Image

തനിയെ ഓടും ശകടങ്ങൾ (സന്തോഷ് പിള്ള)

Published on 08 February, 2026
തനിയെ ഓടും ശകടങ്ങൾ   (സന്തോഷ് പിള്ള)

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ പട്ടണം നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന ഒരു പറുദീസയാകുന്നു. സിലിക്കൺ വാലിയിലുള്ള, അനേകം വിവര സാങ്കേതിക കമ്പനികളും, സ്റ്റാൻഫോർഡ്, ബെർക്കലി  എന്നീ സർവകലാശാലകളും പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഠിന പ്രയത്‌നം ചെയ്യുന്നു.

കഴിഞ്ഞ വർഷം അവിടെ എത്തിയപ്പോൾ ആയിരുന്നു "വെയ്മോ"(waymo) യിൽ യാത്ര ചെയ്തത്. നാല് ലിഡാർ, ആറ് റഡാർ, അനേകം ശബ്ദ റിസീവറുകൾ.  എല്ലാംകൂടി പോകുന്ന വഴിയുടെ മുഴുവൻ ചിത്രങ്ങളും എടുത്ത്  അപഗ്രഥിച്ച് തനിയെ ഓടുന്ന കാർ. 29 ക്യാമറകൾ ആണ് സുരക്ഷിത യാത്രയൊരുക്കുന്നതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യർ വാഹനം ഓടിക്കുമ്പോൾ നിരീക്ഷണം നടത്തുന്നത്  രണ്ടു കണ്ണുകൾ (ക്യാമറ ) ആണെന്നോർക്കുക .

തനിയെ തിരിയുന്ന സ്റ്റിയറിംഗ് വീൽ, കാൽനടക്കാർക്കും, സൈക്കൾ യാത്രക്കാർക്കും, മാറ്റുവാഹനങ്ങൾക്കുമെല്ലാം കടന്നുപോകുവാനായി നിറുത്തി കൊടുക്കുന്ന  കാർ,  ഇവയൊക്കെയാണ് അത്യധികം അത്ഭുതപ്പെടുത്തിയത്.

തനിയെ ഓടുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ സാൻഫ്രാൻസിസ്‌കോയിൽ പുതിയൊരു വണ്ടി കൂടി കടന്നുവന്നിട്ടുണ്ട്.

സൂക്സ് ( Zoox)  എന്നാണ് ഈ വണ്ടി അറിയപ്പെടുന്നത്. സ്റ്റിയറിങ് വീൽ ഇല്ലാത്ത, ചതുരാകൃതിയിൽ ഉള്ള വണ്ടിയിൽ 28 ക്യാമറകൾ ആണ് പ്രവർത്തിക്കുന്നത്. ബഞ്ച് സീറ്റുകളിൽ ഇരുന്ന്, മുഖാ മുഖം നോക്കി സംസാരിച്ചുകൊണ്ട് യാത്ര ആസ്വദിക്കുമ്പോൾ, ചലിക്കുന്ന ഒരു സ്വീകരണമുറിയിൽ ഇരിക്കുന്ന പ്രതീതി. വണ്ടിക്കുള്ളിലെ താപനില നിയന്ത്രിക്കുവാനും, ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുവാനും യാത്രക്കാർക്ക് സാധിക്കുന്നു. രാത്രിയാത്രകൾക്ക് ഹരം പകരാനായി മിന്നി മിന്നി തെളിയുന്ന നക്ഷത്രാലംകൃതമായ സീലിംഗ്. സുരക്ഷ പരീക്ഷണ ഓട്ടങ്ങളായതിനാൽ പണച്ചിലവില്ലാതെ “സൂക്സിൽ” ഇപ്പോൾ യാത്രചെയ്യാം എന്നതാണ് ഏറ്റവും രസകരമായ വസ്തുത.

ടെസ്‌ല (Tesla) യും, 8 ക്യാമറകൾ കൊണ്ട് തനിയെ ഓടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുവാൻ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റോബോ ടാക്സി എന്നറിയപ്പെടുന്ന വണ്ടികളിൽ ഡ്രൈവറെ വച്ചുകൊണ്ട് അവരുടെ “ഫുൾ സെൽഫ് ഡ്രൈവിംഗ്”  സാങ്കേതിക വിദ്യ പരിശോധിക്കുന്നു.  അടുത്തുതന്നെ തനിയെ സഞ്ചരിക്കുന്ന ടെസ്‌ല ടാക്സികൾ സാൻഫ്രാൻസിസ്‌കോയിൽ നമ്മൾക്ക്  കാണുവാൻ സാധിക്കും.

നിർമ്മിത ബുദ്ധി ലോക ക്രമം മാറ്റിമറിക്കുമ്പോൾ,  ഇനിയെത്ര അത്ഭുതങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്?  

പണ്ട് വയലാർ എഴുതിയതുപോലെ,

“ഈ യുഗം നിർമിക്കും  മനുഷ്യർ തിരുത്തും  വാഴ്വേ സത്യം, വാഴ്വേ സത്യം”

തനിയെ ഓടും ശകടങ്ങൾ   (സന്തോഷ് പിള്ള)
തനിയെ ഓടും ശകടങ്ങൾ   (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക