Image

ഫോമാ തിരഞ്ഞെടുപ്പ്: ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും

രേഷ്മ രഞ്ജൻ Published on 07 February, 2026
ഫോമാ തിരഞ്ഞെടുപ്പ്:  ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും

ഫോമായുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധി സ്ഥാനങ്ങളിലേക്ക് ആറു മേഖലകളിൽ നിന്ന് ആറു വനിതാ നേതാക്കൾ നേരത്തേ തന്നെ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കുന്നു. സാധാരണയായി ഫോമായിലെ വനിതാ പ്രതിനിധി സ്ഥാനങ്ങൾ മത്സരമില്ലാതെയാണ് തീരുമാനിക്കാറുള്ളത്. ഇത്തവണ ആറു വനിതാ നേതാക്കൾ മുൻകൂട്ടി സന്നദ്ധത അറിയിച്ചതോടെ, പുതിയ സ്ഥാനാർഥികൾ രംഗത്തെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ.

ഫോമായുടെ ചരിത്രത്തിൽ  നാഷണൽ കമ്മിറ്റി അംഗങ്ങളായും വനിതാ പ്രതിനിധികളായും പ്രവർത്തിച്ച വനിതാ നേതാക്കൾ ശക്തമായ അടയാളമാണ് പതിപ്പിച്ചിട്ടുള്ളത്. കേരളത്തിലെയും അമേരിക്കൻ മലയാളി സമൂഹത്തിലെയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉപകാരപ്പെടുന്ന നിരവധി സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക പദ്ധതികൾക്ക് ഇവരുടെ നേതൃത്വം വഴിയൊരുക്കിയിട്ടുണ്ട്.

ഇത്തവണത്തെ കാലയളവിൽ, ആറു വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആറു വനിതാ നേതാക്കളാണ് ഒരുമിച്ച് ഫോമായുടെ ദേശീയ വേദിയിലെത്തുന്നത്. വെസ്റ്റേൺ ഹോളിവുഡ് മേഖലയിൽ നിന്ന് സെൽബി കുര്യാക്കോസ്, വെസ്റ്റേൺ മൗണ്ടൻ മേഖലയിൽ നിന്ന് അപർണ ബീന, സതേൺ ഡാലസ് മേഖലയിൽ നിന്ന് ഷേർളി ജോൺ, സെൻട്രൽ മേഖലയിൽ നിന്ന് ആഗ്നസ് മാത്യു,  അറ്റ് ലാർജ് റീജിയനിൽ നിന്ന് ഡോ. ഷാനോജ  നായിക് , ഗ്രേറ്റ് ലേക്സ് മേഖലയിൽ നിന്ന് സുമിനി ജോർഡാൻ എന്നിവരാണ് വനിതാ പ്രതിനിധി സ്ഥാനങ്ങളിലേക്ക് മുന്നോട്ടുവന്നിരിക്കുന്നത്.

വ്യത്യസ്ത തൊഴിൽമേഖലകളിൽ നിന്നുള്ള അനുഭവസമ്പത്തും, പ്രാദേശിക നേതൃത്വപരിചയവും ഈ ആറു നേതാക്കളെ പ്രത്യേകതയാർന്നവരാക്കുന്നു. മേഖലകളുടെ വൈവിധ്യവും കാഴ്ചപ്പാടുകളുടെ സമന്വയവും ഫോമായുടെ വനിതാ നേതൃത്വത്തെ കൂടുതൽ ശക്തമാക്കുമെന്ന് സംഘടനയ്ക്കുള്ളിൽ തന്നെ വിലയിരുത്തപ്പെടുന്നു.

ഈ ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം, ഫോമായിൽ സ്ത്രീകളുടെ നേതൃത്വത്തിന് ലഭിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെയും തുടർച്ചയുടെയും സൂചനയായാണ് കണക്കാക്കപ്പെടുന്നത്. അറിവോടെയും ഉൾക്കൊള്ളലോടെയും ലക്ഷ്യബോധത്തോടെയും സ്ത്രീശാക്തീകരണം മുന്നോട്ടുകൊണ്ടുപോകാനുള്ള പുതുമയുള്ള പ്രതിബദ്ധതയാണ് ഇവർ ഒന്നിച്ച് പ്രതിനിധീകരിക്കുന്നത്.

മികച്ച ലക്ഷ്യങ്ങളും പ്രവർത്തനപാരമ്പര്യവുമായി രംഗത്തു  വന്നിരിക്കുന്ന വനിതാ സ്ഥാനാർത്ഥികൾ ഫോമായുടെ ഭാവിക്കു മുതല്കൂട്ടാകുമെന്നതിൽ തർക്കമില്ലെന്ന് ടീം പ്രോമിസ് സ്ഥാനാർഥികളായ  മാത്യു വർഗീസ് (പ്രസിഡന്റ്), അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ) , ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്) , രേഷ്‌മ രഞ്ജൻ (ജോയിൻറ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ ചൂണ്ടിക്കാട്ടി .

ഫോമാ തിരഞ്ഞെടുപ്പ്:  ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും
ഫോമാ തിരഞ്ഞെടുപ്പ്:  ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും
Join WhatsApp News
ഫോമൻ 2026-02-07 15:56:28
ഇങ്ങനെ ഒരു ന്യൂസ് കൊടുത്തത് കൊണ്ട് ഇനി ആരും വരണ്ട എന്നാണോ?! കോക്കസ് ബിനാമികളെ എന്നുമുതലാണ് വനിതാ നേതാക്കന്മാർ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. റിയൽ വനിതാ നേതാക്കൾ രംഗത്ത് എത്തുന്നതോടെ കടുത്ത മത്സരത്തിലേക്ക് പോകാനാണ് സാധ്യത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക