Image

45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം

Published on 08 February, 2026
45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം

45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. മലപ്പുറം പോലുള്ള വലിയ ജില്ലകളിൽ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. 

കേരളത്തിലെ വർധിച്ച ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും കണക്കിലെടുത്ത് ജില്ലകളുടെ പുനർനിർണയം ആവശ്യമാണെന്നും പ്രമേയത്തിൽ പറയുന്നു. ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിക്കുമ്പോൾ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 39 പാർലമെന്റ് മണ്ഡലങ്ങൾക്കായി 38 ജില്ലകളുള്ള തമിഴ്‌നാടിന്റെ മാതൃക കേരളത്തിന് പിന്തുടരാവുന്നതാണ്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിലൂടെ സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് കരുത്തേകുകയും ചെയ്യും. അതിനാൽ രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതിനായി മുന്നിട്ടിറങ്ങണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നേരത്തെ, കാന്തപുരം വിഭാഗവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്ര മലപ്പുറത്ത് എത്തിയപ്പോൾ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളായിരുന്നു ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രസ്താവന വായിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക