞ്ചിന്റെ മുന്നിൽ മറ്റൊരു ബെഞ്ച് ഇട്ടിട്ടുണ്ട്. അതിലാണ് പുസ്തകവും സഞ്ചിയുമെല്ലാം വക്കുന്നത്. സാറിന് മാത്രമേ മേശയും കസ്സേരയുമുള്ളൂ. ബെഞ്ചുകൾ നീളത്തിൽ ഇട്ടാണ് ക്ലാസ്മുറികൾ തിരിച്ചിരിക്കുന്നത്. എല്ലാം കൂടി കല പില ഒരു ബഹളം.
എന്റെ സ്ലേറ്റ് എടുത്തപ്പോൾ അത് നടുവേ പൊട്ടിയിരിക്കുന്നു. ഇടവേള സമയത്തു സഞ്ചി ആരോ തട്ടി താഴെയിട്ടതായിരിക്കും. എനിക്കാകെ സങ്കടമായി. കരഞ്ഞപ്പോൾ സാറ് വന്ന് കാര്യം തിരക്കി. പിന്നെ ആശ്വസിപ്പിച്ചു. കുട്ടികൾ പലരും ഓടിവന്നു. ആമിനയും ആകൂട്ടത്തിൽ ഉണ്ടായിരുന്നു. ആമിനാക്കും സങ്കടമായി.
‘അ’ എഴുതിയിട്ട് പിന്നെ ‘ആ' എഴുതുവാൻ പറ്റുന്നില്ല. വീണ്ടും കരച്ചിലിന്റെ വക്കിലെത്തി. ആമിന ‘ആ' എഴുതുവാൻ എന്നെ സഹായിച്ചു. അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരം കൂടിയാണല്ലോ.
ഒന്നാം ക്ലാസ്സിനും രണ്ടാംക്ലാസിനും ഉച്ചവരെ ആണ്. ക്ലാസ് കഴിഞ്ഞപ്പോൾ ഉപ്പുമാവ് വാങ്ങുന്നവർ ലൈൻ നിന്നു. ഞാനും പോയി ലൈനിൽ നിന്നു.കട്ടിയിൽ കഷണമായി മുറിച്ച ഉപ്പുമാവ് ഓരോ കഷണം കയ്യിൽ ആണ്  തരുന്നത്.
വിളമ്പുന്നിടത്തു സാറ് നോക്കി നിൽപ്പുണ്ട്. എന്റെ ഊഴയപ്പോൾ സാർ പതുക്കെ എന്നോടായി പറഞ്ഞു ഇത് ‘പാവങ്ങൾക്ക്' ഉള്ളതാണ്. ഒരു കഷണം എന്റെ കൈലേക്കു വിളമ്പുന്ന ആൾ തരുകയും ചയ്തു.
കുസൃതികൾ ഒന്നും കാണിക്കാതെ പാവമായിട്ട് ക്ലാസ്സിൽ ഇരിക്കഞ്ഞിട്ടാവും. എന്നാൽ നാളെമുതൽ ഒന്നുകൂടി പാവമായിട്ടു ഇരിക്കാമെന്നു കരുതി. ഉപ്പുമാവിന്റെ രുചി അത് വാങ്ങാതിരിക്കാൻ സമ്മതിക്കുന്നില്ല.
ഞാൻ വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു ഞാൻ കുസൃതി ഒന്നും കാണിക്കാതെ പാവമായിട്ടു തന്നെയാ ക്ലാസ്സിൽ ഇരുന്നത്. എന്നിട്ടും സാറ് പറഞ്ഞു ഇത് പാവങ്ങൾക്കാണെന്ന്.
അമ്മ അത് കേട്ട് ചിരിച്ചു. എന്നിട്ടു പറഞ്ഞുതന്നു സാറ് പാവങ്ങൾ എന്ന് പറഞ്ഞത് പാവപ്പെട്ടവരെയും പട്ടിണികിടക്കുന്നവരെയും കുറിച്ചിട്ടാണ് . പിന്നെ ഞാൻ ഉപ്പുമാവ് വാങ്ങുവാൻ പോയിട്ടില്ല.
സ്കൂൾ വിട്ട് വീട്ടിലേക്കു പോരുമ്പോൾ മറ്റു കൂട്ടുകാരോടൊപ്പം ആമിനയും ഉണ്ടാവും. പഞ്ചായത്തിന്റെ രണ്ടു വീട് അപ്പുറത്തു കുത്തുകല്ല് കയറി പോകുന്ന ഒരു വീട്ടിൽ ആയിരുന്നു ആമിന താമസിച്ചിരുന്നത്.ചിലപ്പോഴൊക്കെ സ്കൂളിലേക്ക് പോകുന്നതും ഞങ്ങൾ ഒരുമിച്ചായിരിക്കും.
വീട്ടിൽ ഉണ്ടാക്കുന്ന ചില പലഹാരങ്ങൾ പെൺകുട്ടികൾ സ്കൂളിൽ കൊണ്ടുവന്ന് കൂട്ടുകാർക്കു കൊടുക്കും. പിന്നെ നെല്ലിക്ക, ആഞ്ഞിലിച്ചക്കയുടെ കുരു വറുത്തത്, പുളിങ്കുരു വറുത്തത് ഇവയൊക്കെ സ്ഥിരം കൊണ്ടു വരും.
സ്ലേറ്റ് മായ്ക്കുന്നതിന് മരത്തിൽ വളരുന്ന ഒരു തരം ചെടിയുടെ കിഴങ്ങ്, തണ്ട് ഇവയൊക്കെ കുട്ടികൾ കൊണ്ടുവരുകയും വീതം വക്കുകയും ചെയ്യും.
കുത്തിവക്കുവാൻ ഉപയോഗിക്കുന്ന ഒഴിഞ്ഞ മരുന്നുകുപ്പിയുടെ റബ്ബർ അടപ്പു തുളച്ചു അതിലൂടെ ചെറിയ ട്യൂബ് ഇട്ട് കുപ്പിയിൽ വെള്ളം നിറച്ചു ആ ട്യൂബിലൂടെ ഒന്ന് രണ്ടു തുള്ളി വെള്ളം വീഴ്ത്തി സ്ലേറ്റ്മായ്ക്കുന്നവരും ഉണ്ടായിരുന്നു. കുപ്പിയിലെ വെള്ളത്തിൽ നിറമിളകുന്ന കടലാസ് കഷണങ്ങൾ ഇട്ട് വെള്ളത്തിന്റെ നിറം മാറ്റി കൊണ്ടുവരുന്ന വിരുതന്മാരും ഉണ്ട്.
പുഞ്ച വരമ്പിലൂടെ വരുന്ന പെൺകുട്ടികൾ പുഞ്ചയിൽ വളരുന്ന ഒരു തരം ചെടിയുടെ തണ്ട് പറിച്ചുകൊണ്ടുവന്ന് ഊതി വീർപ്പിച്ചു നെറ്റിയിലടിച്ചു പടക്കം പൊട്ടിക്കുമായിരുന്നു.
ആൺപിള്ളേർ പുഞ്ചക്കുളത്തിൽ നിന്നും ആമ്പൽപ്പൂവ് പറിച്ചു വലിയ കുപ്പിയിൽ വെള്ളം നിറച്ചു സാറിന്റെ മേശപ്പുറത്തു വയ്ക്കും.ചെറിയ പരൽ മീനുകൾ പിടിച്ചു കുപ്പിയിലെ വെള്ളത്തിൽ ഇടുന്നവരും ഉണ്ടായിരുന്നു. ആമ്പൽപ്പൂവിന്റെ മണം ക്ലാസ്സ്മുറി മുഴുവൻ നിറഞ്ഞു നിൽക്കും.
കോൽ ഐസ് വിൽക്കുന്നവർ സ്കൂളിന് താഴെ റോഡിൽ വന്നു നിൽക്കും. ഐസ് പെട്ടി സൈക്കിളിൽ വെച്ചുകെട്ടിയാണ് വരുന്നത്.
മിഠായി എല്ലാം തീർന്നുകഴിയുമ്പോൾ പെട്ടിക്കകത്തു അടുക്കിവച്ചിരിക്കുന്ന ഐസ് പാളി റോഡരുകിൽ കമിഴ്ത്തും. ആ ഐസ് പാളിയുടെ കഷണങ്ങൾക്കായി ഞങ്ങൾ എത്ര നേരവും കാത്തു നിൽക്കും.
വേനൽകാലമായാൽ പറമ്പുകളും, പാടങ്ങളും കയറിയിറങ്ങിയാണ് സ്കൂളിൽ പോക്ക്. കാണുന്ന മാവുകളുടെ ചുവടെല്ലാം നിരങ്ങും കണ്ണിമാങ്ങാ പെറുക്കാൻ.
പോകുന്ന വഴി ചിലപ്പോൾ വെളിച്ചപ്പാടിനെ (കോമരം) കാണും. അതായിരുന്നു ഏറ്റവും വലിയ പേടിസ്വപ്നം.
വെളിച്ചപ്പാടിന് തോളറ്റം വരെ നീണ്ടു കിടക്കുന്ന ചുരുണ്ട മുടി ഉണ്ട്..ചുവന്ന മുണ്ടാണ് ഉടുക്കുന്നത്. വേറൊരു ചുവന്ന മുണ്ട് അരയിൽ കെട്ടിയിരിക്കും. നെറ്റിയിലും, കഴുത്തിലും, കൈകളിലും, നെഞ്ചിലും കുറി വരച്ചിട്ടുണ്ടാവും. കൂടാതെ മേലാകെ ഭസ്മവും പൂശിയിരിക്കും . ആകെ ഭയപ്പെടുത്തുന്ന രൂപം.
കൈകളിൽ പാമ്പിന്റെ ഉടൽ പോലത്തെ വലിയ പിത്തള വളകൾ. വലംകൈയിൽ അരിവാൾ പോലത്തെ വലിയ കൊടുവാൾ. കുട്ടികളെ വെട്ടിക്കൊന്ന് ചോര കുടിക്കുമത്രേ!
ഞാനും സോമനും കൂടി സ്കൂളിലേക്ക് പോകുമ്പോൾ അതാ ദൂരെ നിന്നും വെളിച്ചപ്പാട് വരുന്നു. ഞങ്ങൾ ഉള്ള ജീവനുംകൊണ്ടോടി. തൊണ്ടു ചാടി പാപ്പാളിപ്പറമ്പിലെ വാഴത്തുറുപ്പിൽ കുറെ നേരം ശ്വാസമടക്കി ഒളിച്ചിരുന്നു. വെളിച്ചപ്പാട് പോയിക്കഴിഞ്ഞിട്ടും ഞങ്ങൾക്ക് പുറത്തിറങ്ങുവാൻ പേടിയായിരുന്നു. ഭാഗ്യത്തിന് ഞങ്ങളെ അറിയാവുന്ന ഒരു ചേട്ടൻ ആ വഴി വന്നു. പിന്നെ ആ ചേട്ടനാണ് ഞങ്ങളെ സ്കൂളിൽ ആക്കിയത്.
പന്ത്രണ്ടു മണിക്ക് സ്കൂൾ വിട്ടാൽ സാധാരണ വീട്ടിൽ എത്തുവാൻ അര മണിക്കൂർ മതി. എന്നാൽ കൂട്ടുകാരോടൊത്തു പോരുന്ന വഴിയിലുള്ള കാഴ്ചകളെല്ലാം കണ്ടും കേട്ടും വീട്ടിലെത്തുമ്പോൾ രണ്ടുമണിയെങ്കിലും ആകും. താമസിക്കുന്നതിൽ മാതാപിതാക്കൾ വ്യാകുലപ്പെടാറില്ല. അതൊക്കെ നാട്ടിൻപുറങ്ങളിൽ സാധാരണമാണ്.

ആന തടി വലിക്കുന്നത് അല്ലെങ്കിൽ ആനയെ തോട്ടിൽ കുളിപ്പിക്കുന്നത് അതുമല്ലെങ്കിൽ ലോറിയിലേക്ക് തടി കയറ്റുന്നത് - ഇതൊക്കെയാവും കാഴ്ചകൾ.
പൊക്കത്തിൽ തട്ടിട്ട് അതിൽ വലിയ തടി കയറ്റിവെച്ച് ഒരാൾ തടിയുടെ മുകളിൽ കയറി നിന്നും മറ്റൊരാൾ താഴെ ഇരുന്നും നീളത്തിലുള്ള അറക്കവാൾ മുകളിലേക്കും താഴേക്കും വലിച്ചു തടി അറുക്കുന്നത് എത്ര നേരം നോക്കിനിന്നാലും മതിവരില്ല.
ഒന്നിലെ എല്ലാ കൂട്ടുകാരും രണ്ടിലും ഉണ്ടായിരുന്നു . മൂന്നില് ആയപ്പോൾ ഞങ്ങൾ കുറെ പേർ രാവിലത്തെ ക്ലാസ്സിലും, മറ്റുള്ളവർ ഉച്ചത്തെ ക്ലാസ്സിലുമായി തരം തിരിച്ചു. ആമിന ഉച്ചത്തെ ക്ലാസ്സിൽ ആയിരുന്നു. മൂന്നാം ക്ലാസ് കഴിഞ്ഞപ്പോൾ ആമിനയുടെ വാപ്പയ്ക്ക് സ്ഥലം മാറ്റമായി എവിടേക്കൊ പോയി.

       ഇപ്പോൾ പഞ്ചായത്തുപടിയിലൂടെ യാത്ര ചെയ്യുമ്പോൾ അറിയാതെ ആമിന താമസിച്ചിരുന്ന വീട്ടിലേക്കു ഒന്നു  എത്തി നോക്കും. നീളൻ  പാവാടയും കുപ്പായവും തട്ടവുമിട്ട പെൺകുട്ടി ഓർമ്മയിലേയ്ക്ക് ഓടി എത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക