Image

“ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം - ഡോക്ടർ പി സി നായർ” (പുസ്തകപരിചയം: സുധീർ പണിക്കവീട്ടിൽ)

Published on 08 February, 2026
“ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം - ഡോക്ടർ പി സി നായർ” (പുസ്തകപരിചയം: സുധീർ പണിക്കവീട്ടിൽ)

എഴുത്തുകാരനും വിവർത്തകനും  ധനതത്വശാസ്ത്ര പ്രഫസ്സറുമായിരുന്ന  ഡോക്ടർ പി സി നായരുടെ “ഹെർമൻ ഹെസ്സേക്ക്‌ ഒരു ആമുഖം” എന്ന പുസ്തകം ഇയ്യിടെ വായിക്കാനുള്ള ഭാഗ്യമുണ്ടായി. ഹെർമൻ ഹെസ്സെയുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിനേക്കാൾ മലയാളികൾക്ക് പരിചയം അദ്ദേഹത്തിന്റെ മുത്തച്ഛൻ ഹെർമൻ ഗുണ്ടർട്ടിനെയാണ്. ഹെർമൻ ഹെസ്സേയെ കൂടുതലായി മലയാളികൾ അല്ലെങ്കിൽ ഭാരതീയർ ഓർമ്മിക്കുന്നത് അദ്ദേഹത്തിന്റെ "സിദ്ധാർത്ഥ" എന്ന നോവലിലൂടെയായിരിക്കും. പ്രസ്തുത പുസ്തകം ഹിന്ദി, സംസ്കൃതം, മലയാളം, പഞ്ചാബി, ഉറുദു, ഗുജറാത്തി, ബംഗാളി, മറാത്തി എന്നീ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഹെർമൻ ഹെസ്സെ എന്ന എഴുത്തുകാരനെപ്പറ്റി മലയാളികൾക്ക് പ്രത്യേകിച്ച് കൂടുതൽ അറിവുകൾ ഇല്ല. സാഹിത്യതല്പരരായ വിദ്യാർത്ഥികൾക്കും, വായനക്കാർക്കും ഹെർമൻ ഹെസ്സയെക്കുറിച്ച് അറിവുകൾ പകരുന്ന ഡോക്ടർ നായരുടെ പുസ്തകം സാഹിത്യലോകത്തിനു വളരെ പ്രയോജനകരമാകുമെന്നതിൽ സംശയമില്ല. ഹെർമൻ ഹെസ്സെയുടെ ജനനവും, മാതാപിതാക്കളും, പിന്നെ സാഹിത്യലോകത്തേക്കുള്ള കാൽവയ്പ്പും, അദ്ദേഹം ഭാഷക്ക് നൽകിയ സംഭവനനകളുംഅദ്ദേഹത്തിന്റെ  പ്രമുഖ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണവും നിരൂപണവും ഈ പുസ്തകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

സാഹിത്യപ്രേമികൾക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും വളരെ പ്രയോജനകരമായ രീതിയിലാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.  കേരള വിദ്യാഭ്യാസ പാഠ പദ്ധതി കമ്മിറ്റിക്കാർക്ക് ഈ പുസ്തകം മുതിർന്ന ക്‌ളാസ്സിലെ കുട്ടികൾക്ക് പഠിക്കാനായി ശുപാര്ശ ചെയ്യാവുന്നതാണ്. നോബൽ സമ്മാനാർഹമായ ഒരു എഴുത്തുകാരന്റെ പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വഭാവവിവരങ്ങളെക്കുറിച്ചും സമഗ്രമായി അറിയാൻ ഈ പുസ്തകം സഹായിക്കുന്നു. ഇത്തരം പഠനഗ്രൻഥങ്ങളുടെ പ്രാധാന്യം ഇത് പിൻ തലമുറക്ക് പ്രയോജനപ്പെടുന്നു എന്നതാണ്. എഴുത്തുകാരൻ   താൻ സൃഷ്ടി നടത്തുമ്പോൾ സൃഷ്ടിയിൽ അഭിമുഖീകരിച്ച പ്രശ്നങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ വിവരിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള പാണ്ഡിത്യപരമായ അപഗ്രഥനവും വിലയിരുത്തലും വായനക്കാർക്ക് കൃതിയെയും കൃതിയുടെ രചയിതാവിനെയും പരിചയപ്പെടാൻ വായനക്കാർക്ക് അവസരം നൽകുന്നതിൽ ഡോക്ടർ നായർ മികവ് പുലർത്തിയിരിക്കുന്നു. 
ഹെർമൻ കാൾ ഹെസ്സെ 2 ജൂലൈ 1877 -  ജർമ്മനിയിൽ ജനിച്ചു. (മരണം 9 ഓഗസ്റ്റ് 1962) പിതാവ് ജോഹാനസ് ഹെസ്സെ. അമ്മ മേരി ഗുണ്ടർട്ട്. ഇവരുടെ പിതാവാണ് മലയാളികൾക്ക് സുപരിചിതനായ ഹെർമൻ ഗുണ്ടർട്ട്.   ഹെർമൻ ഹെസ്സെയുടെ  സ്വഭാവവിശേഷങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ദൃഡനിശ്ചയങ്ങൾ. ഒരു മണിക്കൂർ എന്ന അദ്ദേഹത്തിന്റെ ഗദ്യരൂപത്തിലുള്ള പ്രഥമകൃതിയുടെ അച്ചടിച്ച അറുനൂറു കോപ്പികളിൽ വെറും മുപ്പത്തിയഞ്ച് കോപ്പികളാണ് വിറ്റഴിഞ്ഞത്. അതിൽ നിരാശപ്പെടാതെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഖ്യാതി നേടണമെന്നും അതിനായി അക്ഷീണം പരിശ്രമിക്കണമെന്നും അദ്ദേഹം തീരുമാനിക്കുന്നു.



ഇദ്ദേഹം ഒരു ജർമ്മൻ-സ്വിസ് കവിയും നോവലിസ്റ്റും കഥാകൃത്തും ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ ഡെമിയൻ, സ്റ്റെപ്പെൻ‌വുൾഫ്, സിദ്ധാർത്ഥ, നാർസിസ്സും ഗോൾഡ്മണ്ടും,  ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) എന്നിവയാണ്. 1946-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട നോവലാണ്'സിദ്ധാര്‍ത്ഥ. ഹെർമൻ ഹെസ്സെ എന്ന എഴുത്തുകാരനെ, വ്യക്തിയെ, അദ്ദേഹത്തിന്റെ കൃതികളെ  ഡോക്ടർ നായർ സമഗ്രം പഠിക്കുകയും മനസ്സിലാക്കുകയും  ചെയ്തതിനുശേഷം രചിച്ച ഈ പുസ്തകം വളരെ ജിജ്ഞാസയോടെ നമുക്ക്  വായിച്ചുപോകാം. ഒപ്പം നമ്മൾ ആ എഴുത്തുകാരനെ അത്ഭുതാവഹങ്ങളോടെ തിരിച്ചറിയുന്നു. ഓരോ അധ്യായവും എഴുത്തുകാരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, സാഹിത്യത്തിലേക്ക് എത്തപെടുന്നത്, കൃതികളും , ആദർശങ്ങളും, രചനാവൈഭവം എന്നിങ്ങനെ ക്രമമായി തയ്യാറാക്കിയതിനാൽ വസ്തുതകൾ എളുപ്പം ഗ്രഹിക്കാൻ സഹായകമാകുന്നുണ്ട്.
എഴുത്തുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും വിവരിക്കുമ്പോൾ ഡോക്ടർ നായർ പ്രകടമാക്കുന്ന അപഗ്രഥനപാടവവും, മനഃശാസ്ത്ര സമീപനവും ശ്രദ്ധാർഹമാണ്. ബാല്യത്തിൽ തന്നെ ഹെസ്സെ അസാധാരണമായ ഉത്സാഹവും തലക്കനവുമുള്ള ഒരു കുട്ടിയായായിരുന്നു എന്ന് രേഖപെടുത്തിയിട്ടുണ്ട്.  പഠനത്തിലോ അധ്യാപകരെ സമീപിക്കുന്നതിലോ ഒട്ടും താൽപ്പര്യവും കാണിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ഒരു ഒളിച്ചോട്ടവും നടത്തി. വീട്ടിലെ ദൈവീകമായ അന്തരീക്ഷം അദ്ദേഹത്തിന് ശ്വാസം മുട്ടിക്കുന്നതായിരുന്നു.  അദ്ദേഹം മതപഠനം വെറുത്തിരുന്നു. ദൈവം എനിക്കൊരു ഉന്മാദമാണ്,യേശുകൃസ്തു ഒരു മനുഷ്യൻ മാത്രം എന്ന് അദ്ദേഹം വീട്ടിലേക്ക് എഴുതി. ഒരു പക്ഷെ ഇത്തരം മാനസിക സംഘർഷങ്ങൾ അദ്ദേഹത്തെ ആത്മീയഅന്വേഷണത്തിന് വിധേയമാക്കിയെന്നു ഊഹിക്കാം.  ഭാരതീയ ദർശനങ്ങളിലേക്ക് അദ്ദേഹം ആകൃഷ്ടനായത് അതുകൊണ്ടായിരിക്കാം.
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ അധികവും കവിതകളായിരുന്നു. കാല്പനികത തുളുമ്പുന്ന കവിതകൾ. സ്നേഹവും മരണവും ഇഷ്ടവിഷയങ്ങളായിരുന്നു. അതുകൊണ്ട് കവിതകളിൽ ശോകഭാവം നിറഞ്ഞുനിന്നു. അദ്ദേഹത്തെ മലയാളികളുടെ പ്രിയ കവി ചങ്ങമ്പുഴയോട് ഉപമിക്കുന്നു ഡോക്ടർ നായർ.

ഹെർമൻ ഹെസ്സെയുടെ മുൻകാല രചനകൾ ജീവിതയാഥാർഥ്യങ്ങളോടുള്ള ഏറ്റുമുട്ടലുകളും  വിവാഹവും മൂലം കൂടുതൽ ജനകീയമായി എന്ന് ഡോക്ടർ  നായർ കണ്ടെത്തുന്നു. ഈ ആമുഖത്തിലൂടെ ഹെർമാൻഹെസ്സെ എന്ന എഴുത്തുകാരനെയും അദ്ദേഹത്തിലെ വ്യക്തിയെയും ഡോക്ടർ നായർ പരിചയപ്പെടുത്തുന്നുണ്ട്. യാഥാർഥ്യങ്ങളോട് സമരസപ്പെടുക അദ്ദേഹത്തിന് പ്രയാസമായിരുന്നു. വിവാഹജീവിതത്തിൽ പ്രവേശിപ്പിച്ചപ്പോൾ നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങളിൽ അതൃപ്‌തനായ അദ്ദേഹം ചെറുപ്പത്തിൽ ഒളിച്ചോടിയപോലെ ഒരു രക്ഷപ്പെടലിനു  ചിന്തിക്കുന്നതായി കാണാം. ഇതെല്ലാം അദ്ദേഹം തന്റെ കൃതികളിൽ വിഷയമാക്കി. സ്വന്തം വ്യക്തിത്വവും ജീവിതവും താൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്ക് നൽകുക ഹെർമൻ ഹെസ്സെയുടെ രീതിയായിരുന്നു  ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു ജീവിതം പഠിക്കുകയും അതെല്ലാം കലാസൃഷ്ടികളാക്കുകയും ചെയ്‌തു.. അദ്ദേഹത്തിന്റെ പ്രഥമ നോവൽ പീറ്റർ കാമിൻ സിഡ് എന്ന നോവലിലെ കഥാപാത്രം ഹെസ്സയെപോലെ  ഒരു കുന്നിൻചെരിവിൽ  ഏകാന്തതയിലിരുന്നു ചിന്തിക്കുന്നതിൽ ആനന്ദം  കണ്ടെത്തുന്നു. മറ്റുള്ളവരുടെ വേദനകൾ സ്വയം വേദനകളാക്കുന്ന പ്രകൃതം ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നു നമുക്ക് മനസ്സിലാക്കാം. ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോൾ തന്നെക്കാൾ പ്രായം കുറഞ്ഞവർ മരിച്ചുവീഴുന്നു എന്ന് മനസ്സിലാക്കി ഇദ്ദേഹം വിഷമിക്കുന്നുണ്ട്.

യാത്രകളിൽ അദ്ദേഹം ആശ്വാസം കണ്ടെത്തി. അങ്ങനെ ജർമനിയിലെ ഗയൻഹോഫനിൽ താമസിക്കുമ്പോൾ തിയോസൊഫി പഠിക്കുകയും അതിലൂടെ ഭാരതീയ ദർശനങ്ങളിലേക്ക് ആകൃഷ്ടനാവുകയും ചെയ്തു. 1922 ഇൽ പ്രസിദ്ധീകരിച്ച സിദ്ധാർത്ഥക്ക് മുന്നേ പത്തോളം പ്രമുഖമായ നോവലുകൾ അദ്ദേഹം എഴുതിയിരുന്നു. അവ യഥാക്രമം Peter Camenzind (1904),Beneath the Wheel (Unterm Rad) (1906),Gertrude (Gertrud) (1910),Rosshalde (1914)Knulp (1915), Demian (1919). ഇവയെക്കുറിച്ചുള്ള പഠനവും നിരൂപണവും ഈ കൃതിയിൽ ഡോക്ടർ നായർ വിശദീകരിക്കുന്നുണ്ട്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്റ്റെപ്പൻ വോൾഫ് പ്രസിദ്ധീകരിച്ചത് 1927 ഇൽ ആണ്. സിദ്ധാർത്ഥ എന്ന നോവലിൽ അദ്ദേഹത്തിനുണ്ടാകുന്ന മാനസികപരിവർത്തനമാണ് വിഷയം. മനുഷ്യന്റെ ആന്തരികലോകത്തെയും ആത്മീയ യാത്രയെയും സൂക്ഷ്മമായി ഇതിൽ പ്രതിപാദിക്കുന്നു,

നേരത്തെ സൂചിപ്പിച്ചപോലെ ഹെർമൻ ഹെസ്സെ എന്ന വിശ്വവിഖ്യാത എഴുത്തുകാരനെ, വ്യക്തിയെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം വായനക്കാർക്ക് മാത്രമല്ല സാഹിത്യവിദ്യാര്ഥികൾക്ക് ഏറെ സഹായകമാകും വിധമാണ് ഇതിന്റെ രചന നിർവഹിക്കപ്പെട്ടിരിക്കുന്നത്. ഓരോ പുസ്തകത്തെപ്പറ്റി പറയുമ്പോൾ അതിന്റെ ഇതിവൃത്തം, കഥയുടെ സമാപ്തി, സംഭവകാലം, പാത്രസൃഷ്ടി, ഭാഷ,  അന്തരീക്ഷം എന്നിവ  വളരെ സൂക്ഷ്മമായി അപഗ്രഥിച്ചു വിവരിക്കുന്നുണ്ട്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ സാഹിത്യപ്രസ്ഥാനങ്ങളായിരുന്നു യഥാതഥ്യം (റിയലിസം), കാല്പനികത (റൊമാന്റിസം) നാച്ചുറലിസം എന്നിവ. നാച്ചുറലിസം വാസ്തവത്തിൽ റിയലിസത്തിന്റെ ഒരു ശാഖയാണ്. നാച്ചുറലിസത്തിൽ കഥാപാത്രങ്ങൾ സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു അല്ലെങ്കിൽ അവരുടെ അതിജീവനത്തിനായി പോരാട്ടം നടത്തുന്നു. ഹെർമൻ ഹെസ്സെ പ്രസ്തുത രീതികൾ മുഴുവൻ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തെ കൂടുതലായി വ്യക്തിപരമായ സ്വഭാവത്തോട് കൂടിയ കൃതികളുടെ കർത്താവ് എന്ന് ഇനത്തിൽ പെടുത്താമെന്നു ഈ പുസ്തകത്തിന്റെ ഉപസംഹാരത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സിദ്ധാർത്ഥ എന്ന നോവലിലെ കഥാപാത്രത്തെ  ഹെസ്സെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ തന്നെ ആത്മസംഘർഷണങ്ങളിൽ നിന്നാണ് എന്ന് മനസ്സിലാക്കാം.  അദ്ദേഹത്തിന്റെ അസ്തിത്വപരമായ ഉത്കണ്ഠയും, ആത്മാന്വേഷണവും കഥാപാത്രത്തിലൂടെ സാക്ഷാത്കരിക്കയാണുചെയ്തിരിക്കുന്നത്. ജീവിതത്തെ ഒരു മാന്ത്രികന്റെ കാഴ്ചപ്പാടിലൂടെ ഹെർമൻ ഹെസ്സെ കാണാൻ ശ്രമിച്ചുവെന്ന് ഈ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു.
സാഹിത്യതത്പരരായ വായനക്കാർക്കും സാഹിത്യവിദ്യാർത്ഥികൾക്കും ഈ പുസ്തകം അറിവിന്റെ വാതായനങ്ങൾ തുറന്നിടുന്നു. കൂടുതൽ പുസ്തകത്തെക്കുറിച്ച് ഉപന്യസിക്കാതെ ഈ പുസ്തകം വായനകാരുടെ കൈകളിലേക്ക് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.

ശുഭം

Join WhatsApp News
Jayan varghese 2026-02-08 06:53:09
വിശ്വ സാഹിത്യത്തിലെ മുത്തുകൾ തിരഞ്ഞു കണ്ടെത്തലാണ് ഒരു സാഹിത്യ വിദ്യാർത്ഥിയുടെ ജീവിത നിയോഗം. അത് അവന്റെ ചിന്തകളെ പരിപോഷിപ്പിക്കുകയും ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യുന്നു.. അകത്തു രൂപപ്പെടുന്ന ആശയങ്ങളുടെ തള്ളിച്ചയിൽ പലപ്പോഴും അവനും പേന കയ്യിലെടുക്കുന്നു. വഴി കാട്ടിയേക്കാൾ വിശാലമായ വഴി ചിലപ്പോഴെങ്കിലും അവൻ വെട്ടിത്തുറക്കുന്നു. അവയാണ് കാലത്തെ അതിജീവിക്കുന്ന ക്ലാസിക്കുകൾ . ബഹുമാന്യനായ പി.സി. നായരെ പ്രചോദിപ്പിച്ച എഴുത്തു കാരനേയും കൃതികളെയും അദ്ദേഹം ഉൾക്കൊള്ളുന്നത് പോലെ ബഹുമാന്യനായ സുധീർ പണിക്ക വീട്ടിലിനെയും അവ സ്വാധീനിക്കുന്നു എന്നതിന് തെളിവായി വർത്തിക്കുന്നു ഈ ആസ്വാദനം. പ്രിയപ്പെട്ട സഹയാത്രികരെ, നാമറിയാതെ നമ്മെ ബന്ധിപ്പിക്കുന്ന സാഹിത്യത്തിന്റെ ഈ ചംക്രമണം നമുക്ക്‌ തിരിച്ചറിയാനാവുന്നുണ്ട് എന്നതിൽ അഭിമാനിക്കുന്നു. എല്ലാവര്ക്കും നന്ദി. ജയൻ വർഗീസ്.
Nainaan Mathullah 2026-02-08 07:24:24
Thanks Mr. Sudhir for the introduction. This is new knowledge for me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക