
ഒരു ഋതുകാലം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു
ഗർഭപാത്രത്തിന്റെ അടരുകൾക്കുള്ളിൽ നിന്നും
പെയ്തൊഴിഞ്ഞ ഓരോ തുള്ളി ചോരയിലും
ഒരു വസന്തകാലമായിരുന്നുവെന്ന തിരിച്ചറിവിന്റെ തീരത്തു
നിസ്സഹായായി ഞാൻ നിൽക്കെ
അവസാനതുള്ളി ചോരയും പെയ്തൊഴിയുമ്പോൾ
ഓർക്കുന്നു,
വസന്തഋതു കഴിഞ്ഞിരിക്കുന്നു.
ഇനി വരുന്നത് ചുട്ടുപൊള്ളുന്ന ഗ്രീഷ്മം.
അപ്പോഴും പ്രതീക്ഷയുടെ
സ്വർണ്ണചോപ്പ് പടർന്ന മേപ്പിൾ മരങ്ങളിൽ
ശരത്കാല സൂര്യന്റെ ചൂടേറ്റ്
ഇലകൾ പൊഴിഞ്ഞു തുടങ്ങും.
ചില്ലകളിൽ തീ പാറിത്തുടങ്ങുമ്പോൾ
ഹേമന്തം തന്റെ നരച്ച കുടയുമായെത്തും.
അരിച്ചിറങ്ങുന്ന തണുപ്പിൽ
പതുക്കെ പതുക്കെ
ഒരു സുഖനിദ്രയിലേക്ക് മടക്കം.
സ്വപ്നത്തിൽ
ഒരു അമ്മയുടെ
ഗർഭപാത്രത്തിന്റെ ഇരുട്ട്.
വേദനയോടെ പെയ്തൊഴിഞ്ഞ
ചോരത്തുള്ളികളെ
മറവിയിലേക്ക് തള്ളി
മനസ്സ് മന്ത്രിക്കുന്നു—
ഇനിയും വസന്തങ്ങളെ വരവേൽക്കാനൊരു പെണ്ണായി പിറന്നാൽ മതി!