Image

നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം; പിണറായിയുടെ മൂന്നാമൂഴത്തിന് തടയിടാന്‍ യു.ഡി.എഫും എന്‍.ഡി.എയും (എ.എസ് ശ്രീകുമാര്‍)

Published on 07 February, 2026
നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം; പിണറായിയുടെ മൂന്നാമൂഴത്തിന് തടയിടാന്‍ യു.ഡി.എഫും എന്‍.ഡി.എയും (എ.എസ് ശ്രീകുമാര്‍)

രാഷ്ട്രീയ കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേയ്ക്കമരുകയാണ്. മൂന്ന് മുന്നണികളും ആവേശോജ്വലമായ പ്രചാരണത്തിന്  തുടക്കമിട്ടിരിക്കുന്നു. ഹാട്രിക് ഭരണം എന്ന ചരിത്രനേട്ടമാണ് ഇടതുമുന്നണി ലക്ഷ്യമിട്ടിരിക്കുന്നത്. ക്ഷേമവികസന പദ്ധതികള്‍ വോട്ടാകുമെന്ന് തന്നെ എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. രണ്ട് തവണയും കൈവിട്ട ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരത്തില്‍ ബിജെപി മേയര്‍ എന്ന നേട്ടമാണ് ബി.ജെ.പി മുന്നണിയായ എന്‍.ഡി.എയുടെ പ്രതീക്ഷയുടെ കാതല്‍.

കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വര്‍ഷം മേയ്, ജൂണ്‍  മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാര്‍ച്ചില്‍ റംസാന്‍ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാല്‍ ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. കേരളത്തിന് പുറമെ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കും. ഒറ്റഘട്ടമായിരിക്കും എന്നാണ് സൂചന. വിജ്ഞാപനങ്ങള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി, പോളിംഗ്, വോട്ടെണ്ണല്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പതിനാറാമത് നിയമസഭ മേയ് പകുതിയോടെ നിലവില്‍ വരും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. മുഖ്യമന്ത്രി യു.ഡി.എഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാമെന്നും സതീശന്‍ പരിഹസിച്ചു. തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര' വി.ഡി.സതീശനാണ് നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്. വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ കാസര്‍ഗോഡ് കുമ്പളയില്‍ നിന്നാണ് തുടമിട്ടത്. വടക്കന്‍ മേഖലയില്‍ ജാഥ നയിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. തെക്കന്‍ മേഖല ജാഥ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മധ്യ മേഖല ജാഥ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയും നയിക്കുന്നു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കു 30 ശതമാനം വോട്ടിലധികം ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളില്‍ എന്തു വിലകൊടുത്തും വിജയം ഉറപ്പാക്കാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മണ്ഡലങ്ങളില്‍ ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുണ്ടാകുമെന്ന് നിതിന്‍ നബിന്‍ ചൂണ്ടിക്കാട്ടി. ഇതിന് അനുസരിച്ചുള്ള തന്ത്രങ്ങളാവും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുക.നിതിന്‍ നബിന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

ഇടതു മുന്നണി ഹാടിക് വിജയം പ്രതീക്ഷിക്കുമ്പോള്‍ സി.പി.എം മൂന്നാം വട്ടവും പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനാണ് കളമൊരുക്കുന്നത്.  പിണറായിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരം പിടിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് എല്‍.ഡി.എഫിന് മുന്നിലുള്ളത്. എന്നാല്‍ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ മുന്നണിക്ക് മറികടക്കേണ്ടതുണ്ട്. വികസന നേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയും ചര്‍ച്ചയാക്കി വോട്ട് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. യുവനേതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ പരിപാടികളും മുന്നണി ആസൂത്രണം ചെയ്യുന്നുണ്ട്. 2026-ലെ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടതു മുന്നണിയെ നയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഘടകകക്ഷികളായ സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം) എന്നിവരുമായി ചേര്‍ന്നാണ് സി.പി.എം മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

വിഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയവും ഭരണവിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ ആകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയ്ക്കുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുമാണ് യു.ഡി.എഫിന് എപ്പോഴും വിനയാകുന്നത്. ഇത് മറികടക്കാന്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ നേരത്തെ തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വി.ഡി സതീശനാണ് ഐക്യജനാധിപത്യ മുന്നണിയെ നയിക്കുന്നത്. മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടി നേതൃത്വവുമായി കൂട്ടായ പ്രവര്‍ത്തനത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

കേരളത്തില്‍ ബി.ജെ.പി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ നേടിയ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലുകളും കേന്ദ്ര പദ്ധതികളുടെ പ്രചാരണവും ക്രൈസ്തവ വോട്ടുകളില്‍ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

എന്‍.ഡി.എ വലിയ ആത്മവിശ്വാസത്തോടെയാണ് മത്സരരംഗത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയതലത്തിലെ മാറ്റങ്ങളും മുന്നണിക്ക് വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്കും സഹചുമതല കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കുമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം തന്നെയാണ് എന്‍.ഡി.എ ഉയര്‍ത്തുന്നത്. ബി.ഡി.ജെഎസിനൊപ്പം ട്വന്റി 20-യും മുന്നണിയിലേക്കെത്തിയത് ചില മണ്ഡലങ്ങളില്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6-നാണ് നടന്നത്. മേയ് 2-ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടന്നു. നിലവില്‍ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകള്‍ കൂടുതല്‍ കരസ്ഥമാക്കി 99 സീറ്റുകളുമായി അധികാരം നിലനിര്‍ത്തി. 1982-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടര്‍ച്ചയായി വിജയിക്കുന്നത് ആദ്യമായിരുന്നു. 2016-നെ അപേക്ഷിച്ച് 6 സീറ്റ് കുറവോടെ ബാക്കിയുള്ള 41 സീറ്റുകള്‍ യു.ഡി.എഫ് നേടി. എേന്‍.ഡി.എക്ക്  നിയമസഭയില്‍ നിലവിലുണ്ടായിരുന്ന ബി.ജെ.പിയുടെ ഏക സീറ്റും നഷ്ടപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക