
ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിയ്ക്കുന്നു.
സാമ്പത്തിക രംഗത്തു പിന്നോക്കം നിൽക്കുന്നതും അക്കാദമിക രംഗത്ത് മികച്ചതും കായികമേഖലയിൽ സജീവവുമായുള്ള കോളേജ് വിദ്യാർത്ഥികൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകുമെന്നു അന്തരാഷ്ട്ര വടം വലി മത്സരത്തിന്റെ ഉത്‌ഘാടന വേളയിൽ നടത്തിയ പ്രഖ്യാപനം പ്രവർത്തികമാക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു
ജനുവരി 12 നു കോട്ടയം സിഎംഎസ് കോളേജിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ സിഎംഎസ് കോളേജിലെ അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കോളേജ് പ്രിൻസിപ്പാൾ ഇൻ ജോർജ് ഡോ.അഞ്ജു സൂസൻ ജോർജിനു ടിസാക്ക് പ്രവർത്തകർ കൈമാറി. ഹൂസ്റ്റൺ സിഎസ്ഐ ഇടവക മുൻ വികാരി റവ. ബെന്നി തോമസ്, ടിസാക് മുൻ പിആർഓ ജിജു കുളങ്ങര, ആൽബിൻ സണ്ണി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.
ഈ മഹത്തായ സംരംഭത്തിന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഈ ഉദ്യമം വിജയിപ്പിക്കാൻ ശ്രമിച്ച സിഎംഎസ് കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. അഞ്ജു സൂസൻ ജോർജിനെ ഭാരവാഹികൾ നന്ദി അറിയിച്ചു.
ഭാവിയിൽ കൂടുതൽ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിന് ടിസാക് പദ്ധതികൾ ആവിഷ്ക്കരിച്ചു വരുന്നുവെന്ന് ടിസാക്ക് ഭാരവാഹികൾ അറിയിച്ചു.